തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ യുവതിയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത കേസില്‍ പ്രസ്താവനയുമായി വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വര്‍ക്ക് ഓഫ് വിമിന്‍ ഇന്‍ മീഡിയ(എന്‍.ഡബ്‌ള്യൂ.എം.ഐ.). 2019-ല്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലും പ്രതിയായ ഇയാള്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് അപലപനീയമാണെന്നും സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചുള്ള നീതി നിര്‍വ്വഹണം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും എന്‍.ഡബ്‌ള്യൂ.എം.ഐ. ആവശ്യപ്പെട്ടു. കേസിലെ പോലീസ് നടപടി വേഗത്തിലാക്കണമെന്നും എന്‍.ഡബ്‌ള്യൂ.എം.ഐ. പ്രസ്താവനയിൽ വ്യക്തമാക്കി.

To advertise here,

എന്‍.ഡബ്‌ള്യൂ.എം.ഐ. പുറത്തിറക്കിയ പ്രസ്താവന
അഞ്ച് വര്‍ഷം മുന്‍പ് മാധ്യമപ്രവർത്തകയുടെ വീട്ടില്‍ കയറി സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരേ വീണ്ടും അതീവഗുരുതരമായ പരാതി വന്നിരിക്കുകയാണ്. രാധാകൃഷ്ണൻ നടുറോഡില്‍ വെച്ച് ഒരു സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി ആംഗ്യം കാണിച്ച ശേഷം അവര്‍ പ്രതികരിച്ചപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെട്ടെന്നുമാണ് കന്റോണ്‍മെന്റ് പോലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നത്. ഐപിസി സെക്ഷൻ 354 A ചുമത്തി പ്രതി ചേർത്താണ് പോലീസ് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

2019-ല്‍ മാധ്യമപ്രവർത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് സദാചാര ആക്രമണം നടത്തിയ കേസില്‍ കോടതി വിചാരണ നേരിടുന്ന ആളാണ് രാധാകൃഷ്ണന്‍. വനിതാ മാധ്യമപ്രവര്‍ത്തകരുടെ നിരന്തര സമരത്തെ തുടര്‍ന്ന് ഇയാളെ കുറച്ച് കാലത്തേക്ക് പ്രസ് ക്ലബ്ബില്‍ നിന്ന് പുറത്താക്കിയെങ്കിലും തിരുവനന്തപുരത്തെ ചില മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയോടെ അയാള്‍ പ്രസിഡന്റ് ആയി തുടരുകയാണ്.

ഇതില്‍ പ്രതിഷേധിച്ച് വലിയൊരു വിഭാഗം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പ്രസ് ക്ലബ് വിട്ടിട്ട് കാലങ്ങളായി. എന്‍.ഡബ്‌ള്യൂ.എം.ഐ. നിരവധി സമരങ്ങൾ നടത്തിയിട്ടും ഒരു വലിയവിഭാഗം പുരുഷ മാധ്യമപ്രവർത്തകരുടെ പിന്തുണയിൽ പ്രസ് ക്ലബ് പ്രസിഡന്റ് ആയി തുടരുന്നുവെന്ന് മാത്രമല്ല അയാളുടെ ക്രിമിനൽ പ്രവൃത്തികൾക്ക് അതൊരു പ്രോത്സാഹനവുമായി മാറുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു.

2019-ലെ കേസിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനമായ കേരള കൗമുദി രാധാകൃഷ്ണനെ പുറത്താക്കിയിരുന്നു. എന്നിട്ടും മാധ്യമപ്രവർത്തകന്റെ വ്യാജമേലങ്കിയണിഞ്ഞ് പ്രസ് ക്ലബ് നേതൃസ്ഥാനത്തിരുന്ന് ഗുരുതര കുറ്റകൃത്യങ്ങൾ തുടരുകയാണ് രാധാകൃഷ്ണൻ.

ഇത്ര കാലം കഴിഞ്ഞും പ്രസ് ക്ലബും തിരുവനന്തപുരത്തെ വലിയൊരു മാധ്യമ സമൂഹവും ഇത്രയും ഗുരുതര കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുകയും പ്രസ് ക്ലബ് പ്രസിഡന്റ് സ്ഥാനം നല്‍കി ആദരിക്കുകയും ചെയ്യുന്നത് യാതോരു വിധത്തിലും പൊറുക്കാനാവുന്നതല്ല.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്ത് രാധാകൃഷ്ണൻ ഇനിയും തുടരുന്നത് മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യതക്ക് ഭംഗമേല്‍പിക്കുന്ന കാര്യമാണ്.

കേസിലെ നടപടി പോലീസ് വേഗത്തിലാക്കണമെന്ന് വനിതാ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ എന്‍.ഡബ്‌ള്യൂ.എം.ഐ. ആവശ്യപ്പെടുകയാണ്. ഈ വിഷയത്തില്‍ നീതി നിര്‍വ്വഹണം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് ഇനിയെങ്കിലുമുണ്ടാകണമെന്നും രാധാകൃഷ്ണനെ പുറത്താക്കണമെന്നും എന്‍.ഡബ്‌ള്യൂ.എം.ഐ. ആവശ്യപ്പെടുകയാണ്. ഇയാൾക്കെതിരെ പരാതി കൊടുക്കാനും നിയമനടപടികളുമായി മുന്നോട്ടുപോകാനും ആർജ്ജവം കാണിച്ച സ്ത്രീകൾക്ക് എന്‍.ഡബ്‌ള്യൂ.എം.ഐ.യുടെ ഐക്യദാർഢ്യം.