കോഴിക്കോട്: അസാധാരണവും അവിശ്വസനീയവുമായിരുന്നു ആ പോരാട്ടം. ഒരു ബിഷപ്പിനെതിരേ ബലാത്സംഗപരാതിയുന്നയിച്ച് ഒരു കന്യാസ്ത്രീ നടത്തിയ പോരാട്ടം. ഒറ്റപ്പെടുത്തലും ഭീഷണിയും പ്രലോഭനങ്ങളും ഏറെയുണ്ടായിട്ടും അവരും സഹപ്രവർത്തകരായ കുറച്ച് കന്യാസ്ത്രീകളും പിന്മാറിയില്ല. ഇന്നവർ അതിജീവനത്തിനുള്ള മറ്റൊരു പോരാട്ടത്തിലാണ്. ഭക്ഷണവും വസ്ത്രവും മരുന്നുമെല്ലാം തടയപ്പെട്ട് മഠത്തിലെ ജീവിതം വഴിമുട്ടിയപ്പോൾ കൂട്ടായത് തയ്യൽ. അതിൽനിന്നിപ്പോൾ പുതിയൊരു വസ്ത്രബ്രാൻഡുമായി എത്തുകയാണ് ഈ സഹോദരിമാർ. തീപ്പൊരിപ്പോരാട്ടം നടത്തിയ കന്യാസ്ത്രീകളുടേത് ശരിക്കും ഒരു ഫയർ ബ്രാൻഡാണ് -'സ്റ്റാൻഡ് ബൈ മി'.
ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ പോരാടിയ റാണിറ്റ്, ആൽഫി, അൻസിറ്റ എന്നിവർമാത്രമേ കുറവിലങ്ങാട് മഠത്തിൽ ഇപ്പോഴുള്ളൂ. പിന്തുണച്ചിരുന്ന അഞ്ചുപേരിൽ മൂന്നുപേർ അവഗണന സഹിക്കാനാവാതെ സന്ന്യാസജീവിതം അവസാനിപ്പിച്ച് മടങ്ങി. എതിർഭാഗത്തുണ്ടായിരുന്ന 12 പേർ മറ്റൊരിടത്തേക്ക് മാറി.
2023-ലാണ് ഇവരുടെ ആനുകൂല്യങ്ങളെല്ലാം നിർത്തലാക്കിയത്. ''അഞ്ച് പൈസ കൈയിലില്ലാതെ എങ്ങനെ ജീവിക്കുമെന്നായി ചിന്ത. കന്യാസ്ത്രീകളിൽ എം.എസ്.ഡബ്ല്യു. കഴിഞ്ഞ രണ്ടുപേർ ഇന്റേൺഷിപ്പിന് ശ്രമിച്ചെങ്കിലും എല്ലാ സ്ഥാപനങ്ങളും ഒഴിഞ്ഞുമാറി. ജോലി എളുപ്പമല്ലെന്ന് അതോടെ മനസ്സിലായി. ആർക്കും ഇറക്കിവിടാനാവാത്ത ഒരു ജോലി എന്ന ചിന്തയാണ് തയ്യലിൽ എത്തിച്ചത്'' -സിസ്റ്റർ റാണിറ്റ് പറഞ്ഞു.
''പലരുടെയും സഹായത്തോടെ തയ്യൽ മെഷീൻ കിട്ടി. പണ്ട് പഠിച്ച തയ്യൽ അറിവുവെച്ച് മറ്റു രണ്ടുപേരെയും പരിശീലിപ്പിച്ചു. നൈറ്റി, ചുരിദാർ ടോപ്പ്, കോ-ഓർഡ് സെറ്റ്, ബാഗ്, ടേബിൾ മാറ്റ്, റണ്ണറുകൾ എന്നിവയെല്ലാം ചെയ്യാൻ തുടങ്ങി. ഇപ്പോൾ അഞ്ച് മെഷീനുകളും എംബ്രോയ്ഡറി, ലോക്കിങ് മെഷീനുകളുമുണ്ട്. രണ്ട് ജീവനക്കാരെയും നിയമിച്ചു. ഗുണമേന്മയേറിയ തുണിയിൽ വ്യത്യസ്തമായ ഉത്പന്നങ്ങളെന്നതാണ് പ്രത്യേകത.'' -റാണിറ്റ് തുടർന്നു.
ബെംഗളൂരുവിലും തിരുവനന്തപുരത്തും നടത്തിയ പ്രദർശനവിൽപ്പന വിജയമായിരുന്നു. കോഴിക്കോട്ട് ആസ്പിൻ കോർട്ട്യാർഡ്സിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന എക്സിബിഷനുള്ള ഒരുക്കത്തിലാണിവർ. വിമെൻ ഓൺട്രപ്രണർ നെറ്റ്വർക്ക്(വെൻ) കാർണിവൽ 'പറുദീസ'യുടെ ഭാഗമായാണ് പ്രദർശനം.
Content Highlights: Nuns who fought against Bishop Franco Mulakkal launched a new clothing brand named 'Stand By Me'., Facing isolation and withdrawal of financial benefits in 2023, they turned to tailoring for survival., They now produce nighties, churidar tops, co-ord sets, bags, and table accessories with growing success.
Published: 30 Aug 2026, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented