
ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി നാച്വറലിസ്റ്റായി പ്രവര്‍ത്തിച്ച് പരിചയമുള്ള, വന്യജീവികളുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട പുസ്തകങ്ങളഴുതിയ ഡേവിഡ് രാജുവാണ് ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍
മധ്യപ്രദേശിലെ കന്ഹ ദേശീയോദ്യാനത്തില്‍ ഏതാണ്ട് പതിനഞ്ച് വര്‍ഷത്തോളം നാച്വറലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നല്ലോ. വയനാടാണ് നിലവില്‍ താങ്കളുടെ പ്രവര്‍ത്തന മേഖല. നാച്വറലിസ്റ്റ് എന്ന മേഖലയെ കുറിച്ച് അതിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കാമോ.
Also Read
സഞ്ചാരികളെ കാട്ടില്‍ കൊണ്ടുപോയി മൃഗങ്ങളെ കാണിക്കുകയും കാട് പരിചയപ്പെടുത്തുകയുമാണ് നാച്വറലിസ്റ്റിന്റെ ജോലി. ഇതുതന്നെയല്ലേ ഗൈഡും ചെയ്യുന്നതെന്ന് തോന്നാം. ആര്‍ക്കും ഗൈഡാവാം. താജ്മഹലിനെപ്പറ്റി അതിന്റെ ചരിത്രം പഠിച്ചാല്‍ നമുക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റും. പക്ഷേ, നാച്വറലിസ്റ്റുകള്‍ പൊതുവെ പ്രകൃതിയോട് താത്പര്യം തോന്നി വരുന്നവരാണ്. ഇംഗ്ലീഷ് സാഹിത്യം പഠിച്ച ശേഷം താത്പര്യം കൊണ്ടാണ് ഞാൻ ഇതിലേക്ക് വന്നത്. കടുവ പുലിയ തുടങ്ങിയയ മൃഗങ്ങൾ ചിത്രശലഭഹ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏത് ജീവികളെ കുറിച്ച് ചോദിച്ചാലും അത്യാവശ്യം നന്നായി ധാരണയുണ്ടാവണം. ധാരണ മാത്രമല്ല അതിനെ കുറിച്ച് വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ കൂടി കഴിയുന്നവരാണ് നാച്വറലിസ്റ്റുകള്‍. ഇന്ത്യയിലാദ്യമായിട്ട് നാച്വറലിസ്റ്റിന് പരിശീലനം കൊടുത്ത കമ്പനിയാണ് താജ് സഫാരീസ്. ആഫ്രിക്കയില്‍ നിന്നുള്ള റേഞ്ചേര്‍സ് വന്ന് 14 മാസം നീണ്ടു നില്ക്കുന്ന പരിശീലനം അവർ ഞങ്ങൾക്ക് തന്നിരുന്നു. അന്ന് ഇന്റന്‍സീവ് ആയ ട്രെയിനിങ് ആയിരുന്നു. 22 പേരെ ഇന്ത്യയില്‍ നിന്നുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണിച്ച് റിയാലിറ്റി ഷോ പോലെ പല പരീക്ഷകളിലൂടെ കടന്നു പോയി ഞങ്ങള്‍ ഏഴ് പേരാണ് പാസ്സായത്.
മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ ധാരാളമായി നമ്മള് വാര്‍ത്തകളില്‍ കേള്‍ക്കുന്നു. കാടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ ഏറ്റവും വലിയ റിസ്ക് എന്ന് പറയുന്നത് വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണമാണ്. അത്തരത്തിലുള്ള വലിയ എന്‍കൗണ്ടേര്‍സ് നേരിട്ടിട്ടുണ്ടോ എപ്പോഴെങ്കിലും.
90 ശതമാനം ആക്രമണങ്ങളും നമ്മുടെ അശ്രദ്ധക്കുറവ് കൊണ്ട് പറ്റുന്നതാണ് . ഞാനും മൂന്ന് സുഹൃത്തക്കളും കൂടി തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ പക്ഷി നിരീക്ഷണത്തിന് പോയിരുന്നു. മൂന്ന് മണി, നാലു മണിയോടടുത്ത് തിരിച്ചു വരുമ്പോള്‍ വഴിയിലാകെ നല്ല ആനച്ചൂരുണ്ടായിരുന്നു. അവിടെയുള്ള ആനകള്‍ അല്പം പ്രശ്നക്കാരാണ്. പല സന്ദര്‍ഭങ്ങളില്‍ ആനകളെ ഓടിക്കുകയൊക്കെ ചെയ്തിരുന്നു. ശ്രദ്ധിക്കണമെന്ന് സുഹൃത്ത് സുധീഷ് പറഞ്ഞിരുന്നെങ്കിലും സ്കൂളിലെ വലിയ ഓട്ടക്കാരനായിരുന്നു ഞാനെന്ന വീമ്പൊക്കെ പറഞ്ഞ് നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആനയുടെ മുന്നില്‍ വന്ന് പെടുന്നത്. 50 മീറ്റര്‍ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിന്നം വിളിച്ചുകൊണ്ട് ആന ഞങ്ങള്‍ക്കുനേരെ പാഞ്ഞടുത്തു. ഓടിക്കോ എന്ന പറഞ്ഞ് ആദ്യം ഓടിയത് സുധീഷ് ആണ്. പിന്നാലെ ഞങ്ങളും. കാടിനുള്ളിലേക്കുള്ള ഓട്ടത്തിനിടയില്‍ എനിക്ക് കാലില്‍ മസില് കയറി. സുഹൃത്തുക്കളെല്ലാം എന്നെയും ചുമന്നുകൊണ്ടാണ് പിന്നീടോടിയത്.
ഓടാന്‍ പറ്റിയത് കൊണ്ട് രക്ഷപ്പെട്ടതാണോ അതോ ആന വേണ്ടെന്ന് വെച്ചതാണോ..
ആന ഒരാളെ കൊല്ലണമെന്ന് തീരുമാനിച്ചാല്‍ ആര്‍ക്കും രക്ഷപ്പെടാനാവില്ല. രക്ഷപ്പെടുന്ന പലതും ആനകള്‍ നടത്തുന്ന മോക്ക് ചാര്‍ജ്ജിങ് ആണ്. ആന ശരിക്കും ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ എത്ര വേഗത്തിലോടിയാലും രക്ഷപ്പെടാനാവില്ല.
വളരെ ശ്രദ്ധയോടെ കാണേണ്ട ജീവിയാണ് ആന. ശക്തനാണ്, മദം പൊട്ടാം. പക്ഷേ, കരടി പൊതുവെ വളരെ അഗ്രസ്സീവ് ആണെന്ന് കേട്ടിട്ടുണ്ട്. കരടിയുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടോ എപ്പോഴെങ്കിലും.
കരടിയുടെ അഞ്ച് വിരലുകളിലും നല്ല നീളമേറിയ നഖങ്ങളുണ്ട്. ഉറുമ്പുകളെ തപ്പി വലിയ പാറയൊക്കെ ഒറ്റത്തട്ടിന് അവര്‍ മറച്ചിടുന്നത് കണ്ടിട്ടുണ്ട്. കരടികള്‍ക്ക് കാഴ്ച കുറവാണ്. കണ്ണിന്റെ മുന്നിലൊക്കെ നിറയെ രോമങ്ങളുള്ളത് ഇവര്‍ക്ക് കാഴ്ചാ പരിമിതിയുണ്ടാക്കും. ഇവരെപ്പോഴും മണത്തുകൊണ്ടാണ് നടക്കുന്നത്. ഇവരുടെ പ്രൈമറി ഡയറ്റെന്നത് ചിതലും ഉറുമ്പുമാണ്. അപ്പോള്‍ ഇത് മണത്തു നടക്കുമ്പോള്‍ ചുറ്റുപാടുമുള്ളതൊന്നും ഇവര്‍ ശ്രദ്ധിക്കില്ല. നടന്നു പോകുമ്പോള്‍ പെട്ടെന്ന് മനുഷ്യരെ കണ്ടാല്‍ പേടിച്ചിട്ടാണ് ഇവര്‍ ആക്രമിക്കുന്നത്.. രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് മുന്നില്‍ കാണുന്നയാളുടെ മുഖം മാന്തിപ്പറിക്കുന്നത്. ഭീകരമാണത്. പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍ പോലും ശരിയാവാത്ത രീതിയില്‍ മുഖം ആയിപ്പോവും. എങ്കിലും ജീവന് ബാക്കിയുണ്ടാവും. എന്നാല്‍ ആനയുടെ മുന്നില്‍പെട്ടാല്‍ 90 ശതമാനവും മരണം ഉറപ്പാണ്. ആന ആക്രമിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ കാടുകളില്‍ കരടിയെയല്ല പേടിക്കേണ്ടത്. ആനയെയാണ്.

കരടിയുമായി ഒരു എന്‍കൗണ്ടര്‍ ഉണ്ടായിട്ടില്ലായിരുന്നോ.
മധ്യപ്രദേശിലെ സത്പുര നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് ആക്രണത്തിന്റെ വക്കില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിമനോഹരമായ കാടാണ്. ഇന്ത്യയില്‍ കാല്‍നട സഫാരി അനുവദിച്ചിട്ടുള്ള ഏക പാര്‍ക്കാണത്. ലോകത്തെ എല്ലാ നാച്വറലിസ്റ്റുകളുടെയും ഗുരുവായി കണക്കാക്കുന്ന ഡേവിഡ് ആറ്റന്‍ബറോയുടെ അനന്തരവളായ ഏമി ആറ്റന്‍ബറോ സത്പുര കാണാന്‍ വന്നിട്ടുണ്ടായിരുന്നു. ഞാനും വേറൊരാളും കൂടെയുണ്ടായിരുന്നു. കരടി, പുലി തുടങ്ങിയ മൃഗങ്ങള്‍ ആക്രമിക്കാന്‍ വന്നാല്‍ എല്ലാവരും കൂടെ ചേര്‍ന്ന് നിന്ന് കൈ ഉയര്‍ത്തിക്കാണിച്ച് ഒച്ചയുണ്ടാക്കണമെന്ന നിര്‍ദേശം ഞങ്ങള്‍ സഫാരിക്കു മുമ്പ് തന്നെ പൊതുവെ കൊടുക്കാറുണ്ട്. കരടി പാഞ്ഞടുക്കുമ്പോള്‍ അവയെ നേരിടുന്നത് വലിയൊരു മൃഗമാണെന്ന് അവയെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ പണി ചെയ്യുന്നത്.
സഫാരിക്കായി അരക്കിലോമീറ്റര്‍ നടന്നപ്പോള്‍ ചെറിയൊരു നീര്‍ത്തടത്തില്‍ നിന്ന് വെള്ളം കുടിച്ച് കരടി കയറിപ്പോകുന്നത് ഞങ്ങള്‍ കണ്ടു. കരടി ഞങ്ങളെ കണ്ടില്ല. പക്ഷേ, കരടിയെ ഞങ്ങൾക്ക് നന്നായി കാണാന്‍ പറ്റി. 50 മീറ്റര്‍ അപ്പുറത്തേക്ക് കരടി നടന്നുപോയി. നല്ല ഒരു ദൃശ്യം കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാം. നേരത്തെ കരടി വെള്ളം കുടിച്ചതിന്റെ സമീപത്തേക്കെത്തിയപ്പോഴാണ് ഈ കരടിക്കൊപ്പം എപ്പോഴും ഒരു കുഞ്ഞുമുണ്ടാവാറുണ്ടല്ലോ എന്ന് പെട്ടെന്ന് ഞങ്ങളോര്‍ത്തത്. കുളത്തിന്റെ അടുത്തെത്തിയപ്പോഴാണ് കുഞ്ഞ് വെള്ളം കുടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേക്കും അമ്മക്കരടി ഞങ്ങളുടെ അടുത്തേക്ക് കാറിക്കൊണ്ട് വന്നു. ഞാന്‍ ഗസ്റ്റിനോടും ഗൈഡിനോടുമെല്ലാം പെട്ടെന്ന് 20 മീറ്റര്‍ പുറകോട്ട് മാറി നില്ക്കാന് പറഞ്ഞു. എന്നിട്ട് ഒരുമിച്ച് കൂടി നിന്ന് കൈ ഉയര്‍ത്തി നിന്നു. അപ്പോഴേക്കും കുഞ്ഞുക്കരടി അമ്മക്കരടിയുടെ അടുത്തേക്ക് ചെന്ന് രണ്ടും കൂടി ഞങ്ങളുടെ അടുത്തേക്ക് പാഞ്ഞടുത്തു. അപ്പോഴേക്കും ഞങ്ങളെല്ലാം കൂടി എഴുന്നേറ്റ് നിന്ന് കൈ ഉയര്‍ത്തി മൃഗങ്ങളെപ്പോലെ പ്രത്യേക ശബ്ദമുണ്ടാക്കി. മുപ്പത് മീറ്റര്‍ വരെ ആദ്യം ഓടി വന്നു അപ്പോൾ ശബ്ദം കേട്ട് അവ സ്തബ്ധരായിനിന്നു, പിന്നീട് പത്ത് മീറ്റര്‍ കൂടി ഞങ്ങളുടെ അടുത്തേക്ക് ഓടി, അപ്പോള്‍ വീണ്ടും ശബ്ദമുണ്ടാക്കി, കരടി വീണ്ടും നിന്നു. അങ്ങനെ വളരെ അടുത്ത് വരെ കരടിയും കുഞ്ഞും ചാര്‍ജ്ജ് ചെയ്ത് എത്തിയിരുന്നു. വീണ്ടും എല്ലാവരും കൈഉയര്‍ത്തി ശബ്ദമുണ്ടാക്കിയപ്പോഴേക്കും കരടി പേടിച്ച് തിരിച്ചോടിപ്പോയി. ഞങ്ങള്‍ ഉള്ളില്‍ നല്ല രീതിയില്‍ പേടിച്ചിരുന്നു. പക്ഷേ, വിദ്യ ഫലിച്ചതിനാല്‍ u guys know your work very well എന്ന് അഭിനന്ദിക്കുകയാണ് ഏമി ആറ്റൻബറോ ചെയ്തത്.
കുറച്ച് പേര് ചേര്‍ന്ന് നിന്ന് കൈപൊക്കി വലിയ ശബ്ദമുണ്ടാക്കലാണോ കരടി ചാര്‍ജ്ജ് ചെയ്ത് വന്നാല്‍ ചെയ്യാവുന്ന തന്ത്രം.
സാധാരണ ഈ നിര്‍ദേശമാണ് കൊടുക്കാറ്. ഏതൊരു ജീവിയും മുന്നില്‍ വലിയൊരു ജീവിയെക്കണ്ടാല്‍ പേടിക്കും. ആ വലിയ ജീവി എന്ന തോന്നലുണ്ടാക്കാനാണ് എല്ലാവരും ചേര്‍ന്ന് കൈപൊക്കി ശബ്ദമുണ്ടാക്കുന്നത്. പറ്റാവുന്ന ഉച്ചത്തില്‍ ആ മൃഗത്തെ പേടിപ്പിക്കും വിധം കാറിക്കൂവണം.
കരടിയുമായി ബന്ധപ്പെട്ട് കുറെ മിത്തുകളുണ്ടല്ലോ. അതിലൊന്നാണ് രണ്ട്കൂട്ടുകാര് കാട്ടില്‍ പോയപ്പോള്‍ കരടി വന്നു. ഒരാള്‍ മരത്തില്‍ കയറി, ഒരാള്‍ ചത്ത പോലെ കിടന്നു. കൈ പൊക്കിയുള്ള ട്രിക്കിനു പുറമെ കഥയിലേതു പോലെ ചത്ത പോലെ കിടന്നാലും രക്ഷപ്പെടുമോ.
ഇല്ല. കരടി മിശ്രബുക്കാണ്. അത് പഴങ്ങള്‍ കഴിക്കും. ചിതലിനെയും ഉറുമ്പിനെയും കഴിക്കും അതുപോലെ മാംസവും കഴിക്കും. ചത്തു കിടക്കുന്ന മാനിനെയൊക്കെ തിന്നുന്നത് കണ്ടിട്ടുണ്ട്. ഒരുപക്ഷേ, മനുഷ്യമാംസവും തിന്നുമായിരിക്കും. ചത്തപോലെ കിടക്കുന്നത് മണ്ടത്തരമാണ്. അതൊരിക്കലും ചെയ്യരുത്. പറ്റുമെങ്കില്‍ കാട്ടില്‍ പോകുമ്പോള്‍ അഞ്ചോ ആറോ അടി നീളമുള്ള വടി കരുതുന്നത് നന്നാവും. വടി കൊണ്ട് കരടിയുടെ മൂക്കിന് അടിച്ചാല്‍ അത് ഓടാറുണ്ട്. അതല്ലെങ്കില്‍ നിലത്തടിച്ചോ മരത്തിന് അടിച്ചോ വലിയ ശബ്ദമുണ്ടാക്കാം.
നമ്മുടെ കാടുകളില്‍ ഏറ്റവും കൂടുതലുള്ള ജീവികളാണ് കരടിയും ആനയും കടുവയും. നമുക്ക് പേടിയുള്ളതും ഈ മൂന്ന് ജീവികളെയാണ്. ആനയെയും കടുവയെയും മുന്നില്‍ കണ്ടാല്‍ എങ്ങനെ രക്ഷപ്പെടും. എന്താണ് ട്രിക്ക്.
വനം വകുപ്പിന്റെ അനുമതി വാങ്ങി മാത്രമേ നമ്മള് കാട്ടിനുള്ളില്‍ പോകാവൂ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അനുമതി വാങ്ങിയാണ് ഞാനും കാട്ടില്‍ പോവുന്നത്. അവരില്‍ 90 ശതമാനം ആളുകളും കാടിനെക്കുറിച്ച് നല്ല അറിവുകളുള്ളവരാവും. അവര്‍ പറയുന്നത് അനുസരിച്ചാല്‍ തന്നെ നമ്മള് സുരക്ഷിതരാണ്. ഓടണോ, നില്‍ക്കണോ എന്നൊക്കെ അവര്‍ പറയും. അതു പോലെ ചെയ്യുക എന്നുള്ളതാണ് നമ്മുടെ മുന്നിലെ വഴി . ഉറക്കെ ശബ്ദമുണ്ടാക്കുമ്പോള്‍ ആനയടക്കം ഓടിപ്പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, കൂടെയുള്ള ഫോറസ്റ്റുകാരും ഗൈഡും നിര്‍ദേശിക്കുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റവും ഉചിതം.
മധ്യപ്രദേശിലെ കന്‍ഹയില്‍ കുറെക്കാലമുണ്ടായിരുന്നല്ലോ അവിടത്തെ പ്രധാനപ്പെട്ട വന്യജീവിയല്ലേ കടുവ. കടുവയുടെ ജീവിതരീതി, വേട്ടയാടല്‍ രീതി തുടങ്ങിയ കാര്യങ്ങൾ വിശദമാക്കാമോ.
കടുവകളുടെ ടെറിട്ടറി എന്നത് പലയിടത്തും പല രീതിയിലാണ്. വയനാട്ടിലൊക്കെ രണ്ടോ അഞ്ചോ ചതുരശ്ര കിലോമീറ്ററിനടുത്ത് ഒരു കടുവയുണ്ട്. മധ്യപ്രദേശിലൊക്കെ ആണ്‍കടുവയ്ക്ക് നൂറ് ചതുരശ്ര കിലോമീറ്ററും പെണ് കടുവയാവട്ടെ 15 മുതല്‍ ചതുരശ്ര കിലോമീറ്റർ ടെറിട്ടറിയിലുമാണ് പൊതുവെ ജീവിക്കുന്നത്. ഒരു കടുവയ്ക്ക് 50 മുതല്‍ 60 മാന്‍ വേണം പ്രതിവര്‍ഷം ഭക്ഷണമാക്കാന്‍. ഇതുകൂടാതെ ചെറുമൃഗങ്ങളും. 50 മാനിനെ പിടിക്കണമെങ്കിൽ കുറഞ്ഞത് 500 മാനെങ്കിലും കാട്ടില്‍ വേണം. 10 തവണയൊക്കെ ശ്രമിച്ചാലാണ് ഒരു വിജയകരമായ വേട്ടയുണ്ടാവുക.
പക്ഷേ, വയനാട്ടില്‍ നൂറിൽപ്പരം കടുവകളുണ്ടെന്നല്ലേ പറയുന്നത്. ടെറിട്ടറി പരിധിയൊക്കെ തൃണവത്ഗണിച്ച് ഇത്രയും സാന്ദ്രതയില്‍ ഇവരെങ്ങനെയാണ് ജീവിക്കുന്നത്.
ഇത് ഇപ്പോഴും നിഗൂഢമായ കാര്യമാണ്. സര്‍പ്ലസ് പോപ്പുലേഷന്‍ എന്നാണ് ഡോ. ഉല്ലാസ് കരന്ത് ഉപയോഗിച്ച വാക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൊച്ചിയാണ്. ഏറ്റവും നല്ല ആശുപത്രികളും സ്കൂളുകളും തൊഴിലും യാത്രാസൗകര്യവും അങ്ങനെ വിവിധ വിഭവങ്ങളും ലഭ്യമായത് കൊണ്ടാണ് നാട്ടിലെ വലിയ ഭൂമിയിലെ വാസം വിട്ടു പലരും കൊച്ചിയില്‍ സ്ഥിരതാമസമാക്കുന്നത്. വയനാട്ടിലോ കോട്ടയത്തോ ഒക്കെ ഏക്കര്‍ കണക്കിന് സ്ഥലമുള്ളവര്‍ വരെ കൊച്ചിയില്‍ ചെന്ന് വെറും മൂന്ന് മുറികളുള്ള ഫ്ളാറ്റെടുത്ത് താമസിക്കുകയാണ്. വിഭവങ്ങള്‍ ലഭിക്കുന്നു എന്നതാണ് കാരണം. വയനാട്ടിലെ കാട്ടില്‍ കടുവകള്‍ക്ക് ആവശ്യമായ ഭക്ഷണമുണ്ട്, വെള്ളമുണ്ട്. ആണിന് പെണ്ണുണ്ട്. അതുകൊണ്ട് ഇവിടെ കടുവകള്‍ ന്നനായി ബ്രീഡ് ചെയ്യും. വനംവകുപ്പ് നന്നായി ജോലി ചെയ്യുന്നതുകൊണ്ടും കടുവാ സംരക്ഷണം നല്ല രീതിയില്‍ നടക്കുന്നത് കൊണ്ടും വേട്ടയില്ല വയനാട്ടിലെ കാട്ടില്‍.
Content Highlights: naturalist david raju, elephant bear encounters, inetrview,service story nileena atholi,forest
Published: 24 Sept 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented