തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലകളിലെ നിരീക്ഷണം, തീര-അതിർത്തി നിരീക്ഷണം, അടിയന്തര രക്ഷാപ്രവർത്തനം, അവയവദാനവുമായി ബന്ധപ്പെട്ട യാത്രകൾ, വിഐപി യാത്രകൾ തുടങ്ങിയവ മുൻനിർത്തി കേരള പൊലീസ് വാടകയ്ക്കെടുത്ത ചിപ്‌സൺ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ മൂന്നുവർഷത്തെ കരാർ കാലാവധി അവസാനിച്ചിരിക്കുകണ്. പ്രതിമാസം 80 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറക്കാമെന്ന വ്യവസ്ഥയിലുള്ള കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടണമെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ. കരാർ നീട്ടുന്നതിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. പലകുറി വിമർശനം ഏറ്റുവാങ്ങിയ ഹെലികോപ്റ്റർ യാത്രയ്ക്ക് യുഡിഎഫ് സർക്കാർ പച്ചക്കൊടി കാണിക്കുമോയെന്നാണ് അറിയേണ്ടത്.

To advertise here,

ചിപ്‌സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയാണ് അടിസ്ഥാനവാടക. ജിഎസ്ടിയും മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മാസത്തിൽ 25 മണിക്കൂർ വരെ പറക്കുന്നതിനാണ് ഈ തുക. 25 മണിക്കൂറിന് മുകളിലുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണമെന്നതാണ് കരാർ.

ഈ കണക്കനുസരിച്ച് ഒരു വർഷത്തെ അടിസ്ഥാന വാടക 9.60 കോടി രൂപയാണ്. മൂന്നുവർഷത്തേക്ക് ഇത് 28.80 കോടി രൂപ വരും. എന്നാൽ അധിക മണിക്കൂറുകൾക്ക് നൽകിയ തുക ഉൾപ്പെടെയുള്ള മൂന്നുവർഷത്തെ യഥാർഥ മൊത്തം ചെലവ് സംബന്ധിച്ച സമഗ്ര കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. മാവോവാദി നീരക്ഷണത്തിനും മറ്റുമായി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന ഫണ്ടും കൂടി ഉപയോഗിച്ചാണ് ഹെലികോപ്റ്ററിന് വാടക നൽകിയിരുന്നത്. നിലവിൽ കേന്ദ്രഫണ്ട് 75 ശതമാനം കുറച്ചതിനാൽ കരാർ തുടരുകയാണെങ്കിൽ വാടകപ്പണം സർക്കാർ കണ്ടെത്തേണ്ടിവരും. 11 സീറ്റുള്ള ഫ്രഞ്ച്‌ നിർമ്മിത ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് സർക്കാർ ഉപയോഗിക്കുന്നത്.

ഓരോ ആവശ്യത്തിനും നിശ്ചിത മണിക്കൂർ, 25 മണിക്കൂറിൽ മാവോയിസ്റ്റ് നിരീക്ഷണത്തിന് മാസം അഞ്ചുമണിക്കൂർ

ഹെലികോപ്റ്റർ ഉപയോഗിക്കേണ്ട മേഖലകൾ സംബന്ധിച്ച പൊതുപദ്ധതിയും സർക്കാർ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് അഞ്ചുമണിക്കൂർ മാവോയിസ്റ്റ് സാന്നിധ്യമുള്ള അഞ്ച് ജില്ലകളിലെ ആന്റി-നക്സൽ നിരീക്ഷണത്തിനും അഞ്ചുമണിക്കൂർ തീര-അതിർത്തി മേഖലകളിലെ നിരീക്ഷണത്തിനുമാണ് വിഭാവനം ചെയ്തത്.

മൂന്നുവർഷം കണക്കാക്കിയാൽ ആന്റി-നക്സൽ നിരീക്ഷണത്തിന് ലഭ്യമായിരുന്ന സമയം 180 മണിക്കൂറാണ്. തീര-അതിർത്തി നിരീക്ഷണത്തിനും 180 മണിക്കൂർ ലഭ്യമായിരുന്നു. എന്നാൽ ഇത് യഥാർഥ ഉപയോഗത്തിന്റെ കണക്കല്ല. മാവോയിസ്റ്റ് നിരീക്ഷണത്തിനായും തീര-അതിർത്തി നിരീക്ഷണത്തിനും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്.

പ്രതിമാസം ലഭിക്കുന്ന 25 മണിക്കൂർ പറക്കൽ സമയത്തിൽ 15 മണിക്കൂർ വിഐപി യാത്ര, എയർ ആംബുലൻസ്/അവയവ കൈമാറ്റം, പ്രകൃതിദുരന്ത സമയത്തെ നിരീക്ഷണ-രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ഒരുമിച്ച് നീക്കിവെച്ചിരിക്കുന്നത്. ഈ സമയത്തിൽ ഉപയോഗിക്കാതെ വരുന്ന ഭാഗം ആവശ്യാനുസരണം ഈ പ്രവർത്തനങ്ങൾക്കിടയിൽ പുനർവിന്യസിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏഴുതവണ അവയവ കൈമാറ്റത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനത്തിനും ഈ കാലയളവിൽ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയുള്ളതിനാൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ യാത്രകളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടുന്നത് ഉചിതമല്ലെന്ന നിലപാടാണ് സർക്കാർ നേരത്തെ നിയമസഭയിൽ സ്വീകരിച്ചത്.

പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം നൽകണം, കരാർ നീട്ടണമെന്ന് പോലീസ്

കരാറിലെ മറ്റൊരു പ്രധാന വ്യവസ്ഥ പ്രതിമാസ നിശ്ചിത നിരക്കാണ്. മാസത്തിൽ അനുവദിച്ച 25 മണിക്കൂർ പൂർണമായി ഉപയോഗിച്ചില്ലെങ്കിലും 80 ലക്ഷം രൂപ നൽകണം. നിലവിലെ കരാർ രണ്ടുവർഷത്തേക്ക് കൂടി തുടരണമെന്നാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ കരാറിൽ സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഇതേ നിരക്കിൽ രണ്ടുവർഷം കൂടി സേവനം തുടരാനുള്ള വ്യവസ്ഥയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ടെൻഡർ വിളിച്ചാൽ നിലവിലുള്ള 80 ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ ലഭിക്കാൻ സാധ്യത കുറവാണെന്നും അതിനാൽ നിലവിലെ കരാർ നീട്ടുന്നത് സാമ്പത്തികമായി ഗുണകരമാണെന്നുമാണ് പോലീസിന്റെ വാദം. എന്നാൽ പുതിയ ടെൻഡറിലൂടെ വിപണിയിലെ ഇപ്പോഴത്തെ നിരക്ക് പരിശോധിക്കാതെ ഈ വിലയിരുത്തലിൽ എത്താനാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മറ്റ് ഓപ്പറേറ്റർമാരിൽനിന്ന് നിരക്കുകൾ തേടിയിട്ടുണ്ടോയെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആവശ്യപ്പെടുന്ന സമയത്ത് മാത്രം മണിക്കൂറിന് നാല് ലക്ഷം രൂപ വാടക നിരക്കിൽ ഹെലികോപ്റ്റർ നൽകാമെന്ന പുതിയ നിർദേശം ചിപ്‌സൺ ഏവിയേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

കരാർ സർക്കാർ അംഗീകരിച്ചാൽ പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ അടുത്ത രണ്ടുവർഷത്തേക്ക് അടിസ്ഥാന വാടക മാത്രം 19.20 കോടി രൂപ വരും. അതോടെ അഞ്ചുവർഷത്തെ അടിസ്ഥാന നിരക്ക് 48 കോടി രൂപയാകും. 25 മണിക്കൂറിന് മുകളിലുള്ള ഉപയോഗത്തിനുള്ള അധിക തുക ഇതിന് പുറമേയാണ്.

ഒന്നാം പിണറായി സർക്കാർ തുടങ്ങിവെച്ച ഹെലികോപ്ടർ യാത്ര

കേരള പൊലീസിന്റെ വാടക ഹെലികോപ്റ്റർ സംവിധാനം ആരംഭിച്ചത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെയാണ് മാവോയിസ്റ്റ് നിരീക്ഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള നടപടികൾക്ക് തുടക്കമായത്. ടെൻഡറില്ലാതെ പവൻ ഹൻസിൽനിന്നെടുത്ത ഹെലികോപ്റ്ററിന് വാടകയും അനുബന്ധ ചെലവുകളുമായി 22.21 കോടി രൂപ ചെലവായെന്ന കണക്കും പിന്നീട് പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെതിരെ അന്നത്തെ പ്രതിപക്ഷമായ യുഡിഎഫ് ധൂർത്ത് ആരോപണം ഉന്നയിച്ചിരുന്നു. പവൻ ഹൻസുമായുള്ള കരാറിനുശേഷമാണ് ടെൻഡറിലൂടെ പുതിയ ഹെലികോപ്റ്റർ കണ്ടെത്താനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്.

ഭരണത്തിലെത്തിയശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതേ വാടക ഹെലികോപ്റ്ററിൽ യാത്ര ചെയ്തതും രാഷ്ട്രീയ വിമർശനത്തിനിടയാക്കി. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസ വാടക നൽകേണ്ട കരാറാണെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇപ്പോൾ പിണറായി സർക്കാർ ഒപ്പിട്ട മൂന്നുവർഷത്തെ ചിപ്‌സൺ കരാർ അവസാനിച്ചിരിക്കെ അതേ നിരക്കിൽ രണ്ടുവർഷം കൂടി തുടരണമെന്നാണ് പൊലീസ് മേധാവിയുടെ ശുപാർശ. അതിനാൽ കരാർ പുതുക്കണമോ എന്നതിനൊപ്പം കഴിഞ്ഞ മൂന്നുവർഷം ലഭ്യമായ 900 മണിക്കൂറിൽ യഥാർഥത്തിൽ എത്ര ഉപയോഗിച്ചു, ഏതെല്ലാം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു, എത്ര സമയം ഉപയോഗിക്കപ്പെടാതെ പോയി തുടങ്ങിയ കണക്കുകളും പ്രസക്തമാണ്. പ്രതിപക്ഷത്തിരിക്കെ വിമർശിച്ച വാടക ഹെലികോപ്റ്റർ സംവിധാനത്തിൽ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന തീരുമാനവും ശ്രദ്ധേയമാകും.