
2015 ഫെബ്രുവരി 16. മുംബൈയിലെ കൊലാപുരില്‍ ആസ്റ്റര്‍ ആദാര്‍ ഹോസ്പിറ്റലിന് മുന്നില്‍ ചെറുതല്ലാത്ത ഒരാള്‍ക്കൂട്ടമുണ്ടായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് അവരുടെ പ്രിയപ്പട്ട 'അണ്ണാ' യുടെ ആരോഗ്യാവസ്ഥയെ കുറിച്ചായിരുന്നു. വാര്‍ധക്യം മൂലമുള്ള അവശതകൊണ്ടായിരുന്നില്ല 82കാരനായ അവരുടെ 'അണ്ണാ', ഗോവിന്ദ് പന്‍സാരെ എന്ന വയോധികന്‍ ഗുരുതരാവസ്ഥയില്‍ ആ ആശുപത്രിയിലായത്. അന്ന് പ്രഭാത നടത്തത്തിന് പോയി തിരിച്ചുവരുന്ന വഴി അദ്ദേഹത്തിനും ഭാര്യയ്ക്കും നേരെ ബൈക്കിലെത്തിയ അക്രമികള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഐ.സി.യുവില്‍ തന്നെ തുടര്‍ന്നു. നാല് ദിവസത്തിന് ശേഷം അദ്ദേഹത്തെ മുംബൈയിലെ ബീച്ച് ക്രാന്‍ഡി ആശുപത്രിയിലേക്ക് മാറ്റി. അവിടെയെത്തി ഏതാനും മണിക്കൂറുകള്‍ പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും വൈകാതെ മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തിന്റെ ഇടത്-തൊഴിലാളി മുന്നേറ്റ ചരിത്രത്തിലെ സംഭവബഹുലമായ ഒരധ്യായം കൂടിയായിരുന്നു അന്ന് ആ ആശുപത്രിയില്‍ അവസാനമായത്.
2013 ഓഗസ്റ്റ് ഇരുപതിനാണ് നരേന്ദ്ര ദാഭോല്‍ക്കര്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ മുംബൈയില്‍ കൊല്ലപ്പെടുന്നത്. നരേന്ദ്ര ദാഭോല്‍ക്കറിന് അന്ത്യോപചാരമറിയിക്കാന്‍ എത്തിയവരില്‍ എണ്‍പത്തൊന്നുകാരനായ ഗോവിന്ദ് പന്‍സാരെയുമുണ്ടായിരുന്നു. അവിടെ തളംകെട്ടി നിന്ന സങ്കടം നിറഞ്ഞ നിശബ്ദതയെ ഇല്ലാതാക്കുമാറുച്ചത്തില്‍ കൈചുരുട്ടി മുദ്രാവാക്യം മുഴക്കിയാണ് പന്‍സാരെ തന്റെ സഖാവായ ദഭോല്‍ക്കർക്ക് വിടനല്‍കിയത്. പിറ്റേദിവസമിറങ്ങിയ പത്രങ്ങളില്‍ ദാഭോല്‍ക്കര്‍ വധത്തിനെതിരായ പന്‍സാരെയുടെ പ്രസ്താവനയുണ്ടായിരുന്നു. 'ദാഭോല്‍ക്കറുടെ വധം ഒരു സൂചനയാണ്. തങ്ങളെ ചോദ്യം ചെയ്യുന്നവരെ മതമൗലികവാദികളും ഫാസിസ്റ്റുകളും ഇല്ലാതാക്കുമെന്ന സൂചന'. പ്രവചനം പോലുള്ള ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അറംപറ്റുക തന്നെ ചെയ്തു. ഒന്നരവര്‍ഷത്തിന് ശേഷം പന്‍സാരെയെ തേടിയും ആ വെടിയുണ്ടകളെത്തി. വെടിയേറ്റ് നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. അതേ വര്‍ഷം ഓഗസ്റ്റ് 30ന് കര്‍ണാടകയില്‍ സമാന സാഹചര്യത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. കന്നഡ സാഹിത്യകാരനും ചിന്തകനുമായ എം.എം കല്‍ബുര്‍ഗി. രണ്ട് വര്‍ഷത്തിനുശേഷം 2017 സെപ്തംബറില്‍ ബെംഗളൂരുവില്‍ വെച്ച് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷും വെടിയേറ്റ് മരിച്ചു. ഈ നാല് പേരുടെയും വധത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ പ്രസ്ഥാനമായ സനാതന്‍ സന്‍സ്തയ്ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കേസ് ഫയലുകളും കുറ്റപത്രങ്ങളുമെല്ലാം വ്യക്തമാക്കുന്നത്.


കോർപ്പറേറ്റുകൾ മുതൽ ഹിന്ദുത്വ തീവ്രവാദികൾ വരെ; ശത്രുക്കൾ അനവധി
പൊതുവില്‍ രണ്ടുവിഭാഗങ്ങളായിരുന്നു പന്‍സാരെ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ശത്രുക്കളായി ഉണ്ടായിരുന്നത്. പെരുമാറ്റത്തില്‍ ശാന്തനാണെങ്കിലും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത പന്‍സാരെയുടെ നിശ്ചയദാര്‍ഢ്യത്തെ ഭയന്നിരുന്നവരില്‍ ആദ്യത്തെ ആളുകള്‍ മുംബൈ മഹാനഗരത്തിലെ കോര്‍പ്പറേറ്റുകളായിരുന്നു. കൊല്ലപ്പെടുന്നതിനും ദീര്‍ഘകാലം മുന്‍പേ തന്നെ വന്‍കിട കോര്‍പ്പറേറ്റുകളുടെയും അവര്‍ നിയന്ത്രിക്കുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ ശക്തികളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറിയിരുന്നു. അവസാനകാലത്ത് അദ്ദേഹം ഇടപെട്ട വിഷയങ്ങള്‍ പോലും കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതിലൊന്നാണ് കോലാപുരിലെ ടോള്‍ വിരുദ്ധ ജനകീയ സമരം. ടോള്‍ഗേറ്റുകള്‍ ജീവിത്തിന്റെ ഭാഗമായിക്കഴിഞ്ഞ നവലിബറല്‍ കാലത്ത് അതിനെതിരേ പോരാടന്‍ പന്‍സാരെ മുന്നിട്ടിറങ്ങി. മുടക്കുമുതലിന്റെ പതിന്മടങ്ങ് കീശയിലായിട്ടും സാധാരണ ജനങ്ങളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന ചുങ്കപ്പിരിവിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ജനകീയ സമരം നടത്തി. പല സമരങ്ങളെയും പണം നല്‍കി വരുതിയിലാക്കിയിരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ദുര്‍ബലമായൊരു പാര്‍ട്ടിയുടെ വയസ്സനായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ മാത്രം വിലയ്ക്കെടുക്കാനായില്ല.
പന്‍സാരെയുടെ ശത്രുക്കളില്‍ രണ്ടാമത്തെ കൂട്ടര്‍ മഹാരാഷ്ട്രയിലെ ഹിന്ദുത്വശക്തികളായിരുന്നു. ആ വയോധികന്റെ മതനിരപേക്ഷ ബോധ്യത്തെ അവരത്രത്തോളം ഭയപ്പെട്ടിരുന്നു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും എഴുത്തിലൂടെയും വര്‍ഗീയവാദത്തോട് സന്ധിയില്ലാത്ത പോരാട്ടമായിരുന്നു പന്‍സാരെ നടത്തിയിരുന്നത്. ഇന്നത്തെ ഇന്ത്യയില്‍ പലരും പറയാന്‍ ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ചങ്കൂറ്റത്തോടെ വിളിച്ചുപറഞ്ഞാണ് പന്‍സാരെ മതവര്‍ഗീയതയെ നേരിട്ടത്. മഹാരാഷ്ട്രയിലെ അതിവൈകാരിക വിഷയമായ ശിവജി മുതല്‍ ഐ.പി.എസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കരെയുടെ മരണം വരെ അദ്ദേഹത്തിന് വിഷയമായി. എഴുത്തും പ്രസംഗങ്ങളുമായിരുന്നു ആയുധങ്ങള്‍. 21 പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയത്. കോലാപുരിലെ തൊഴിലാളി സമരങ്ങളിലുള്‍പ്പടെ മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങള്‍. തൊഴിലാളികളും ചേരിനിവാസികളും അംഗന്‍വാടി ജീവനക്കാരുമെല്ലാമായിരുന്നു പന്‍സാരെയുടെ കേള്‍വിക്കാര്‍. അവരോട് ലളിതമായ ഭാഷയില്‍ എന്നാല്‍ തീക്ഷ്ണമായ സ്വരത്തില്‍ പന്‍സാരെ രാഷ്ട്രീയം പറയുമായിരുന്നു. ആരാണ് ശിവജി എന്ന പുസ്തകം മറാത്തിയിലും ഇംഗ്ലീഷിലും എട്ട് ഇന്ത്യന്‍ ഭാഷകളിലുമായി രണ്ട് ലക്ഷത്തിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്. ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നതിനെതിരേ, മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശിവജി സര്‍വകലാശാലയില്‍ പന്‍സാരെ നടത്തിയ പ്രസംഗം ഹിന്ദു തീവ്രവാദികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. രാഷ്ട്രപിതാവിന്റെ ഘാതകന് വേണ്ടി അമ്പലങ്ങളും പ്രതിമകളും നിര്‍മ്മിക്കന്നതിനെ പരസ്യമായി തന്നെ അദ്ദേഹം ചോദ്യം ചെയ്തു. ആ സെമിനാറില്‍ ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് അവകാശപ്പെട്ട് ഒരു എ.ബി.വി.പി പ്രവര്‍ത്തകന്‍ പന്‍സാരെയ്‌ക്കെതിരേ രംഗത്തെത്തിയത് നാടകീയമായ സംഭവങ്ങള്‍ക്കിടയാക്കി. പന്‍സാരെയെ കോടതി കയറ്റുമെന്നായിരുന്നു അയാളുടെ വെല്ലുവിളി. എങ്കില്‍ കോടതിയില്‍വെച്ച് കാണാമെന്നായിരുന്നു പന്‍സാരെയുടെ സൗമ്യമായ മറുപടി. നിയമത്തിന് മുന്നിലും തനിക്ക് ഈ നിലപാട് വ്യക്തമാക്കാമല്ലോ എന്നും അത് വഴി കൂടുതല്‍ പേരിലേക്ക് തന്റെ ആശയും എത്തുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ശിവജിയുടെ ഹിന്ദുത്വമുഖം വ്യാജ സൃഷ്ടിയോ?

തീവ്രഹിന്ദുത്വത്തിന്റെ വക്താവായി സംഘപരിവാര്‍ പ്രതിഷ്ടിക്കുന്ന രാജാവാണ് ശിവജി. എന്നാല്‍ ശിവജിയുടെ ഹിന്ദുത്വമുഖം ചിലരുടെ സൃഷ്ടി മാത്രമാണെന്ന് വസ്തുതകള്‍ നിരത്തി പൊളിച്ചെഴുതുന്നതായിരുന്നു ശിവജി കോന്‍ ഹോതാ? (ആരാണ് ശിവജി) എന്ന പന്‍സാരെയുടെ പുസ്തകം. ചരിത്രതെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ ശിവജി ജനകീയനായ രാജാവായിരുന്നുവെന്നും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. ആദ്യ അധ്യായങ്ങളില്‍ എന്തുകൊണ്ടാണ് മഹാരാഷ്ട്ര ജനത ശിവജിയെ ഇത്രയേറെ സ്‌നേഹിക്കുന്നതെന്ന് വിശദീകരിക്കാനാണ് പന്‍സാരെ ശ്രമിച്ചത്. നികുതിപിരിവുകാരുടെ കൊള്ള ശിവജി തടഞ്ഞതിനെ കുറിച്ചും ദരിദ്രകാലത്ത് നികുതി ഇളവ് നല്‍കിയതിനെ കുറിച്ചുമെല്ലാം അദ്ദേഹം വിശദീകരിക്കുന്നു. പുസ്തകത്തിലെ അവസാനത്തെ അധ്യായമായ ശിവജിയും മതവുമാണ് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ശിവജി ബ്രാഹ്മണരുടെയും ഗോക്കളുടെയും സംരക്ഷകനല്ലെന്നും മറിച്ച് കര്‍ഷകര്‍, സ്ത്രീകള്‍, ശൂദ്രന്‍മാര്‍ എന്തിനേറെ മുസ്ലീമുകളുടെയും സംരക്ഷകനായിരുവെന്നും പന്‍സാരെ എഴുതി.
ഹേമന്ദ് കര്‍ക്കരയെ കൊന്നതാര്?

മുംബൈ ഭീകരാക്രമണത്തില്‍ വീരമുത്യുവരിച്ച പോലീസ് ഉദ്യാഗസ്ഥന്‍ ഹേമന്ദ് കര്‍ക്കരെയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ മുംബൈയിലുണ്ടായിരുന്നു. മുന്‍ മഹാരാഷ്ട്ര ഐ.ജിയായി വിരമിച്ച എസ്.എം മുശ്രിഫ് എഴുതിയ 'Who Killed Karkare' (കര്‍ക്കരയെ കൊന്നതാര്) എന്ന പുസ്തകമായിരുന്നു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്ന കര്‍ക്കരെ അജ്മല്‍ കസബിന്റെ വെടിയേറ്റല്ല കൊല്ലപ്പെട്ടതെന്നതായിരുന്നു പുസ്തകത്തിലെ ഒരു പരാമര്‍ശം. മലേഗാവ് സ്‌ഫോടക്കേസില്‍ ഹിന്ദു തീവ്രവാദ സംഘടനയ്ക്കുള്ള പങ്ക് കണ്ടെത്തിയത് കര്‍ക്കരെയായിരുന്നു. ഇതില്‍ തുടരന്വേഷണം നടക്കാതിരിക്കാന്‍ കര്‍ക്കരെയ ഈ സംഘടനയുമായി ബന്ധമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വെടിവെച്ചതെന്നും ബി.ജെ.പി നേതാക്കള്‍ക്ക് ഇത് അറിയാമായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഈ പുസ്തകവുമായി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നടത്താന്‍ പന്‍സാരെയെ ക്ഷണിക്കപ്പെട്ടു. നിരവധി ആളുകള്‍ പന്‍സാരെയുടെ ആ പ്രഭാഷണം കേള്‍ക്കാനായി എത്തിയിരുന്നു. ആര്‍.എസ്.എസിനെതിരെയും സനാതന്‍ സന്‍സ്തയ്‌ക്കെതിരെയും രൂക്ഷമായ ഭാഷയില്‍ സംസാരിച്ച പന്‍സാരെ കര്‍ക്കരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരം ശക്തികളെ തുറന്നുകാട്ടാനായി മഹാരാഷ്ട്രയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ പന്‍സാരെയെ കാത്തിരുന്നത് ദാഭോല്‍ക്കറുടെ സ്ഥിതി വരുമെന്ന ഭീഷണികളുമായുള്ള പോസ്റ്റ് കാര്‍ഡുകളായിരുന്നു.

സനാതന്‍ സന്‍സ്ത
ദാഭോല്‍ക്കര്‍ വധം ആവര്‍ത്തിച്ച പോലെയായിരുന്നു പന്‍സാരെയുടെ കൊലപാതകം. കൊലാപുരിലെ സബര്‍മലയില്‍ തെരുവിലൂടെ പ്രഭാത നടത്തിന് പോകുമ്പോള്‍ പന്‍സാരെയുടെ മനസ്സില്‍ ഇതുപോലൊരു പ്രഭാതനടത്തത്തിനിടെ കൊല്ലപ്പെട്ട ദാഭോല്‍ക്കറിന്റെ ഓര്‍മ്മകളുണ്ടായിരുന്നോ എന്നറിയില്ല. ബൈക്കിലെത്തിയ കൊലപാതകികള്‍ 83 വയസ്സുള്ള ആ വൃദ്ധനും ഭാര്യയ്ക്കും നേരെ അഞ്ച് തവണ വെടിയുതിര്‍ത്തു. ബൈക്കില്‍ പുറകിലായി ഇരുന്ന ആളായിരുന്നു കാഞ്ചി വലിച്ചത്. ആദ്യത്തെ വെടിയേറ്റ് നിലത്തേക്ക് വീണ പന്‍സാരെയുടെ നേരെ ബൈക്കില്‍ നിന്ന് ഇറങ്ങി വന്ന ആക്രമി വീണ്ടും തുരുതുരാ വെടിയുതിര്‍ത്തു. നാല് ദിവസത്തിന് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി. ആയിരങ്ങള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. ഭാര്യ ഉമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. മഹാരാഷ്ട്ര പോലീസും തീവ്രവാദ വിരുദ്ധസേനയുമാണ് കേസന്വേഷിച്ചത്. സനാതന്‍ സന്‍സ്തയുടെ കൊടുംക്രിമിനലായ സമീര്‍ ഗെയ്ക്‌വാദിനെയാണ് അന്വേഷണസംഘം ആദ്യം അറസ്റ്റ് ചെയ്തത്. വീരേന്ദ്ര താവ്‌ഡെ, അമിത് ബഡ്ഡി, വാസുദേവ്, സൂര്യവന്‍ഷി, ഭരത് കുറാനെ, അമിത് ദേഗ്വേക്കര്‍, ശരദ് കലാസ്‌കര്‍, ഗണേഷ് മിസ്‌കിന്‍ എന്നിവരും അറസ്റ്റിലായെങ്കിലും ആദ്യ രണ്ട് പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. അമോല്‍ കാലെയും അമിത് ദേഗ്വേക്കറും മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലും പ്രതികളാണ്. പ്രധാന ഷൂട്ടര്‍മാരായ സാരംഗ് അകോല്‍ക്കറും വിനയ് പവാറും ഇപ്പോഴും ഒളിവിലാണ്. 2023 ജനുവരി 10 ന് കോലാപ്പൂരിലെ പ്രത്യേക കോടതി ഹിന്ദു തീവ്രവാദ സംഘടനായ സനാതന്‍ സന്‍സ്തയിലെ അംഗങ്ങളായ പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിരുന്നു. വിചാരണ പ്രത്യേക കോടതിയില്‍ തുടരുകയാണ്. കേസില്‍ അന്വേഷണം തുടരണമെന്നും പ്രധാന പ്രതികളെ ഉള്‍പ്പടെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പന്‍സാരെയുടെ കുടുംബവും സുഹൃത്തുക്കളും നടത്തുന്ന നിയമപോരാട്ടവും തുടരുന്നു.
Content Highlights: Life Govind pansare asssaination files Ajnas CPI Rationalist Communist, dabholkar
Published: 07 Jun 2024, 12:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented