സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചെടുക്കുമെന്ന ഭീഷണികൾ, വിലയ്ക്ക് വാങ്ങാനുള്ള ശ്രമങ്ങൾ, സഖ്യരാജ്യങ്ങൾക്ക് മേൽ വ്യാപാരതീരുവകൾ ചുമത്തുമെന്ന മുന്നറിയിപ്പുകൾ, വടക്കേ അമേരിക്കൻ വൻകര മുഴുവൻ അമേരിക്കൻ പതാകയ്ക്ക് കീഴിലാക്കുന്ന ഭൂപടങ്ങൾ പങ്കുവെക്കൽ.. മാസങ്ങളായി തുടർന്ന നാടകങ്ങൾക്കൊടുവിൽ ഗ്രീൻലൻഡ് വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ വിജയത്തിലേക്ക്. ഡെൻമാർക്കുമായും ഗ്രീൻലൻഡുമായും പുതിയ സുരക്ഷാ കരാറിൽ ഏർപ്പെട്ടതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലൻഡിന്റെ സുരക്ഷയിൽ അമേരിക്കയ്ക്ക് ‘സ്ഥിരമായ സുരക്ഷാ നിയന്ത്രണം’ നൽകുന്നതാണ് കരാർ. ഇതിനെ ‘അനന്തമായ ആയുസ്സുള്ള കരാർ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

To advertise here,

അമേരിക്കൻ നികുതിദായകർക്ക് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ, ഗ്രീൻലൻഡിന്റെ സുരക്ഷയിലും പ്രതിരോധ കാര്യങ്ങളിലും അമേരിക്കയ്ക്ക് നിയന്ത്രണം നൽകുന്നതാണ് കരാറെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗ്രീൻലൻഡിനെച്ചൊല്ലി യൂറോപ്പിലും നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിലും വലിയ നയതന്ത്ര പ്രതിസന്ധികൾ സൃഷ്ടിച്ച വാഗ്വാദങ്ങൾക്കൊടുവിലാണ് ആർട്ടിക് മേഖലയിൽ പൂർണ സൈനിക-സുരക്ഷാ മേധാവിത്വം ഉറപ്പിക്കുന്ന ഈ ചരിത്ര കരാറിലേക്ക് ട്രംപ് എത്തുന്നത്. അതും ഒരുതുണ്ട് ഭൂമിപോലും നേരിട്ട് വിലയ്ക്കുവാങ്ങാതെ തന്നെ. ഈ കരാറിന് അവസാനമില്ലെന്നും ഗ്രീൻലൻഡിന്റെയും അമേരിക്കയുടെയും സുരക്ഷയ്ക്കാവശ്യമായ നീക്കങ്ങൾ നടത്താനുള്ള പൂർണ അധികാരം അമേരിക്കയ്ക്കുണ്ടായിരിക്കുമെന്നുമാണ് ട്രംപിന്റെ വാദം. എന്താണ് കരാറിന്റെ വിശദാംശങ്ങൾ? എന്തുകൊണ്ടാണിന് പ്രാധാന്യമർഹിക്കുന്നത്?

കരാറിന്റെ പശ്ചാത്തലവും പ്രധാന നിബന്ധനകളും

ആർട്ടിക് സമുദ്രത്തിലെ മഞ്ഞുമൂടിയ ഒരു വിദൂര ദ്വീപ് എന്നതിൽ നിന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായി ഗ്രീൻലൻഡ് മാറിയിട്ട് കാലമേറെയായി. 2019-ൽ തന്റെ ആദ്യ ഭരണകാലത്ത് തന്നെ ഗ്രീൻലൻഡ് വാങ്ങാൻ ട്രംപ് ശ്രമം നടത്തിയിരുന്നു. എന്നാൽ അന്ന് ‘ദ്വീപ് വിൽപനയ്ക്കുള്ളതല്ല’ എന്ന് വ്യക്തമാക്കി ഡെൻമാർക്കും ഗ്രീൻലൻഡും അത് തള്ളി. 2025 ജനുവരിയിൽ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതോടെ ട്രംപ് സമ്മർദ്ദം കടുപ്പിച്ചു. വിലയ്ക്ക് നൽകിയില്ലെങ്കിൽ, സൈന്യത്തെ ഉപയോഗിച്ച് പിടിച്ചെടുക്കുമെന്നും വ്യാപാര തീരുവകൾ ചുമത്തുമെന്നും വരെ ഭീഷണി മുഴക്കി. അമേരിക്കയുടെ സാമ്പത്തിക-ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അത്യന്താപേക്ഷിതമാണെന്നായിരുന്നു ട്രംപിന്റെ വാദം.

ഗ്രീൻലൻഡ്, കാനഡ, മെക്സിക്കോ, ക്യൂബ എന്നിവയുൾപ്പെടെയുള്ള വടക്കേ അമേരിക്കൻ ഭൂവിഭാഗങ്ങൾ യു.എസ്. പതാകയ്ക്ക് കീഴിൽ കാണിക്കുന്ന ഭൂപടങ്ങളടക്കം പങ്കുവെച്ചുകൊണ്ട് ട്രംപ് സമ്മർദ്ദം തുടർന്നു. തങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത, വിശാല ഭൂപ്രദേശങ്ങളെ അമേരിക്കൻ പതാകയ്ക്ക് കീഴിലാക്കിയ ചിത്രം പങ്കുവെച്ചത് വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയിൽ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഗ്രീൻലൻഡിലെ സൈനിക താവളം സന്ദർശിച്ചു. അതാകട്ടെ വലിയ പ്രകോപനമായാണ് ഡെൻമാർക്കും ഗ്രീൻലൻഡും കണ്ടത്. ഇതിനിടെ ഭൂമിയുൾപ്പെടെയുള്ള സ്വത്തുവകകൾ വിദേശികൾ സ്വന്തമാക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുക ലക്ഷ്യമിട്ടുള്ള നിയമം ഗ്രീൻലൻഡ് പാസാക്കി. ട്രംപിന്റെ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഗ്രീൻലൻഡിന് 200 ദശലക്ഷത്തിലധികം ഡോളറിന്റെ സാമ്പത്തിക സഹായം യൂറോപ്യൻ യൂണിയൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനുശേഷമുള്ള ചർച്ചകൾക്കൊടുവിലാണ് കരാർ പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭായോഗത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ഡെൻമാർക്കും ഗ്രീൻലൻഡും ന്യൂയോർക്കിൽ വെച്ച് കരാർ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. കരാർ ഒപ്പുവെച്ചാലും ഡെൻമാർക്കിലെയും ഗ്രീൻലൻഡിലെയും പാർലമെന്റുകളുടെ അംഗീകാരം ഇതിന് ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയുള്ളൂ. കരാറിന്റെ ഔദ്യോഗിക പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ, പുറത്തുവന്ന വിവരങ്ങൾ പ്രകാരം അമേരിക്കയ്ക്ക് ചില നിർണായക അവകാശങ്ങൾ കരാറിന്റെ ഭാഗമായി ലഭിക്കും.

ഗ്രീൻലൻഡിൽ സ്ഥിരമായി സൈനികവിന്യാസം നടത്താനും വ്യോമാതിർത്തി ഉപയോഗിക്കാനും പുതിയ സൈനികതാവളങ്ങൾ പണിയാനുമുള്ള അവകാശം അമേരിക്കയ്ക്ക് ലഭിക്കും എന്നതാണ് അതിൽ പ്രധാനം. അമേരിക്കയ്ക്ക് ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ കൂടുതൽ സൈനിക സംവിധാനങ്ങൾ സ്ഥാപിക്കാനും കരാർ അനുവാദം നൽകുന്നു. ഇതിനായി ഡെൻമാർക്കുമായും ഗ്രീൻലൻഡുമായും ചർച്ചകൾ വേണമെങ്കിലും അന്തിമ അനുമതിക്കായി അവരുടെ അംഗീകാരം കാത്തുനിൽക്കേണ്ടതില്ല. മാത്രമല്ല, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുടെ യാത്ര ഉൾപ്പെടെ നിയന്ത്രിക്കാനുള്ള വിപുലമായ അധികാരം യു.എസിന് ഉണ്ടായിരിക്കും.

അതേസമയം ഗ്രീൻലൻഡിന്റെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറുന്നില്ല. ഡെൻമാർക്കിന്റെ പരമാധികാരവും ഗ്രീൻലൻഡ് ജനതയുടെ സ്വയംനിർണയാവകാശവും അതേപടി നിലനിൽക്കുമെന്ന് ഡെൻമാർക്കും ഗ്രീൻലൻഡും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഭാവിയിൽ ഗ്രീൻലൻഡ് ഡെൻമാർക്കിൽ വേർപെട്ട് സ്വതന്ത്ര രാജ്യമായി മാറിയാലും സുരക്ഷാ കരാറിന് മാറ്റമുണ്ടാകില്ലെന്നും അത് നിലനിൽക്കുമെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, അമേരിക്കൻ നികുതിദായകർക്ക് യാതൊരു സാമ്പത്തിക ചെലവുമില്ലാതെയാണ് കരാർ നടപ്പിലാക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

 

കരാറിന്റെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യം

വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിൽ ആർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലൻഡ് അമേരിക്കയ്ക്ക് അതീവ പ്രാധാന്യമുള്ള പ്രദേശമാണ്. അവരുടെ മിസൈൽ പ്രതിരോധത്തിനും ബഹിരാകാശ നിരീക്ഷണത്തിനും ഇവിടം നിർണായകമാണ്. 1951-ലെ പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിൽ വടക്കുപടിഞ്ഞാറൻ ഗ്രീൻലൻഡിലെ ‘പിറ്റുഫിക് സ്പേസ് ബേസ്’ നിലവിൽ അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ഇതുകൂടാതെ ദക്ഷിണ ഗ്രീൻലൻഡിൽ മൂന്ന് പുതിയ സൈനിക താവളങ്ങൾ കൂടി തുറക്കാൻ അമേരിക്ക പദ്ധതിയിടുന്നു. അമേരിക്കയുടെ ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനത്തിനും പ്രദേശം അത്യന്താപേക്ഷിതമാണ്. കൂടാതെ, അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ റഷ്യൻ അന്തർവാഹിനികളുടെയും നാവികസേനയുടെയും നീക്കങ്ങൾ നിരീക്ഷിക്കാൻ സഹായിക്കുന്ന തന്ത്രപ്രധാനമായ GIUK (Greenland-Iceland-UK gap) ഗ്യാപ്പിന്റെ പ്രധാന ഭാഗമാണ് ഗ്രീൻലൻഡ്.

ഈ കരാറിലെ ശ്രദ്ധേയമായ വ്യവസ്ഥ വിദേശ എതിരാളികൾക്കുള്ള വിലക്കാണ്. ആർട്ടിക് മേഖലയിലെ ആധിപത്യത്തിനായി വലിയ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. അമേരിക്കയുടെ അനുമതിയില്ലാതെ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ മറ്റ് രാജ്യങ്ങൾക്കോ ഗ്രീൻലൻഡിൽ സൈനിക താവളങ്ങൾ സ്ഥാപിക്കാനോ, സൈന്യത്തെ വിന്യസിക്കാനോ, തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപം നടത്താനോ കഴിയില്ല. ഇതോടെ മേഖലയിൽ റഷ്യ, ചൈന തുടങ്ങിയ വിദേശ എതിരാളികളുടെ സൈനിക-സാമ്പത്തിക കടന്നുകയറ്റത്തെ തടയാൻ അമേരിക്കയ്ക്ക് സാധിക്കുന്നു. മാത്രമല്ല, ട്രംപിന്റെ ഭീഷണികൾ കാരണം നേറ്റോ സഖ്യത്തിലുണ്ടായ നയതന്ത്ര വിള്ളലുകൾ പരിഹരിക്കാനും ഈ കരാർ സഹായിക്കുന്നുണ്ട്.

ആർട്ടിക് മേഖലയിലൂടെ ചൈന കപ്പൽ ഗതാഗതം ആരംഭിക്കുകയും ആർട്ടിക് വിഭവങ്ങളിൽ കണ്ണുവെക്കുകയും ചെയ്തിട്ടുണ്ട്. സിങ്ക്, ഇരുമ്പ്, യുറേനിയം, ഗ്രാഫൈറ്റ് ഉൾപ്പെടെയുള്ള അപൂർവ ധാതുക്കളുടെ വലിയ ശേഖരം ഗ്രീൻലൻഡിലുണ്ട്. ഗ്രീൻലൻഡിലെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്-റഷ്യൻ നിക്ഷേപങ്ങൾ തടയാൻ അമേരിക്കയ്ക്ക് ഈ കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ ഉപരോധങ്ങൾക്ക് മറുപടിയായി ചൈന അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ച പശ്ചാത്തലത്തിൽ ഇതിന്റെ പ്രാധാന്യം വർധിക്കുന്നു. മാത്രമല്ല, ഗ്രീൻലൻഡിലെ ധാതു സമ്പത്തിലേക്ക് ചൈനീസ്-റഷ്യൻ കമ്പനികൾ കടന്നുവരുന്നത് തടയുക എന്നത് അമേരിക്കയുടെ ദീർഘകാല ആഗ്രഹമായിരുന്നു.

 

കരാറിൽ നേട്ടമാർക്ക്?

കരാർ പ്രകാരം ഗ്രീൻലൻഡിന്റെ സുരക്ഷയിൽ നിയന്ത്രണം അമേരിക്ക അവകാശപ്പെടുമ്പോഴും പ്രദേശത്തിന്റെ പരമാധികാരം കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്ന് ഡെൻമാർക്കും ഗ്രീൻലൻഡും ആവർത്തിക്കുന്നു. ഡെൻമാർക്കിന്റെ പരമാധികാരവും ഗ്രീൻലൻഡ് ജനതയുടെ സ്വയംനിർണയാവകാശവും അതേപടി നിലനിൽക്കും എന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസനും വ്യക്തമാക്കി. ഡാനിഷ് പരമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും സംരക്ഷിക്കപ്പെട്ടതിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കരാർ സഹായിക്കുമെന്ന് നേറ്റോ പ്രതികരിച്ചു.

അതേസമയം, ഡാനിഷ് മാധ്യമങ്ങളും നയന്ത്രജ്ഞരും ഈ കരാറിനെ അവരുടെ വിജയമായാണ് വിലയിരുത്തുന്നത്. 1951-ലെ പ്രതിരോധ കരാർ പ്രകാരം ഡെൻമാർക്കിനെയും ഗ്രീൻലൻഡിനെയും മുൻകൂട്ടി അറിയിച്ചുകൊണ്ട് സൈനിക സാന്നിധ്യം വർധിപ്പിക്കാൻ അമേരിക്കയ്ക്ക് നേരത്തെ തന്നെ അവകാശമുണ്ടായിരുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഡെൻമാർക്കിന്റെ പരമാധികാരം പണയം വെക്കാതെ തന്നെ മാസങ്ങളായി തുടർന്ന നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ ഈ ധാരണയിലൂടെ സാധിച്ചു എന്നാണ് ഡാനിഷ് മാധ്യമങ്ങളുടെ പൊതുവിലയിരുത്തൽ. ഗ്രീൻലൻഡിലും ഇക്കാര്യത്തിൽ സമ്മിശ്ര വികാരങ്ങളാണ്. ആകാശത്തുനിന്നും കടലിൽനിന്നും രാജ്യത്തിന് സംരക്ഷണം ആവശ്യമാണെന്നും വർഷങ്ങളായി ഡെൻമാർക്ക് അതിന് വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ലെന്നും ഗ്രീൻലൻഡിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.

ഇതെല്ലാമാണെങ്കിലും ആർട്ടിക് മേഖലയിലെ ശക്തി മത്സരത്തിൽ അമേരിക്ക സ്വന്തമാക്കിയ നിർണായക നേട്ടമാണ് ഈ പുതിയ സുരക്ഷാ കരാർ. ഭൂമി നേരിട്ട് സ്വന്തമാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക എന്ന ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പായില്ലെങ്കിലും നേട്ടം അമേരിക്കയ്ക്ക് തന്നെയാണ്. വിദേശ എതിരാളികളെ പൂർണമായി അകറ്റിനിർത്താനും ആർട്ടിക് തന്ത്രപ്രധാന മേഖലകളിൽ അമേരിക്കൻ സൈനിക-സാമ്പത്തിക മേധാവിത്വം ശാശ്വതമായി ഉറപ്പിക്കാനും ഈ ധാരണയിലൂടെ അമേരിക്കയ്ക്ക് സാധിച്ചിരിക്കുന്നു.