ശാസ്ത്രീയ പരീക്ഷണങ്ങൾ മാത്രമല്ല, ടൈം ട്രാവലും ആയുധ സാങ്കേതികവിദ്യയും പോലും തിരിച്ചടിയാകാമെന്ന് പല സിനിമകളും മുന്നറിയിപ്പ് നൽകുന്നു.

മനുഷ്യന്റെ ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവും പുരോഗമനപരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പല ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും സാങ്കേതിക പരീക്ഷണങ്ങളും ആരംഭിക്കുന്നത്. എന്നാൽ, മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് ഒരു കണ്ടുപിടിത്തം വളരുമ്പോൾ അതിന്റെ ഫലം പ്രതീക്ഷിച്ചതിന് നേർവിപരീതമാകാം. വലിയ വിജയമാകുമെന്ന് കരുതി വികസിപ്പിച്ച ഒരു സാങ്കേതികവിദ്യ അതിന്റെ സ്രഷ്ടാവിന് തന്നെ ഭീഷണിയാകുന്ന ഈ ആശയം സിനിമകളിൽ ഏറെക്കാലമായി പ്രമേയമാകുന്നുണ്ട്. ശാസ്ത്രം, കൃത്രിമബുദ്ധി, ജനിതക എൻജിനീയറിങ്, ടൈം ട്രാവൽ, അദൃശ്യത, വൈറസ് പരീക്ഷണങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലൂടെയാണ് ഇത്തരം സിനിമകൾ മനുഷ്യന്റെ അതിരുകടന്ന ഇടപെടലുകളുടെ അപകടം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
'പരീക്ഷണങ്ങൾ' ലോക സിനിമയിൽ
കണ്ടുപിടിത്തങ്ങൾ കൈവിട്ടുപോകുന്ന പ്രമേയമുള്ള സിനിമകളുടെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം പറയേണ്ട ചിത്രമാണ് സ്റ്റീവൻ സ്പിൽബർഗിന്റെ Jurassic Park (1993). ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് വംശനാശം സംഭവിച്ച ദിനോസറുകളെ പുനഃസൃഷ്ടിച്ച് ഒരു തീം പാർക്ക് ഒരുക്കുന്നതാണ് ചിത്രത്തിന്റെ ആശയം. മനുഷ്യന്റെ അതിശയകരമായ ശാസ്ത്രീയനേട്ടമായി അവതരിപ്പിക്കപ്പെടുന്ന പദ്ധതി സുരക്ഷാ സംവിധാനങ്ങൾ തകരുന്നതോടെ നിയന്ത്രണംവിട്ട ദുരന്തമായി മാറുന്നു. അതുപോലെ The Fly (1986), Frankenstein (1931), Splice (2009) എന്നീ ചിത്രങ്ങളും മനുഷ്യൻ പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളിൽ ഇടപെടുമ്പോൾ ഉണ്ടാകാവുന്ന അപ്രതീക്ഷിത പ്രത്യാഘാതങ്ങളാണ് കാണിച്ചുതരുന്നത്. രോഗചികിത്സയ്ക്കായി വികസിപ്പിച്ച സാങ്കേതികവിദ്യ തന്നെ മനുഷ്യനെ മാറ്റിമറിക്കുന്ന ആശയം I Am Legend (2007), Rise of the Planet of the Apes (2011) തുടങ്ങിയ ചിത്രങ്ങളിലും ശക്തമായി പ്രത്യക്ഷപ്പെടുന്നു.
കൃത്രിമബുദ്ധിയെയും റോബോട്ടിക്സിനെയും കേന്ദ്രീകരിച്ച സിനിമകളിലും ഇതേ ആശയം മറ്റൊരു രൂപത്തിൽ കാണാം. 1968-ൽ പുറത്തിറങ്ങിയ 2001: A Space Odyssey എന്ന ചിത്രത്തിലെ 'HAL 9000' സംവിധാനം മനുഷ്യന്റെ ദൗത്യം വിജയകരമാക്കാൻ രൂപകൽപ്പന ചെയ്ത അത്യാധുനിക AI ആണെങ്കിലും, ദൗത്യവും മനുഷ്യജീവനും തമ്മിലുള്ള സംഘർഷത്തിൽ അത് മനുഷ്യർക്കെതിരെ തിരിയുന്നതായി കാണാം. Westworld (1973), Ex Machina (2014), Terminator ചലച്ചിത്ര പരമ്പരകൾ എന്നിവയിലും മനുഷ്യന്റെ സൃഷ്ടി നിയന്ത്രണാതീതമാകുന്നതായി വെള്ളിത്തിരയിൽ കാട്ടിത്തന്നു. A Sound of Thunder (2005), Spider-Man 2 (2004), Outbreak (1995) തുടങ്ങിയ ചിത്രങ്ങളും മേൽപ്പറഞ്ഞ അപകടം ബിഗ് സ്ക്രീനിലെത്തിച്ച സിനിമകളാണ്.
എന്തിരനും മിരുതനും ഏഴാം അറിവും
സാങ്കേതികവിദ്യ അതിന്റെ സൃഷ്ടാവിനെതിരെ തിരിയുന്ന പ്രമേയമുള്ള സിനിമകൾ തെന്നിന്ത്യയിലും പുറത്തിറങ്ങുകയും ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. ഷങ്കർ സംവിധാനംചെയ്ത് 2010-ൽ പുറത്തിറങ്ങിയ എന്തിരൻ അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്. മനുഷ്യസേവനത്തിനായി നിർമിച്ച ചിട്ടിക്ക് മനുഷ്യവികാരങ്ങളും പിന്നീട് നാശകാരിയായ ശക്തിയും ലഭിക്കുന്നതോടെ സ്രഷ്ടാവിന് തന്നെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം. ഇതേ ചിത്രത്തിന്റെ രണ്ടാം ഭാഗമായി 2018-ൽ പുറത്തിറങ്ങിയ 2.0 എന്ന ചിത്രത്തിൽ മൊബൈൽ ഫോൺ റേഡിയേഷൻ ഉയർത്തുന്ന പ്രശ്നങ്ങളാണ് പറഞ്ഞുപോകുന്നത്.
ശാസ്ത്രീയ പരീക്ഷണങ്ങൾ മാത്രമല്ല, ടൈം ട്രാവലും ആയുധ സാങ്കേതികവിദ്യയും പോലും തിരിച്ചടിയാകാമെന്ന് പല സിനിമകളും മുന്നറിയിപ്പ് നൽകുന്നു. തെലുങ്ക് ചിത്രമായ ആദിത്യ 369 (1991), തമിഴ് ചിത്രം ഇൻട്ര് നേട്ര് നാളൈ (2015), തുടങ്ങിയ സിനിമകളിൽ ഭൂതകാലത്തിൽ നടത്തുന്ന ചെറിയ ഇടപെടലുകൾ പോലും വർത്തമാനകാലത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2018-ൽ തിയേറ്ററുകളിലെത്തിയ ടിക് ടിക് ടിക് എന്ന തമിഴ് ചിത്രം ഭൂമിയെ രക്ഷിക്കാനുള്ള ബഹിരാകാശ ദൗത്യത്തിൽ സാങ്കേതിക പ്രശ്നങ്ങളും അട്ടിമറിയും വലിയ ഭീഷണിയാകുന്നതാണ് ചിത്രീകരിച്ചത്. മിരുതൻ (2016), ഏഴാം അറിവ് (2011) തുടങ്ങിയ ചിത്രങ്ങൾ മനുഷ്യന്റെ ശാസ്ത്രീയ പരീക്ഷണങ്ങളും ജൈവായുധ സാധ്യതകളും എങ്ങനെ സമൂഹത്തെയാകെ അപകടത്തിലാക്കാമെന്നും കാണിച്ചുതന്നു.
ശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നതിനപ്പുറം, ശാസ്ത്രീയ പുരോഗതിക്കൊപ്പം ഉത്തരവാദിത്തവും നിയന്ത്രണവും എത്രത്തോളം അനിവാര്യമാണെന്ന് സംസാരിക്കുന്നവയാണ് ഇത്തരം ചിത്രങ്ങൾ. മനുഷ്യന്റെ കഴിവുകളുടെ അതിരുകൾ പരീക്ഷിക്കുന്ന ഓരോ കണ്ടുപിടിത്തത്തിനും അപ്രതീക്ഷിതമായ ഒരു മറുവശമുണ്ടാകാമെന്ന ചിന്തയാണ് ഓരോ സിനിമകളേയും ബന്ധിപ്പിക്കുന്നത്. വിജയിക്കുമെന്ന് കരുതി സൃഷ്ടിച്ച ഒരുല്പന്നംതന്നെ സ്രഷ്ടാവിനെ വേട്ടയാടുന്ന കഥകൾ അതുകൊണ്ടുതന്നെ സയൻസ് ഫിക്ഷനിലും ഹൊററിലും ത്രില്ലറുകളിലും തുടർച്ചയായി ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. സാങ്കേതികവിദ്യ എത്ര ശക്തമായാലും അതിനുപിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യന്റെ ഉത്തരവാദിത്തവും നിയന്ത്രണബോധവുമാണ് ഒടുവിൽ അതിന്റെ ഫലം നിർണയിക്കുന്നത് എന്ന മുന്നറിയിപ്പാണ് ഓരോ സിനിമകളും നൽകുന്നത്.
സാങ്കേതികവിദ്യ വില്ലനാവുന്ന ജെയിംസ് ബോണ്ട് ചിത്രങ്ങൾ
സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന അപകടങ്ങൾ തുടർച്ചയായി വന്നിട്ടുള്ള ചലച്ചിത്ര പരമ്പര ജെയിംസ് ബോണ്ട് ചിത്രങ്ങളാണ്. ഒരു കണ്ടുപിടുത്തമോ സാങ്കേതികവിദ്യയോ നേരിട്ട് വിപരീതഫലം ഉണ്ടാക്കുന്നത് ‘ഡൈ അനദർ ഡേ’ (Die Another Day-2002) എന്ന ചിത്രത്തിലാണ്. ആഗോളതലത്തിൽ കൃഷിയെ സഹായിക്കുന്നതിനായി സൗരോർജം ശേഖരിക്കാൻ രൂപകൽപ്പന ചെയ്ത ഐകാറസ്' (ICARUS) എന്ന ഭ്രമണപഥ സൗര പ്രതിഫലന ഉപഗ്രഹമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വില്ലനായ ഗുസ്താവ് ഗ്രേവ്സ്, കൊറിയൻ ഡിമിലിറ്ററൈസ്ഡ് സോൺ തകർക്കാൻ കഴിയുന്ന ഭീമാകാരമായ ഒരു ഭ്രമണപഥ ലേസർ ബീം ആയി ഇതിനെ മാറ്റുകയാണ് ചെയ്യുന്നത്.
ഈ ചിത്രം കൂടാതെ മറ്റ് ചില ബോണ്ട് സിനിമകളിലും പ്രധാനപ്പെട്ട സാങ്കേതികവിദ്യകളുടെ ദുരുപയോഗങ്ങൾ കാണാം. അവയുടെ വിശദാംശങ്ങൾ ഇങ്ങനെ:
ഗോൾഡൻ ഐ (GoldenEye-1995)
ഒരു സൈനിക പ്രതിരോധ ആയുധമായി രൂപകൽപ്പന ചെയ്ത സോവിയറ്റ് EMP ഉപഗ്രഹ സംവിധാനമാണ് ഇതിലെ പ്രധാന കണ്ടുപിടിത്തം. ഒരു ബാങ്ക് കൊള്ളയ്ക്ക് ശേഷം സാമ്പത്തിക രേഖകൾ മായ്ച്ചുകളയാൻ ലണ്ടന് മുകളിൽ EMP പൊട്ടിത്തെറപ്പിക്കാൻ ജാനസ് ക്രൈം സിൻഡിക്കേറ്റ് ഈ ഉപഗ്രഹം ഹാക്ക് ചെയ്ത് ഹൈജാക്ക് ചെയ്യുന്നു.
ദി വേൾഡ് ഈസ് നോട്ട് ഇനഫ് (The World Is Not Enough-1999)
ഇസ്താംബൂളിൽ ആണവ ദുരന്തം ഉണ്ടാക്കാൻ വില്ലന്മാരായ എലക്ട്ര കിങ്ങും റെനാർഡും ചേർന്ന് ഒരു ആണവ അന്തർവാഹിനിയുടെ റിയാക്ടറും ആണവ പോർമുനാ സാങ്കേതികവിദ്യയും ഹൈജാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നു. ഓയിൽ പൈപ്പ്ലൈനുകളുടെ കുത്തക സ്വന്തമാക്കാൻ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്.
മൂൺറേക്കർ (Moonraker-1979)
അപൂർവ്വമായ ഒരു ഓർക്കിഡിൽ നിന്ന് നിർമ്മിച്ച പ്രത്യേക വിഷവാതകം ഹ്യൂഗോ ഡ്രാക്സ് എന്ന കഥാപാത്രം വികസിപ്പിച്ചെടുക്കുന്നു. ഇത് സസ്യജാലങ്ങളെയും മൃഗങ്ങളെയും ബാധിക്കാതെ മനുഷ്യജീവിതത്തെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് തിരിച്ചറിയുന്ന ജെയിംസ് ബോണ്ടിന്റെ നീക്കങ്ങളാണ് പിന്നീട് പ്രേക്ഷകരിലേക്കെത്തുന്നത്.
ഇതേ പ്രമേയത്തിൽ വന്ന മറ്റുചില ചിത്രങ്ങൾ
- The Noah's Ark Principle (German, 1984) – റോളണ്ട് എമ്മെറിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, വരൾച്ച അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കാലാവസ്ഥാ നിയന്ത്രണ ബഹിരാകാശ നിലയം ഭൂമിയിൽ പ്രളയതുല്യമായ പ്രകൃതിദുന്തങ്ങൾക്ക് കാരണമാകുന്നു.
- Das Experiment (German, 2001) – സ്റ്റാൻഡേർഡ് പ്രിസൺ പരീക്ഷണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം. സോഷ്യൽ ടെക്നോളജിയും സൈക്കോളജിക്കൽ ട്രാക്കിംഗും ഉപയോഗിച്ച് നടത്തുന്ന ഒരു വ്യാജ ജയിൽ പരീക്ഷണം പൊടുന്നനെ യഥാർത്ഥ ജീവിതത്തിലെ മാരകമായ ഹിംസയിലേക്ക് വഴിമാറുന്നു.
- Appu Chesi Pappu Koodu (Telugu, 2008) – ഒരു കോമഡി സയൻസ് ഫിക്ഷനാണിത്. ഒരു ശാസ്ത്രജ്ഞൻ വീട്ടിൽ വെച്ച് നിർമിച്ച ഗാഡ്ജെറ്റുകളും ഓർമ്മകൾ മായ്ച്ചുകളയുന്ന കണ്ടുപിടുത്തങ്ങളും തകരാറിലാകുന്നതും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
- Tears of Steel (English, 2012)-ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ്വെയറായ ബ്ലെൻഡർ ഉപയോഗിച്ച് നിർമിച്ച ഒരു ഒരു ഹ്രസ്വ കംപ്യൂട്ടർ അനിമേറ്റഡ് ചലച്ചിത്രമാണ് ടിയേഴ്സ് ഓഫ് സ്റ്റീൽ. ഇയാൻ ഹൂബെർട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിർമാതാവ് ടോൺ റോസെന്റാളാണ്. ഒരു കൂട്ടം പോരാളികളുടെയും ശാസ്ത്രജ്ഞരുടെയും കഥയാണ് ശാസ്ത്ര ഭാവനാ ചലച്ചിത്രമായ ടിയേഴ്സ് ഓഫ് സ്റ്റീലിൽ ചിത്രീകരിക്കപ്പെടുന്നത്. ഭൂതകാലത്ത് നിന്നും ഭാവിയിലെത്തിയ ഇവർ ആംസ്റ്റർഡാമിലെ ഔദ് കെർകിൽ ഒത്തുചേരുന്നു. വിനാശകാരികളായ യന്ത്രമനുഷ്യരിൽ നിന്നും ലോകത്തെ രക്ഷിക്കാനായിരുന്നു ഇവരുടെ ഒത്തുചേരൽ.
- Manam (Telugu, 2014) – ഇതൊരു ഫാന്റസി-ഡ്രാമയാണെങ്കിലും, ഇതിന്റെ കഥ ചുറ്റിപ്പറ്റി നിൽക്കുന്നത് ഒരു ശാസ്ത്രജ്ഞനിലാണ്. അദ്ദേഹത്തിന്റെ സമയം നിയന്ത്രിക്കാനുള്ള കണ്ടുപിടിത്തവും പുനർജന്മത്തെ മാറ്റാനുള്ള ശ്രമങ്ങളും വളരെ വലിയ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുന്നത്.
- Project Z/Maayavan (Tamil, 2017) – മനുഷ്യന്റെ ബോധവും ഓർമ്മയും പുതിയ ശരീരങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്ന ഒരു ന്യൂറോ സയന്റിസ്റ്റാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. ഇത് പരമ്പര കൊലപാതകങ്ങൾക്ക് കാരണമാകുകയാണ്.
Content Highlights: Science fiction cinema frequently explores the terrifying theme of technological advancements and scientific experiments spiraling out of human control, as iconically portrayed in masterpieces ranging from Hollywood classics like Jurassic Park and 2001: A Space Odyssey to South Indian blockbusters like Enthiran and 7 Aam Arivu.
Published: 20 Sept 2026, 02:36 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented