1996-ല്‍ തനിക്കെതിരേ കള്ളക്കേസ് കൊടുത്ത സ്ത്രീയാണ് ശ്രീലേഖ ഐ.പി.എസ്. എന്നും ആ കേസില്‍ തന്നെ കോടതി കുറ്റവിമുക്തയാക്കിയിട്ടും പിന്നീടും കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍  കള്ളക്കഥയെഴുതി എന്ന വെളിപ്പെടുത്തലുമായി അഭിഭാഷകയും സ്ത്രീ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ പി.വി. വിജയമ്മ. ശ്രീലേഖ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന ആളല്ല. 14 വയസ്സുകാരി കിണറ്റിൽ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ സ്ലട്ട് ഷെയിം ചെയ്യാനാണ് അവർ മുതിർന്നിട്ടുള്ളതെന്നും പ്രതികൾക്കനുകൂലമായ നിലപാടാണ് അന്നും അവർ കൈക്കൊണ്ടതെന്നും വിജയമ്മ വെളിപ്പെടുത്തി. 1996-ൽ ശ്രീലേഖ പത്തനംതിട്ട എസ്.പിയായിരുന്നപ്പോഴാണ് ഈ സംഭവവിവാകസങ്ങൾ ഉണ്ടായതെന്നും വിജയമ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു 

To advertise here,

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കളും ബിന്ദു അമ്മിണിയുമടക്കമുള്ള മൂന്ന് സ്ത്രീകളും ശ്രീലേഖയും തമ്മില്‍ നിയമപോരാട്ടം നടന്നുവെന്നും കോടതി നിങ്ങളെ കുറ്റവിമുക്തയാക്കിയെന്നും കേട്ടിട്ടുണ്ട്. ഇതേ സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയുടെ പല്ലടിച്ചു കൊഴിച്ചു എന്ന കള്ളക്കേസിൽ കുടുക്കി ശ്രീലേഖ ജയിലലടച്ചെന്ന് ബിന്ദു അമ്മിണിയും  എഫ്ബിയിൽ വെളിപ്പെടുത്തൽ നടത്തിയതായി കണ്ടു.  താങ്കളും ബിന്ദു അമ്മിണിയുമെല്ലാം ഉൾപ്പെട്ട അന്നത്തെ ആ സംഭവത്തെ കുറിച്ച്  വിശദീകരിക്കാമോ.?

1996-ലാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. 14 വയസ്സുള്ള പെണ്‍കുട്ടി ദുരൂഹസാഹച്യത്തില്‍ വീട്ടിലെ കിണറ്റില്‍ മരിച്ചു കിടക്കുന്നെന്ന വാര്‍ത്ത പത്ത്രതിലൂടെ അറിഞ്ഞു. കേസന്വേഷണത്തില്‍ അച്ഛനും അമ്മയ്ക്കും തൃപ്തിയില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. അന്ന് സ്ത്രീകൾക്കനുകൂലമായി വാരികയിലും മറ്റും എഴുതുന്നതിന്റെ അടിസ്ഥാനത്തിൽ, എസ്.പി. ആയ ശ്രീലേഖയെ ഈ വിഷയം ധരിപ്പിക്കാമെന്ന് തീരുമാനിച്ചു. അതിനിടെയാണ് തലയ്ക്ക് പരിക്കേറ്റ അവസ്ഥയില്‍ ബിന്ദു( ബിന്ദു അമ്മിണി) എന്ന മറ്റൊരു പെണ്‍കുട്ടിയെ വൈ.ഡബ്ല്യു.സി. ഹോസ്റ്റല്‍ വരാന്തയില്‍ ശോശാമ്മ ഡാനിയേല്‍ കാണുന്നത്. തലയ്ക്ക് അടിച്ച് പരിക്കേല്‍പിച്ചിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന പരാതി ബിന്ദുവും പങ്കുവെച്ചു. തുടർന്ന് പെൺകുട്ടി കിണറ്റിൽ മരിച്ച വിഷയത്തിൽ ഇടപെടാനായി സംഘടിപ്പിച്ച സ്ത്രീകളുടെ മീറ്റിങ്ങിലേക്ക് ബിന്ദുവിനെയും ക്ഷണിച്ചു. തുടര്‍ന്ന് ഞാനും അഭിഭാഷക ഷീബയും ബിന്ദു അമ്മിണിയും കൂടി ശ്രീലേഖയെ പോയി കാണാന്‍ തീരുമാനിച്ചു. ബിന്ദുവിന്റെ കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് അവർ അറിയിച്ചു. ശേഷം കിണറ്റില്‍ വീണ് മരിച്ച കുട്ടിയുടെ വിഷയം ഞങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ വളരെ മോശമായ സദാചാര പ്രസംഗമാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടായത്. ഒമ്പതാം വയസ്സു മുതല്‍ പുരുഷന്‍മാരുമായി ബന്ധപ്പെടുന്ന പെണ്‍കുട്ടിയാണവള്‍ എന്നും എന്ത് കണ്ടിട്ടാണ് ആ പെണ്‍കുട്ടിക്ക് വേണ്ടി നിങ്ങള്‍ വാദിക്കുന്നതെന്നുമുള്ള ചോദ്യമായിരുന്നു ശ്രീലേഖ ചോദിച്ചത്. കുട്ടിയുടെ അമ്മ മോശം സ്ത്രീയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലല്ല വേറെ പരിപാടിക്കാണ്  പോയതെന്നും അമ്മയും മോളും ശരിയല്ലെന്നും ഒരടിസ്ഥാനവുമില്ലാതെ ശ്രീലേഖ പറഞ്ഞു. സംഭവം നടന്ന ദിവസം ഇളയ മകന് അസുഖം വന്ന് ഡോക്ടറെ കാണാന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മോളെ വീട്ടിലാക്കി പോയതായിരുന്നു ഈ അമ്മ. ഞാൻ നേരിട്ടന്വേഷിച്ചറിഞ്ഞ കാര്യമാണത്. അന്ന് ഡോക്ടറെ കാണിക്കാന്‍ പറ്റാത്തതിനാല്‍ അമ്മയും അനുജനും അവിടെ ബന്ധുവീട്ടിൽ താമസിച്ചു. പിറ്റേന്ന് വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ കതകു തുറന്ന് വീടാകെ അലങ്കോലമായി കിടക്കുന്നതാണ് കാണുന്നത്. മൂന്ന് ദിവസം തിരഞ്ഞ് ഒടുവിലാണ് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആ കുട്ടിയെ കുറിച്ചാണ് വളരെ മോശമായ രീതിയില്‍ ശ്രീലേഖ സംസാരിച്ചത്. "മോശം ജീവിതരീതി നാട്ടുകാരറിഞ്ഞപ്പോള്‍ കിണറ്റില്‍ ചാടി ചത്തു. ആ കേസിനാണോ നിങ്ങള്‍ ശുപാര്‍ശയുമായി വന്നത്" എന്നായി ശ്രീലേഖയുടെ ചോദ്യം. കുട്ടി 9 വയസ്സു മുതൽ സെക്ഷ്വൽ ഇന്റർകോസ് നടത്തുന്നുണ്ട് എന്ന വിവരം നിങ്ങൾക്കെങ്ങനെ കിട്ടി എന്ന ചോദ്യത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് എന്നായിരുന്നു ശ്രീലേഖയുടെ മറുപടി എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ടായിരുന്നു. 9 വയസ്സു മുതല്‍ കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ എവിടെയും പറയുന്നില്ലെന്നും എന്തിസ്ഥാനത്തിലാണ് കുട്ടിക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഞാന്‍ ചോദിച്ചു. അവർക്കത് നാണക്കേടായി. വലിയ വാഗ്വാദം ഉണ്ടായി. തുടർന്നാണ് അവർ ഞങ്ങളെ മൂന്ന് പേരെയും കള്ളക്കേസിൽ കുടുക്കുന്നത്. കളക്ടറേറ്റില്‍ നിന്നു ഫോണ്‍ വന്നപ്പോള്‍ ഞാന്‍ ഫോൺ എടുക്കാൻ സമ്മതിക്കാതെ തള്ളിമറ്റിയെന്ന ആരോപണം വരെ ഇവര്‍ ഉന്നയിച്ചു. 

കേസെടുത്തത് പോലെ ദേഹത്ത് തൊടുന്ന രീതിയില്‍ ഒരു ആക്രമണവും ശ്രീലേഖയ്ക്കെതിരേ നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നാണോ?

ദേഹത്ത് തൊട്ടിട്ടിട്ടു പോലുമില്ല. അവര്‍ കള്ളിയാണ്. നാക്കെടുത്താല്‍ നുണ മാത്രമേ അവർ പറയൂ. അന്ന് വാഗ്വാദം ഉണ്ടായപ്പോൾ "നിങ്ങൾ സ്ത്രീ വിരുദ്ധ യാണെന്നും പ്രവൃത്തിയും വാക്കുകളും രണ്ടാണെന്നും മാധ്യമങ്ങളില്‍ എഴുതി മറിക്കുന്ന പോലല്ല നിങ്ങൾ യഥാര്‍ഥത്തിലെന്നും' ഞാൻ അവരുടെ മുഖത്ത് നോക്കി പറഞ്ഞു. ഇതില്‍ ക്ഷുഭിതയായ ഇവര്‍ ഞങ്ങള്‍ നക്‌സലുകളാണെന്നും സംഘടിതമായി ആക്രമിക്കാനാണ് ചെന്നതെന്നും പറഞ്ഞ് ഞങ്ങള്‍ക്കെതിരേ കേസെടുത്തു. എനിക്കെതിരേ ഒരുപാട് വകുപ്പിട്ടായിരുന്നു കേസെടുത്തത്. ജാമ്യം തരാതിരിക്കാനും ശ്രമിച്ചു. ഒടുവില്‍ അഭിഭാഷകരെത്തി പോലീസ് സ്‌റ്റേഷനില്‍ വെച്ച് പ്രതിഷേധിച്ച് വലിയ സമ്മർദ്ദത്തിലായി അവർ. ഒടുവിൽ ജാമ്യമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി. സ്ത്രീകളോട് യാതൊരു കാരുണ്യവുമില്ലാത്ത സ്ത്രീയാണിവര്‍ എന്നാണെന്റെ അനുഭവം.

കേസിന് പിന്നെന്ത് സംഭവിച്ചു?

കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചത്. ടി.പി. സെന്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. ഐ.പി.സി. 323-യിലെ മര്‍ദ്ദനമടക്കമുള്ള വകുപ്പുകളെല്ലാം ഇവർ എനിക്കു നേരെ ചുമത്തിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ട് ആ വകുപ്പെല്ലാം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒഴിവാക്കി. ഒടുവില്‍ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തി, അനുവാദമില്ലാതെ കടന്നു കയറി എന്ന വകുപ്പിട്ട് കേസെടുക്കുകയായിരുന്നു. ആ കേസില്‍ റാന്നി മജിസ്‌ട്രേറ്റ് കോടതി എന്നെ വെറുതെ വിടുകയും ചെയ്തു. അതിനു ശേഷം ബിന്ദു അമ്മിണിക്കെതിരേ പല കേസുകള്‍ പിന്നെയും വന്നു. വക്കീലന്‍മാരെന്ന ഇമ്മ്യൂണിറ്റി ഞങ്ങള്‍ക്കുമുണ്ടായി. പക്ഷെ, ബിന്ദുവിനെ അവർ വേട്ടയാടി.

ശ്രീലേഖയുടെ ഭാഗത്തുനിന്ന് പിന്നെ ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നോ?

സ്വന്തം യുട്യൂബ് ചാനലിലൂടെ എന്തൊക്കെയോ ആരോപണങ്ങള്‍ ഈ വിഷയത്തില്‍ എനിക്കെതിരേ അവര്‍ ഉന്നയിച്ചിരുന്നു. 2017-ൽ കേസുമായി ബന്ധപ്പെട്ട് ഒരു വാരികയില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അവരെഴുതിയത്. "പത്തനംതിട്ട എസ്.പി. ആയിരുന്നപ്പോള്‍ ഒരു വനിതാ വക്കീലുമായി പ്രശ്‌നമുണ്ടായി. പെണ്‍കുട്ടി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പയ്യന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു. ആ പയ്യന്‍മാര്‍ക്കെതിരേ കൊലപാതക കേസെടുക്കാന്‍ ഈ വക്കീല്‍ പ്രേരിപ്പിച്ചു എന്നൊക്കെയായിരുന്നു അതില്‍ എഴുതിവെച്ചത്. കളക്ടറുടെ ഫോണ്‍ വന്നപ്പോള്‍ അതെടുക്കാന്‍ സമ്മതിച്ചില്ലെന്നും കൈയ്യില്‍ കയറി പിടിച്ചെന്നും എന്നിട്ട് ക്ഷമ കെട്ട് ആ വക്കീലിനെ അടിച്ചെന്ന് വരെ അവർ എഴുതി വെച്ചു. ഞാൻ അവരെ തല്ലിയെന്നായിരുന്നു ആദ്യം അവർ എനിക്കെതിരേ ഉന്നയിച്ച ആരോപണം തന്നെ. എന്നാൽ വർഷങ്ങൾക്കിപ്പുറം വാരികയിൽ എഴുതിയപ്പോൾ എന്നെ തല്ലിയെന്നായി അത് മാറി. അന്നത്തെ മുഖ്യമന്ത്രി നായനാർ ഇതിനിടെ പത്തനംതിട്ടയില്‍ വന്നപ്പോള്‍  ഓളെ അടിച്ചോ എന്ന് ചോദിച്ചെന്നും അടിച്ചു പോയി സാര്‍ എന്നു ശ്രീലേഖ പറഞ്ഞെന്നും പൊട്ടിച്ചിരിച്ചുകൊണ്ട് നായനാര്‍ ശ്രീലേഖയെ അഭിനന്ദിച്ചുവെന്നും വരെ അവർ വാരികയിൽ എഴുതി. അത്രയ്ക്കും വലിയ കളവാണ് എഴുതിവെച്ചത്. 

ഈ പറഞ്ഞത് വെച്ചാണേല്‍ നിങ്ങളെയല്ലേ ആക്രമിച്ചത്. പക്ഷെ അവര്‍ കേസ് കൊടുത്തത് അവരെ ആക്രമിച്ചെന്നല്ലേ?

അതാ ഞാന്‍ പറഞ്ഞത് നാക്കെടുത്താല്‍ അവർ കള്ളമേ പറയൂ എന്ന്. ന്യൂജെന്നിന്റെ ഭാഷയില്‍ പറഞ്ഞാല്‍ തള്ളി മറിക്കുകയാണ്. നായനാര്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ എതിര്‍ത്ത് പറയില്ലെന്നവര്‍ക്ക് ഉറപ്പാണ്. ആ കോണ്‍ഫിഡന്‍സിലാണ് അവരത് പറയുന്നത്. 

നിങ്ങള്‍ നിയമനടപടിയുമായി മുന്നോട്ടു പോയോ? 

ഞാൻ വക്കീല്‍ നോട്ടീസയച്ചിരുന്നു. പക്ഷെ അവർ എന്റെ പേര് പരാമർശിച്ചിരുന്നില്ല. ഡിഫര്‍മേഷന് പോകുമെന്നതിനാലാവാം പേര് പറയാഞ്ഞത്. 

ദിലീപിനെ അനുകൂലിച്ച് അവർ പറഞ്ഞ പ്രസ്താവനകൾ കണ്ടിരിക്കുമല്ലോ. വലിയ വിവാദമായിരിക്കുകയാണ്. അഭിഭാഷക എന്ന നിലയില്‍ ആ പരാമർശങ്ങളെ എങ്ങനെ നോക്കി കാണുന്നു?

ഉണ്ട ചോറിനോട് നന്ദി വേണ്ടെ ഒരാൾക്ക്. ഇത്രനാളും പോലീസ് വകുപ്പിലിരുന്നിട്ട് അതേ പോലീസ് കള്ളക്കേസ്‌ എടുത്തു എന്നൊക്കെ പറയാന്‍ പാടുണ്ടോ? 

കേസിലുൾപ്പെടാത്ത ദിലീപിനെ കേസിൽപ്പെടുത്താൻ ഗൂഢാലചന നടന്നെന്ന് വരെ പറയുന്നുണ്ട്?

ഗൂഢോലോചന നടത്തിയത് നടിയെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്. സര്‍വ്വീസിലുള്ളപ്പോൾ ഗൂഢാലോചന നടത്തിയവരെ ഇവരെന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല? ഈ കേസന്വേഷണത്തിലൊന്നും ഒരു തരത്തിലും ഭാഗഭാക്കാവാത്ത ആളാണ് ഇവര്‍. റിട്ടയര്‍ ചെയ്ത്  യുട്യൂബ് ചാനലിലിരുന്ന് ഇങ്ങനെ പറയാന്‍ പാടുള്ളതാണോ ഇതെല്ലാം? കോടാനുകോടി വരുമാനമുള്ള പ്രതി കേസന്വേഷണത്തില്‍ പൊതുവികാരം അനുകൂലമാക്കാന്‍ കയ്യിലുള്ള കാശ് ചിലവാക്കുന്ന പോലുണ്ട് പലരുടെയും പ്രതികരണങ്ങൾ കണ്ടാൽ തോന്നുക.

ഒരു കോടി വാഗ്ദാനം ചെയ്ത കേസില്‍ മൂന്നൂറ് രൂപ മണിയോര്‍ഡര്‍ അയക്കാന്‍ പറഞ്ഞ് പ്രതി കത്തെഴുതുമോ, പ്രതിയെ അറസ്റ്റ് ചെയ്ത ഉടനെ ഗൂഢാലോചനയെ കുറിച്ച് പ്രതി തുറന്നു പറയേണ്ടതല്ലെ അതിനാല്‍ ദിലീപ് നിരപരാധിയാണെന്നൊക്കെയാണ് ശ്രീലേഖ പറയുന്നത്.

ശ്രീലേഖ പറയുന്ന ഒരു പ്രസ്താവനയും നമ്മളാരും ഗൗരവത്തിലെടുക്കരുത്. എന്റെ കേസില്‍തന്നെ നടന്നതിന് എത്ര കടകവിരുദ്ധമായാണ് ഇവര്‍ എഴുതിയത്. തല്ലി എന്നും തല്ലിയ പോലീസുദ്യോഗസ്ഥയെ മുഖ്യമന്ത്രി അഭിനന്ദിച്ചു എന്ന് വരെ മാധ്യമങ്ങളില്‍ എഴുതിവെച്ച സ്ത്രീയാണ്. എന്നാൽ കേസിലും കോടതിയിലും നടന്നത് മറ്റൊന്നും

കിണറ്റിൽ വീണ് മരിച്ച പെണ്‍കുട്ടിയുടെ കേസ്സിനെന്താണ് പിന്നീട് സംഭവിച്ചത്?

ആ കേസ് പ്രതികള്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന തരത്തിലാണു കേസെടുത്തത്. വേണ്ടത്ര തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ കേസ് തള്ളിപ്പോവുകയായിരുന്നു. പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു.