തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതിനിയന്ത്രണം തുടരുമെന്ന് കെ.എസ്.ഇ.ബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ബുധനാഴ്ച വൈകീട്ട് 06.15 മുതൽ രാത്രി 12:45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി.

To advertise here,

സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. അതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടുന്നുണ്ട്.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്.

ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്നനിലയിൽ തുടരുന്നതുംമൂലമാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽ തുടരുന്നത്. കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിൽ രേഖപ്പെടുത്തിയ പീക് ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്ന് ഏകദേശം 1,100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.