കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് ദീദി ദാമോദരന്‍. പദവിയോട് ചേര്‍ന്ന പ്രതികരണമല്ല ശ്രീലേഖ നടത്തിയത്. സ്ത്രീ എന്ന നിലയില്‍ ശ്രീലേഖയ്ക്ക് എങ്ങനെ ഇത്തരത്തിലുള്ള പ്രതികരണം നടത്താന്‍ കഴിയുന്നുവെന്നും ദീദി  ചോദിച്ചു.

To advertise here,

ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ, പുരുഷമേധാവിത്വത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ശ്രീലേഖ ആരുടെ വക്താവ് ആണെന്നും ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും കേരളത്തിന് മനസ്സിലാവുന്നുണ്ട്. ഇരയാക്കപ്പെട്ട പെണ്‍കുട്ടി അതിജീവിതയിലേക്കെത്തിയതിനെ കുറിച്ച് ശ്രീലേഖ അറിഞ്ഞില്ലെന്ന് തോന്നുന്നു. ഭരണസംവിധാനങ്ങളും സ്ഥാപനങ്ങളും അതിജീവിതയ്ക്കൊപ്പം അല്ലെന്ന് പലപ്പോഴായി സ്വയം വെളിപ്പെടുകയാണെന്നും ദീദി പറഞ്ഞു. 

ഇത്തരം വെളിപ്പെടുത്തല്‍ സാധാരണ മനുഷ്യരുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണെങ്കില്‍ അതിനെ സര്‍ക്കാര്‍ ഇടപെട്ട് പ്രതിരോധിക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള ശമ്പളം വാങ്ങിയിരുന്ന ശ്രീലേഖ, അല്‍പം ഉത്തരവാദിത്തത്തോട് കൂടി പ്രതികരിക്കണമായിരുന്നുവെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ അവര്‍ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ.

നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കുറ്റപത്രത്തെ തന്നെ വീഡിയോയിലൂടെ ചോദ്യംചെയ്യുകയാണ് ശ്രീലേഖ. ദിലീപിനെതിരേ തെളിവു കിട്ടാത്തതുകൊണ്ടാണ് പോലീസ് രംഗത്ത് വന്നിട്ടുള്ളതെന്ന് അവര്‍ പറയുന്നു. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും പള്‍സര്‍ സുനി ക്വട്ടേഷനായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നില്ല. സാധാരണഗതിയില്‍ ഇത്രയുംനീണ്ട അന്വേഷണഘട്ടത്തില്‍ പ്രതികള്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതാണ്. പള്‍സര്‍ സുനിക്കെതിരേ സിനിമാമേഖലയില്‍ നിന്ന് പലര്‍ക്കും സമാനരീതിയിലുള്ള മോശം അനുഭവമുണ്ടായിട്ടുള്ളതായി തനിക്ക് അറിയാമെന്നും- ശ്രീലേഖ പറഞ്ഞു.