
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളില്‍ ഏറ്റവും ജനാധിപത്യമൂല്യം അവകാശപ്പെടാവുന്നത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമമാണ് വിവരാവകാശ നിയമം. 2005 ഒക്ടോബര്‍ 12 നാണ് ഈ നിയമം പാസാക്കിയത്. ഈ നിയമ നിർമാണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് അരുണ റോയ്. ഇവര്‍ ഉള്‍പ്പെടുന്ന മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിവരവകാശ നിയമനിര്‍മാണത്തിലേക്കെത്തിയത്. ഐഎഎസ് ഉപേക്ഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കാന്‍ തിരിച്ച അരുണയെ തികച്ചും ഒരു സാമൂഹിക പ്രവര്‍ത്തകയെന്ന് വിളിക്കാം.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ പ്രസിഡന്റും, കര്‍ഷകരുടെയും മറ്റ് അസംഘടിത തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതനിന്റെ സ്ഥാപകയുമാണ് അരുണ. ഇന്ത്യയിലെ സാമൂഹിക പ്രവര്‍ത്തകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് അരുണ റോയിയുടേത്. 1946ല്‍ ചെന്നെയിൽ ഹേമയുടെയും ഇ.ഡി ജയറാമിന്റെയും മകളായാണ് ജനനം. നാല് മക്കളില്‍ മൂത്തയാളായിരുന്നു അരുണ.
യാഥാസ്ഥിതിക സാമുഹിക ചുറ്റുപാടുകളിലാണ് ജീവിച്ചതെങ്കിലും പുരോഗമനപരമായി ചിന്തിക്കുന്ന മാതാപിതാക്കള്‍ അരുണയുടെ സാമൂഹിക വീക്ഷണം പണിതുയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. ജാതി മതങ്ങള്‍ക്ക് അതീതമായി തുല്യതയുടെ പാഠങ്ങള്‍ പഠിച്ചാണ് വളര്‍ന്നത്. അച്ഛന്‍ ജയറാം സ്വാതന്ത്ര്യ സമരത്തില്‍ സജീവ പങ്കാളിയായിരുന്നു. പിന്നീട് കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചില്‍ നിയമോപദേശകനായിരുന്നു. 4ാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം അരുണ ഡല്‍ഹിയിലേക്ക് പറിച്ച് നടപ്പെട്ടു. പിന്നീട് കലാക്ഷേത്രയില്‍ നിന്ന് കാലാപഠനം പൂര്‍ത്തിയാക്കി.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇവര്‍ പിന്നിട് 1968ല്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു. അരുണ തന്റെ ആദ്യത്തെ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ പാസായിരുന്നു. അക്കാലയളവില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ പരീക്ഷയെഴുതിയിരുന്നത്. സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ താന്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാട് മുറുകെ പിടിച്ചിരുന്നു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെച്ച തന്റെ ജീവിതത്തെ ഐഎഎസ് പദവിയുടെ ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്താന്‍ അരുണ തയ്യാറായില്ല. 1974ല്‍ ഐഎഎസ് പദവിയില്‍ നിന്ന് അരുണ സ്വയം വിരമിച്ചു. ബ്യൂറോക്രാറ്റിക്ക് പരിതസ്ഥിതിയില്‍ ജോലി ചെയ്യുന്നതില്‍ താത്പര്യപ്പെടാത്തതിനാലാണെന്നും , ഐഎഎസ് ജോലി പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നില്ലെന്നും ഒരു അഭിമുഖത്തില്‍ അരുണ വ്യക്തമാക്കിയിരുന്നു. സിവില്‍ സര്‍വീസ് ജീവിതം ഇന്ത്യന്‍ ഭരണസംവിധാനത്തെ കുറിച്ച് ആഴത്തില്‍ അടുത്ത് നിന്നറിയാന്‍ അരുണയെ സഹായിച്ചു.

ബാച്ച് മേറ്റായിരുന്ന ബംഗാളി സുഹൃത്ത് സഞ്ജിത്ത് റോയിയെയാണ് അരുണ വിവാഹം ചെയ്തത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ റോയ് ആദ്യകാലഘട്ടത്തില്‍ തന്നെ സജീവമായിരുന്നു.അദ്ദേഹം രാജസ്ഥാനില്‍ സ്ഥാപിച്ച സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്ഥാപനം ബെയര്‍ ഫൂട്ട് കോളേജെന്നും അറിയപ്പെട്ടിരുന്നു.രാജസ്ഥാനിലെ തിലോണിയയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണര്‍ക്കിടിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവര്‍ക്കിടയിലെ നവോത്ഥാനവുമാണ് സംഘടന ലക്ഷ്യം വെച്ചിരിക്കുന്നത്. 1972ല്‍ തന്നെ ഇവിടെ ബെയര്‍ ഫൂട്ട് കോളേജ് ആരംഭിച്ചിരുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, ആരോഗ്യം, കുടിവെള്ളം, സ്ത്രീ ശാക്തീകരണം, ഗ്രാമീണ ജനങ്ങളുടെ ഉന്നമനത്തിനായി സൗരോര്‍ജ്ജം വഴിയുള്ള വൈദ്യുതീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സന്നദ്ധ സംഘടനയാണ് ബെയര്‍ ഫൂട്ട് കോളേജ്. സ്ത്രീകളാണ് പഠിക്കാനെത്തുന്നവരില്‍ കൂടുതല്‍. നിരക്ഷരരായ ഗ്രാമീണരെ സൗരോര്‍ജ്ജം, ജലസേചനം, മാലിന്യനിര്‍മാര്‍ജനം, വിദ്യാലയങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍ ഒക്കെ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുന്നു, ഇവര്‍ പിന്നീട് ആരോഗ്യപ്രവര്‍ത്തകരും വ്യാപാരികളും സേവനദാതാക്കളുമായി സ്വന്തം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഐഎഎസ് ഒഴിവാക്കുന്നതില്‍ സുഹൃത്തുകളും കുടുബവും അനുകൂല പ്രതികരണങ്ങള്‍ അരുണയ്ക്ക് നല്‍കിയിരുന്നില്ല. അരുണ തന്റെ സര്‍വീസില്‍ നിന്നും ആറ് മാസത്തെ അവധിയെടുത്തു ബെയര്‍ ഫൂട്ട് കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഭര്‍ത്താവും അവിടെത്തെ സാധാരണക്കാരുമായുള്ള ബന്ധവും സാമൂഹിക പ്രവര്‍ത്തനങ്ങളുടെ അനന്ത സാധ്യതകളും അരുണ അവിടെ നിന്ന് മനസിലാക്കി. ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ അരുണ തന്റെ പാത സിവില്‍ സര്‍വീസിന് പുറത്തുള്ള ലോകമാണെന്ന് ഉറപ്പിച്ചു

കുടുംബത്തിന്റെ വരുമാന മാര്‍ഗമായ തന്റെ ജോലി ഒഴിവാക്കുകയെന്നത് അരുണയെ സംബന്ധിച്ച വലിയ കടമ്പയായിരുന്നു. അതിനാല്‍ സഹോദരന്റെ പഠനം കഴിയാനായി അരുണ കാത്തിരുന്നു. അങ്ങനെ തന്റെ 28ാമത്തെ വയസ്സില്‍ രാജ്യത്തിന്റെ ഉന്നത ശ്രേണിയിലെ ആരും കൊതിക്കുന്ന ജോലി ഉപേക്ഷിച്ച് അരുണ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി. പ്രജകളെ സേവിക്കാന്‍ ചെങ്കോല്‍ ആവശ്യമില്ലെന്ന് പറഞ്ഞ വിപ്ലവകാരിയായ രാജാവിനെ പോലെ.
ഗാന്ധിയന്‍ ആശയങ്ങള്‍ അരുണയുടെ സാമൂഹിക ജീവിതം വാര്‍ത്തെടുക്കുന്നതില്‍ വളരെയധികം സ്വാധിനിച്ചിരുന്നു.ഇന്ത്യന്‍ ഗ്രാമങ്ങളിലെ സാമൂഹിക അവസ്ഥ നേരില്‍ കണ്ട അരുണ തന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുകയായിരുന്നു .നാനാവിധ സൗകര്യങ്ങളും അനുഭവിച്ചിരുന്ന അരുണയ്ക്ക് തിലോണിയയിലെ ജീവിതം മറ്റൊരു പാഠപുസ്‌കമായിരുന്നു. ജലലഭ്യത കുറഞ്ഞ്, വൈദ്യുതിയില്ലാത്ത, ബസ് സര്‍വീസ് ഇല്ലാത്ത, ബാങ്ക് സൗകര്യങ്ങളിലാത്ത തിലോണിയ ഗ്രാമജീവിതം സാധാരണകാരുടെ ജീവിതത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. സിവില്‍ സര്‍വീസ് കാലഘട്ടത്തില്‍ ജനങ്ങളുമായി ഇടപ്പെട്ടിരുന്നുവെങ്കിലും ഇത്രയക്ക് ഇഴയടുപ്പം അധികാരത്തിന്റെ അദ്യശ്യ മതില്‍ കാരണം സാധ്യമായിരുന്നില്ല.

അരുണയുടെ പ്രവര്‍ത്തനങ്ങളോട് ഗ്രാമത്തിലെ സ്ത്രീകള്‍ മുഖം തിരിച്ചു. എന്നാല്‍ പതിയെ അരുണയെ അവര്‍ മനസിലാക്കാന്‍ ആരംഭിച്ചു. തങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തക്കുന്ന ആ പോരാളിയെ അവര്‍ അംഗീകരിക്കുകയും ചെയ്തു. ദളിതരായ ലെതര്‍ നിര്‍മ്മാണ ജോലിക്കാര്‍ക്കിടിയിലും നെയ്ത്തുകാര്‍ക്കിടയിലും അരുണ തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആരംഭിച്ചു.
പിന്നീട് സ്ത്രീകള്‍ക്കിടയിലെ സാമുഹിക ബോധവകരണത്തിന് അവര്‍ ആരംഭം കുറിച്ചു. സ്ത്രീകള്‍ക്കിടയിലെ സാക്ഷരത പ്രവര്‍ത്തനങ്ങളും സ്വയംപര്യാപ്തതയുടെ ആശയങ്ങളുടെ വ്യാപനവും അവരെ ജനകീയയാക്കി. തിലോണിയയാണ് അരുണയുടെ യഥാര്‍ത്ഥ സ്‌കൂളെന്ന് അരുണ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവിടെത്തെ ജനങ്ങള്‍ നല്‍കിയ അടിസ്ഥാന കാര്യങ്ങള്‍ വേറെ ആരും പഠിപ്പിച്ചിട്ടില്ലെന്ന് അവര്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

മഹാത്മാ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ അരുണയുടെ സാമൂഹിക ജീവിതത്തിലും പ്രതിഫലിച്ചിരുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ഭക്ഷണത്തിനുള്ള അവകാശം, തൊഴിലിനുള്ള അവകാശം എന്നിവയ്ക്കായി അവര്‍ ശക്തമായി വാദിച്ചു, പോരാടി. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന് വേണ്ടിയും അരുണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
തന്റെ ജീവിതത്തില്‍ നിരവധി സ്ത്രീകള്‍ മാതൃകയായിരുന്നു എന്ന് അരുണ ഒരു അഭിമുഖത്തില്‍ പറയുന്നു.ആശയങ്ങളും നിലപാടുകളുമുള്ള അമ്മയായിരുന്നു ആദ്യ പ്രചോദനം. 40 വര്‍ഷത്തോളം തനിക്ക് പരിചയമുള്ള നൗത്രി എന്ന സുഹൃത്ത് അരുണയുടെ ജീവിതത്തില്‍ വലിയ വെളിച്ചം തെളിച്ചിരുന്നു. തന്നെക്കാളും പ്രായകുറഞ്ഞതും ദളിതുമായ സുഹൃത്തിന്റെ പോരാട്ടം അരുണയെ വിസ്മയിപ്പിച്ചിരുന്നു. അടിസ്ഥാന വിദ്യാഭ്യാസം തേടിയ ആ സുഹൃത്തിനെ അരുണ പരിചയപ്പെടുമ്പോള്‍ ദിവസ വേതനക്കാരിയിരുന്നു. തൊഴിലിടത്തിലെ ജനാധിപത്യ വിരുദ്ധ അന്തരിക്ഷത്തിനെതിരെയും, തുല്യ വേതനമില്ലായ്മയ്‌ക്കെതിരെയും ഇവര്‍ പോരാടി. തുല്യവേതനത്തിനായുള്ള ഇവരുടെ പോരാട്ടത്തില്‍ അരുണയും പങ്കാളിയാവുകയായിരുന്നു
1990 മെയ് ഒന്നിന് അരുണ റോയ്, നിഖില്‍ ഡേ, ശങ്കല്‍ സിങ്ങ് എന്നിവരുടെ നേതൃത്ത്വത്തില്‍ മസ്ദൂര്‍ കിസാന്‍ ശക്തി സംന്‍ഗാതന്‍ രൂപീകൃതമായി. ആയിരക്കണക്കിന് വരുന്ന സാധാരണക്കാരെ സാക്ഷി നിര്‍ത്തി രാജസ്ഥാനില്‍ വെച്ചായിരുന്ന രൂപികരണം. ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് അവര്‍ക്ക് താങ്ങാവുന്ന ഒരു സംഘടന എന്നതായിരുന്നു ലക്ഷ്യം. ഒരു സംഘടന രജിസ്‌ട്രേഷനും മസ്ദൂര്‍ കിസാന്‍ ചെയ്തിരുന്നില്ല. യാതൊരു രജിസ്‌ട്രേഷന്‍ ഫീസും ഇല്ലാതെ തന്നെ സ്വതന്ത്രമായി സംഘടനയില്‍ പ്രവര്‍ത്തിക്കാമെന്നായിരുന്നു ഈ സംഘടനയുടെ പ്രധാന ആകര്‍ഷണം. വളരെയധികം സുതാര്യതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന ഖ്യാതിയും കിസാന്‍ മസ്ദൂറിനുണ്ട്. ജനങ്ങളെ കൂടി പങ്കാളിയാക്കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു നയിച്ചിരുന്നത്. അനാവശ്യ ഫണ്ടിങ്ങുകള്‍ ഇതിനായി ഉപയോഗിച്ചിരുന്നില്ല.
തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങളില്‍ ഇടപെട്ട സംഘടന ന്യായ വേതനത്തിനും തുല്യവേതനത്തിനും വേണ്ടി പോരാടി. പിന്നീട് വിവരാവകാശം എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടെന്ന ആശയത്തിലേക്ക് എത്തുകയും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വലിയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം 2005ല്‍ വിവരാവകാശ നിയമം നിലവില്‍ വന്നു. പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിയമം നടപ്പിലാക്കിയത്.വിലക്കപ്പെട്ട ചുരുക്കം വിവരങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാവണമെന്നാണ് ഈ നിയമത്തിന്റെ രത്‌നചുരുക്കം.ജനാധിപത്യ ചട്ടക്കൂടിലെ ജനപങ്കാളിത്തം രഹസ്യമായി ഇരിക്കുന്നതും ജനങ്ങളോടുള്ള ഉത്തരവാദിത്വമില്ലാത്ത ഭരണസംവിധാനവും നാം നേരിടുന്ന വലിയൊരു പ്രതിന്ധിയാണ് അത് വിവരാവകാശം ജനങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ വലിയ രീതിയില്‍ സുതാര്യത അനുഭവിക്കാന്‍ സാധിക്കും.

പിന്നീട് ദി ആര്‍.ടി.ഐ സ്‌റ്റോറി, പവര്‍ ഓഫ് പീപ്പിള്‍ എന്ന പേരില്‍ ഈ പോരാട്ടത്തെ കുറിച്ച് പുസ്തകം രചിച്ചു. വിവരാവകാശ നിയമത്തിനായുള്ള പോരാട്ട നാള്‍വഴികളെ കുറിച്ച് പുസ്തകം വിശദമാക്കുന്നു.
അന്നു ഇന്നും നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാനോ അയവ് വരുത്താനോ അരുണ തയ്യാറില്ല. ജനങ്ങള്‍ ബുദ്ധിമുട്ടകളുണ്ടാക്കുന്ന എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയും അവര്‍ പ്രതികരിച്ചു.രാജ്യത്തെ അസഹിഷ്ണതയ്‌ക്കെതിരെയും തന്റെ ആകുലതകള്‍ അരുണ പങ്കുവെച്ചിരുന്നു. സാമൂഹിക മാറ്റത്തിനായുള്ള എന്റെ ആശയങ്ങളില്‍ ഇന്നും ഞാന്‍ സന്തോഷത്തോടെ തന്നെ നിലയുറച്ചു നില്‍ക്കുന്നതാണ് തന്റെ ഏറ്റവും വലിയ വിജയമെന്ന് അരുണ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. 2019 കാലത്ത് വിവരാവകാശ നിയമം ഭേദഗതി നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് അരുണ നേതൃത്വം നല്‍കി. നിയമം ഭേദഗതി ചെയ്ത ബില്‍ നിയമത്തെ കൊല്ലുന്നതിന് തുല്യമാണെന്ന് അരുണ പറഞ്ഞിരുന്നു .

രാജസ്ഥാനിലെ ഭീം പ്രവിശ്യയില്‍ സ്‌കൂള്‍ ഓഫ് ഡെമോക്രസിയെന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാള്‍ കൂടിയാണ് അരുണയിപ്പോള്‍. ജനാധിപത്യം മഹത്തരമാണെന്ന ബോധം പുതിയ തലമുറയിലുണ്ടാക്കുകയെന്നതാണ് സ്ഥാപനത്തിന്റെ പ്രഥമ ലക്ഷ്യം.

അരുണയുടെ സാമൂഹിക ജീവിതത്തില്‍ നിരവധി അവാര്‍ഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്.2000 ല്‍ രമണ്‍ മാഗ്‌സസെ അവാര്‍ഡ് അരുണയെ തേടിയെത്തി, 2010 ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡും ലഭിച്ചു. ഇതിനു പുറമേ നിരവധി ഫെലോഷിപ്പുകളും അരുണയെ തേടിയെത്തിട്ടുണ്ട്. 2004 - 2006 കാലഘട്ടത്തില്‍ ദേശിയ ഉപദേശക കൗൺസിലില്‍ അംഗമായിരുന്നു.
Content Highlights: Aruna Roy Life story
Published: 21 Feb 2023, 02:48 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented