
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ' എന്നു തുടങ്ങുന്ന വയലാര്‍ ഗാനത്തിന്റെ കാവ്യഭംഗിയെക്കുറിച്ച് ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. എന്നാല്‍, ആശയത്തെക്കുറിച്ച് തീര്‍ച്ചയായും തര്‍ക്കമുണ്ടാവും. ദൈവങ്ങളും മതങ്ങളും അത്ര ആഴത്തിലാണ് മനുഷ്യന്റെ തലച്ചോറില്‍ അടയാളപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും മതവിശ്വാസികളാണ്. മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയില്‍ എവിടെ വെച്ചായിരിക്കും മതങ്ങളും ദൈവങ്ങളും അവന്റെ കൂടെ കൂടിയിരിക്കുക എന്നന്വേഷിക്കുന്നത് രസകരമായിരിക്കും. എങ്ങനെയായിരിക്കും മതങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാവുക? എങ്ങനെയായിരിക്കും ദൈവങ്ങള്‍ ഉണ്ടായിട്ടുണ്ടാവുക? രണ്ടിന്റേയും ഉത്തരം ഏറെക്കുറെ ഒന്നാവാനാണ് സാധ്യത. എന്തായാലും ദൈവവും മതവുമെല്ലാം ഗൗരവകരമായ ഒരു പഠനവിഷയം തന്നെയാണ്.
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊന്നും ദൈവവിശ്വാസമോ മതവിശ്വാസമോ ഉണ്ടാകാനിടയില്ല. കാരണം അവര്‍ക്ക് സവിശേഷമായ ചിന്തയോ ഭാവനയോ ഇല്ലെന്നതുതന്നെ. പശുവിന് ദൈവമുണ്ടെങ്കില്‍ അതിന് പശുവിന്റെ രൂപമായിരിക്കും എന്നുപറയാറുണ്ട്. അപ്പോള്‍ ഭാവനയ്ക്കും ചിന്തയ്ക്കും ഇത്തരം വിശ്വാസങ്ങളില്‍ പങ്കുണ്ട് എന്നുറപ്പിക്കാം. ഏതോ അതീതമായ ശക്തികള്‍ ഈ പ്രപഞ്ചത്തിലുണ്ടെന്നും അതിന് തങ്ങളെ ഉപദ്രവിക്കാനും സഹായിക്കാനുമൊക്കെ കഴിയുമെന്നുമുള്ള വിശ്വാസമാണ് ദൈവവിശ്വാസത്തിന്റെ കാതല്‍. ആദിമമനുഷ്യന്റെ കാര്യത്തിലാണെങ്കില്‍, അവന് പരിഹരിക്കാനും നിര്‍ധാരണം ചെയ്യാനും കഴിയാതിരുന്ന ഒട്ടേറേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു കാട്ടുതീ ഉണ്ടായാല്‍, ശക്തമായ പേമാരി ഉണ്ടായാല്‍, കൊടുങ്കാറ്റടിച്ചാല്‍ അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുകയല്ലാതെ വേറേ വഴിയില്ല. ഇതൊക്കെ എങ്ങനെയുണ്ടാവുന്നതെന്ന് അവനറിയില്ല. അവയെ നേരിടേണ്ടതെങ്ങനെയാണെന്നറിയില്ല.
തന്നേക്കാള്‍ കരുത്തുള്ള ഗോത്രനേതാവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ക്ക് വിധേയനാവുക എന്നതാണ്. ഇവിടെ 'എളുപ്പമാര്‍ഗ്ഗം' എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കണം. കാരണം മനുഷ്യന്റെ മസ്തിഷ്‌കം എളുപ്പമാര്‍ഗ്ഗമന്വേഷിക്കുന്ന തരത്തില്‍ പരിണമിച്ചതാണെന്നാണ് പരിണാമ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗോത്രനേതാവിന്റെ ഔദാര്യം തേടിയാല്‍ അയാളുടെ സഹായവും പരിഗണനയുമുണ്ടാവും. അതേ തന്ത്രംതന്നെ പ്രകൃതിശക്തികളോടും ആദിമമനുഷ്യന്‍ പ്രയോഗിച്ചു. കാട്ടുതീ അണയ്ക്കാന്‍ അവന്‍ 'തീദൈവ'ത്തോട് പ്രാര്‍ഥിച്ചു. മഴ പെയ്യാനും പെരുമഴ നിര്‍ത്താനും 'മഴദൈവ'ത്തോടഭ്യര്‍ത്ഥിച്ചു. ഇടിയും മിന്നലും ഭയപ്പെടുത്തുമ്പോള്‍ 'ഇടിദൈവ'ങ്ങളെ വിളിച്ചു കരഞ്ഞു. ചിലതൊക്കെ ഫലിച്ചു. ഫലിച്ചതൊക്കെ അവന്‍ ആ ശക്തിയുടെ കാരുണ്യമായി ധരിച്ചു. അങ്ങനെ അവന്റെ ദൈവങ്ങളുടെ പട്ടിക പടിപടിയായി പെരുകി. പക്ഷേ, ഈ വിശദീകരണങ്ങളൊന്നും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളുക എളുപ്പമല്ല.

പ്രാചീന ബാബിലോണിയന ഭാഷയില അനു എന്നാൽ ഉന്നതനെന്നാണ് അർഥം | By Osama Shukir Muhammed Amin FRCP(Glasg) - Own work,
CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=91390906
'മരിച്ച' ദൈവങ്ങള്‍
'അനു' എന്ന ദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച സര്‍വശക്തന്‍..? ഒരു പക്ഷേ, ലോകത്തിലെത്തന്നെ ആദ്യത്തെ ദൈവമായിരിക്കും അദ്ദേഹം. പുരാതന മെസൊപ്പൊട്ടാമിയയിലെ ഒരു സുമേറിയന്‍ ദൈവം. അദ്ദേഹമാണ് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചത് എന്നു പറഞ്ഞാല്‍ ഇന്ന് എത്ര പേര്‍ വിശ്വസിക്കും...! എന്നാല്‍, അന്നത്തെ സുമേറിയക്കാരെല്ലാം അങ്ങനെ വിശ്വസിച്ചിരുന്നു. 'അപ്‌സു' എന്ന അഗാധതയുടെ ദൈവത്തെക്കുറിച്ചോ 'ലഖ്മു', 'ലഖാമു' എന്ന പുരുഷ, സ്ത്രീ ദൈവങ്ങളെക്കുറിച്ചോ അറിയാമോ..? ഇവരെല്ലാം പിന്നീട് വന്ന ബാബിലോണിയന്‍ ദൈവങ്ങളാണ്. അതുപോകട്ടെ, ഓസിറസ്, ഐസിസ്, ഓറസ് എന്നീ ത്രിമൂര്‍ത്തികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ക്രിസ്തുമതത്തിലെ ത്രിത്വമൊക്കെ വരും മുമ്പേ, ഏകദേശം ആറായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ ദൈവത്രയങ്ങള്‍.
ഇനിയുമുണ്ട് ദൈവങ്ങള്‍- പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചവര്‍- ഓര്‍ഫിസ്റ്റ് ദേവനായ സ്യൂസ്, ഡയോണിസസ്, അപ്പോളോ, യുദ്ധദേവതയായ ആറെസ്, വീരന്‍മാരെ രക്ഷിക്കുന്ന അഥേന, പാന്‍, അമ, അടര്‍ഗത്തിസ്, നന്നാര്‍, ദക്മിന, നുക്‌സു, എന്‍-ലിന്‍.. അങ്ങനെ നമ്മള്‍ കേട്ടിട്ടുപോലുമില്ലാത്ത ആയിരക്കണക്കിന് ദൈവങ്ങള്‍. ഓരോരുത്തരും ഓരോ വകുപ്പുകളുടെ ചുമതലക്കാരാണ്. മഴയ്ക്ക്, തീക്ക്, കടലിന്, ആകാശത്തിന്, യുദ്ധത്തിന്, പ്രണയത്തിന്, സന്താനസൗഭാഗ്യത്തിന്... അങ്ങനെയങ്ങനെ. പക്ഷേ, പില്‍ക്കാല ദൈവങ്ങളുടെ മസിലിലും മലവെള്ളപ്പാച്ചിലിലും പാവങ്ങളായ ദൈവങ്ങളൊക്കെ ഒഴുകിപ്പോയി. അതോടെ അവരുടെ മതങ്ങളും ഇല്ലാതായി. എത്രയോ ദൈവങ്ങളുടേയും മതങ്ങളുടേയും ശവക്കല്ലറയ്ക്ക് മുകളിലാണ് നാം ഇന്നത്തെ വിശ്വാസഗോപുരങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. അതിന്റെ ചരിത്രം പരിശോധിച്ചാല്‍ മനുഷ്യനെപ്പോലെത്തന്നെ ദൈവങ്ങള്‍ക്കും അതിജീവനം ഒരു വലിയ പ്രശ്‌നമായിരുന്നുവെന്ന് കാണാം. ഇന്നത്തെ 'ഏക ദൈവങ്ങ'ളെ പോലെ പണ്ടും ഏകദൈവങ്ങളുണ്ടായിരുന്നു. ആ സര്‍വശക്തരായ ദൈവങ്ങള്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചെന്ന് അവകാശപ്പെട്ടിരുന്ന 'ഏക'ദൈവങ്ങളുടെ കണക്കെടുത്താല്‍ ബഹുരസമായിരിക്കും. ഇത്തരം ദൈവങ്ങള്‍ക്ക് പുറമേ മഹാന്‍മാരും വീരന്‍മാരുമായ മനുഷ്യര്‍ പിന്നീട് ദൈവങ്ങളായി മാറിയതിനും ചരിത്രത്തില്‍ നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്.
ഓസിറസ്, ഐസിസ്, ഓറസ് എന്നീ ത്രിമൂര്‍ത്തികളെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ക്രിസ്തുമതത്തിലെ ത്രിത്വമൊക്കെ വരും മുമ്പേ, ഏകദേശം ആറായിരം വര്‍ഷം മുമ്പത്തെ ഈജിപ്ഷ്യന്‍ ദൈവത്രയങ്ങള്‍.
'നാടന്‍' ദൈവങ്ങള്‍
വിദേശ ദൈവങ്ങളെ വിട്ടേക്കാം, നമ്മുടെ നാടന്‍ ദൈവങ്ങളെ നോക്കൂ. ആദിവാസികള്‍ക്ക് മാത്രമുണ്ട് എണ്ണമറ്റ ദൈവങ്ങള്‍. മല്ലീശ്വരന്‍, മാരിയമ്മന്‍, മാടന്‍, മറുത, മുത്തന്‍, ഊര, വള്ളി, ആയിരവല്ലി, മല്ലന്‍ തമ്പുരാന്‍... തുടങ്ങി വൈവിധ്യമാര്‍ന്ന ദൈവങ്ങള്‍. വ്യത്യസ്ത സിദ്ധിയുള്ളവര്‍. സംഘകാലത്ത് ഭൂമിയെ അഞ്ചു തിണകളായി(മേഖലകള്‍) തിരിച്ചിരുന്നു. അഞ്ചിനും പ്രത്യേകം ദൈവങ്ങളും ചിഹ്നങ്ങളും ഉത്സവങ്ങളുമുണ്ടായിരുന്നു. അതില്‍ 'പാലൈ' എന്ന തിണയുടെ ദേവത 'കൊറ്റവൈ' എന്ന അമ്മദൈവമായിരുന്നു. ഇന്ന് ആ ദൈവത്തെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനാവില്ല. ഈ ദേവതയെയാണ് പിന്നീട് കൊടുങ്ങല്ലൂരമ്മയായി ആരാധിച്ചു വന്നതെന്നു പറയുന്നവരുണ്ട്. എതിരഭിപ്രായമുള്ളവരുമുണ്ട്. 'മുല്ലൈ' എന്ന തിണയുടെ ദേവതയുടെ പേര് 'മായോന്‍' എന്നായിരുന്നു. 'മരുതം' എന്ന തിണയുടെ കുലദൈവമായിരുന്നു 'വേന്തന്‍'. 'നൈതല്‍' തിണക്കാരുടെ ദൈവം വരുണനായിരുന്നു. ഇവരൊന്നും ഇപ്പോള്‍ ലോകത്തെവിടേയുമില്ല. വേദങ്ങളിലെ പ്രധാന ദൈവങ്ങള്‍ ഇന്ദ്രന്‍, അദിതി, വരുണന്‍, മിത്രന്‍, പുഷാവ് തുടങ്ങിയവരായിരുന്നു. ഇവരെയൊന്നും ഇന്നത്തെ ഹൈന്ദവര്‍ക്ക് പരിചയം പോലുമുണ്ടാവില്ല. ആരാലും ആരാധിക്കപ്പെടാതെ വിസ്മൃതിയിലായ പാവം ദൈവങ്ങള്‍. ന്യൂജന്‍ ദൈവങ്ങള്‍ വരുമ്പോള്‍ ഓള്‍ഡ് ജനറേഷന്‍ സ്ഥലം കാലിയാക്കും. ഈ ചരിത്രമൊക്കെ ഇനിയും ആവര്‍ത്തിച്ചേക്കാം.

By derivative work: A. Parrot (talk)La_tombe_de_Horemheb_(KV.57)_(Vallée_des_Rois_Thèbes_ouest)_-4.jpg:
Jean-Pierre Dalbéra - La_tombe_de_Horemheb_(KV.57)_(Vallée_des_Rois_Thèbes_ouest)_-4.jpg, CC BY 2.0, https://commons.wikimedia.org/w/index.php?curid=5611130
'മരിച്ച' മതങ്ങള്‍
ഇന്ന് ലോകത്ത് തിരിച്ചറിഞ്ഞ 4500-ഓളം മതങ്ങളുണ്ട്. ഒറ്റ വിശ്വാസിപോലും അവശേഷിക്കാതെ മരിച്ചുപോയ മതങ്ങളും ഏറെക്കുറെ ഇത്രയും തന്നെ വരും. ഇവര്‍ക്കൊക്കെ വ്യത്യസ്തരായ കുറേയേറെ ദൈവങ്ങളുമുണ്ടായിരുന്നു എന്നോര്‍ക്കണം. ആ മതങ്ങള്‍ അവരുടെ ദൈവങ്ങളോടൊപ്പം തന്നെയാണ് മണ്ണടിഞ്ഞത്. ഏറ്റവും പുരാതന മതമായി കണക്കാക്കുന്നത് ഹിന്ദുമതത്തെയാണെങ്കിലും അതൊരിക്കലും ഒരു വ്യവസ്ഥാപിത മതമായിരുന്നില്ല. നാലായിരം വര്‍ഷം പഴക്കമുള്ള ഒരു സംസ്‌കൃതി എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. അതിലുമുപരി ഒരുപാട് സംസ്‌കാരങ്ങളുടെ കൂട്ടായ്മ എന്നുതന്നെ പറയേണ്ടിവരും. ഇനി സാമ്പിളിനായി നേരത്തേ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ചില മതങ്ങളെ പരിചയപ്പെടാം.
- കെല്‍ടിക് മതം- ഇന്‍ഡോ-യൂറോപ്യന്‍ വിഭാഗങ്ങളില്‍ കെല്‍ടിക് ഭാഷകള്‍ സംസാരിച്ചിരുന്നവരുടെ മതമായിരുന്നു ഇത്. ഗാളുകള്‍ എന്നുകൂടി ഇവരെ വിളിച്ചിരുന്നു. ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തായിരുന്നു കൂടുതലുണ്ടായിരുന്നത്. പിന്നീട് ഇറ്റലിയിലും സ്‌പെയിനിലും ഗ്രീസിലും ടര്‍ക്കിയിലുമെല്ലാം എത്തി. ബി.സി.ഇ 58-51 കാലത്ത് ജൂലിയസ് സീസറിന്റെ ഭരണം തുടങ്ങിയപ്പോഴാണ് ഇവരുടെ ശക്തി ക്ഷയിച്ചത്. ബുധന്‍(മെര്‍ക്കുറി)ആയിരുന്നു പ്രധാന ദൈവം. അപ്പോളൊ, മാര്‍സ്, ജൂപ്പിറ്റര്‍, മിനര്‍വ എന്നിവയും ദൈവങ്ങളായിരുന്നു. ഈ ദൈവങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കഥകളുമുണ്ട്.
- മിത്രായിസം- സി.ഇ രണ്ട്, മൂന്ന് നൂറ്റാണ്ടുകളില്‍, റോമന്‍ സാമ്രാജ്യകാലത്തെ പ്രമുഖ മതമായിരുന്നു. സൂര്യനാണ് ദേവന്‍. ഒരു ഇറാനിയന്‍ ദേവനായ മിത്രനെ യുദ്ധത്തിന്റേയും നീതിയുടേയും ദേവനായാണ് ആരാധിച്ചു പോന്നിരുന്നത്.
- ഓര്‍ഫിസം- ഗ്രീക്ക് മതങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ഗ്രീക്ക് പുരാണനായകനായ ഓര്‍ഫിയോസ് സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. ഹോമറിനെപ്പോലെ ഓര്‍ഫിയോസും ഒരു കവിയായിരുന്നു. മൂവായിരം വര്‍ഷമെങ്കിലും മുമ്പാണ് ഈ മതത്തിന്റെ കാലഘട്ടം. ഒട്ടേറേ അത്ഭുതകഥകളുടെ അകമ്പടി ഓര്‍ഫിയോസ് എന്ന കഥാപാത്രത്തിനുമുണ്ടായിരുന്നു. ഓര്‍ഫിസത്തിന്റെ പല ആശയങ്ങളും പില്‍ക്കാലത്ത് പൈത്തഗോറസിനേയും പ്ലേറ്റോയേയും പോലുള്ള പല മഹാന്‍മാരേയും സ്വാധീനിച്ചിട്ടുണ്ട്. സ്യൂസ്, ഡയോണിസസ്, പോസിഡോണ്‍ എന്നീ ദൈവങ്ങളെ ഇവര്‍ ആരാധിച്ചിരുന്നു.
- ഹൊമേറിയന്‍ ഗ്രീക്ക് മതം- ഇതും മറ്റൊരു ഗ്രീക്ക് മതമായിരുന്നു. ഹോമര്‍ സ്ഥാപിച്ചതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. ഓര്‍ഫിസ്റ്റുകളുടെ പല ദൈവങ്ങളേയും ഇവരും ആരാധിച്ചിരുന്നു.
- ഗ്നോസ്റ്റിക് മതം- ഗ്രീസ്, പേര്‍ഷ്യ, ഈജിപ്ത്, പലസ്തീന്‍, ബാബിലോണിയ, അറേബ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിലനിന്നിരുന്ന മതം. സി.ഇ രണ്ടാം ശതകം മുതല്‍ അഞ്ചാം ശതകം വരെയാണ് ഇതിന്റെ കാലം. 'ജ്ഞാനം' എന്ന ഇന്ത്യന്‍ വാക്കിന്റെ ഗ്രീക്ക് പദമാണ് ഗ്നോസ്റ്റിക്. മഹായാന ബുദ്ധമതവും ഉപനിഷത്തുക്കളും ഗ്രീക്കുമതങ്ങളിലുണ്ടാക്കിയ പ്രതികരണഫലമായാണ് ഈ മതമുണ്ടായതെന്ന് ഇതിനെക്കുറിച്ചു പഠിച്ചവര്‍ പറയുന്നു.
- നോര്‍സി- വടക്കന്‍ ജര്‍മനിയിലുണ്ടായിരുന്നു ഒരു മതവിഭാഗമായിരുന്നു. 'ഒദിന്‍' ആയിരുന്നു പ്രധാന ദൈവം. ഫ്രിഗ്ഗ് എന്ന ഒരു ആകാശ ദേവതയും തോര്‍ എന്ന മിന്നല്‍ ദേവനും ഇവര്‍ക്കുണ്ട്. ഒരു സ്‌കാന്‍ഡിനേവിയന്‍ മിത്തോളജിയാണ് നോര്‍സി.
- അസ്‌ടെക്- ഒരു ബഹുദൈവാരാധനാ സമൂഹമായിരുന്നു അസ്‌ടെക്. ഇപ്പോഴും മെക്‌സിക്കന്‍ ഗ്രാമങ്ങളില്‍ ഈ മതത്തില്‍ പെട്ട ചിലകുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ട്. പുതിയ ദൈവങ്ങളെ സ്വീകരിക്കാന്‍ തയ്യാറുള്ളവരാണിവര്‍. സൂര്യ ദേവന്റ ആളുകളായാണ് സ്വയം കരുതുന്നത്. 'ഹുയിത്സിലോപോട്‌ലി' ആണ് മറ്റൊരു പ്രധാന ദൈവം.
-

റിച്ചാർഡ് ഡോക്കിൻസ് | By Steve Jurvetson -
https://www.flickr.com/photos/jurvetson/52463363640/,
CC BY 2.0, https://commons.wikimedia.org/w/index.php?curid=127328723
മതം ഒരു സൈഡ് എഫക്ട്
പ്രശസ്തനായ ബ്രിട്ടീഷ് പരിണാമ ശാസ്ത്രജ്ഞനും ഡാര്‍വിനിസ്റ്റുമായ റിച്ചാഡ് ഡോക്കിന്‍സിന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് 'ഗോഡ് ഡെല്യൂഷന്‍'. 2006-ല്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഈ പുസ്തകത്തില്‍ മതത്തെപ്പറ്റി രസകരമായ ഒരു നിരീക്ഷണം പങ്കുവെക്കുന്നുണ്ട്. മതം ഒരു 'സൈഡ് എഫക്ടാ'ണെന്നാണ് ആ നിരീക്ഷണം. മറ്റെന്തിന്റെയോ പാര്‍ശ്വഫലം. അത് സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഉദാഹരിക്കുന്നത് ഈയാംപാറ്റകളെയാണ്. വിളക്കു കണ്ടാല്‍ ഈയാംപാറ്റകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചത്തുപോവുകയും ചെയ്യുന്നു. കാലങ്ങളായി ഈ പ്രാണി ഇങ്ങനെ മണ്ടത്തരം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇത് സത്യത്തില്‍ പ്രകൃതിനിര്‍ധാരണം എന്ന ആശയത്തിനെതിരല്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഡോക്കിന്‍സ് പറയുന്നത് അല്ല എന്നുതന്നെയാണ്.
ഈയാംപാറ്റകള്‍ ആത്മഹത്യ ചെയ്യാനല്ല വിളക്കിനടുത്തേക്ക് വരുന്നത്. അത് ഒരു പാര്‍ശ്വഫലമായി സംഭവിക്കുന്നതാണ്. അതിന്റെ കാരണവും ഡോക്കിന്‍സ് പറയുന്നുണ്ട്. ഈയാംപാറ്റകള്‍ക്ക് പ്രകൃതിയില്‍ പരിചയമുള്ള വെളിച്ചങ്ങള്‍ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടേതാണ്. ഇവയൊന്നും പാറ്റകള്‍ക്ക് അപകടകരമല്ല താനും. മാത്രമല്ല, ഇത്തരം വെളിച്ചങ്ങളെ ആശ്രയിച്ചാണ് അവയുടെ സഞ്ചാരപാതകള്‍ പോലും നിശ്ചയിക്കുന്നത്. എന്നാല്‍, മനുഷ്യനുണ്ടാക്കിയ കൃത്രിമവിളക്കുകള്‍ അവയെ പറ്റിക്കുന്നു. അപകടരഹിത വെളിച്ചമെന്നു കരുതി അടുത്തുവരുമ്പോള്‍ അറിയാതെ അതില്‍ വീണ് ചാവുകയും ചെയ്യുന്നു. പരിണാമപരമായി ഈയാംപാറ്റയുടെ നാഡീവ്യൂഹത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് അവയെ ഇത്തരം വെളിച്ചങ്ങളുടെ പിറകേ പോകാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന് സമാനമാണ് മനുഷ്യരിലെ മതാഭിനിവേശവുമെന്നാണ് ഡോക്കിന്‍സ് സമര്‍ത്ഥിക്കുന്നത്.
നല്ല ഗുണമെന്ന് നമ്മള്‍ പൊതുവേ കരുതുകയും കുട്ടികളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന 'അനുസരണ' യെ നിലനിര്‍ത്തുന്നതിന്റെ 'സൈഡ് എഫക്ട്' ആയാണ് മതം വളരുന്നത്.
ആദിമമനുഷ്യനില്‍ മതവിശ്വാസം ദൃഢമായത് മതവിശ്വാസം കാത്തുരക്ഷിക്കാനുള്ള ആഗ്രഹമോ താത്പര്യമോ കാരണമല്ലെന്ന് അദ്ദേഹം പറയുന്നു. മറ്റുചില ഗുണങ്ങളുണ്ടാക്കാനുള്ള ശ്രമം മതത്തിന് ഗുണകരമാവുന്നുവെന്നേയുള്ളൂ. അതായത് വാഴക്ക് നനക്കുമ്പോള്‍ ചീരയുംകൂടി നനയുന്നുവെന്നര്‍ത്ഥം. കാര്യം ഇത്രയേയുള്ളൂ, കുട്ടിക്കാലം മുതല്‍ക്കേ കുട്ടികളില്‍ നമ്മള്‍ അനുസരിക്കാനുള്ള പ്രവണത അടിച്ചേല്‍പിക്കാറുണ്ട്. ആ പ്രായത്തില്‍ മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കുന്നത് അവര്‍ക്ക് ഗുണമാണ് ചെയ്യുക. എന്നാല്‍, മുതിരുമ്പോഴും ഈ അനുസരണയുടെ ചങ്ങലക്കെട്ടില്‍നിന്ന് അവര്‍ക്ക് മോചനമുണ്ടാവുന്നില്ല. പരിണാമപരമായിത്തന്നെ കുട്ടികളുടെ തലച്ചോറില്‍ ഈ 'അനുസരണാശീലം' ആഴത്തില്‍ കോറിയിടപ്പെട്ടിട്ടുണ്ട്.
സ്ഥിരമായി കുറ്റിയില്‍ കെട്ടിയിട്ട് പുല്ലു തിന്നുന്ന പശു കെട്ടഴിച്ചാലും കുറേ സമയം ആ കുറ്റിക്കു ചുറ്റും മാത്രം നിന്ന് തിന്നുന്നതു പോലെയാണത്. മാതാപിതാക്കളില്‍നിന്ന് അനുസരണ ഗോത്രത്തലവനിലേക്കും അവിടെനിന്ന് ഭരണാധികാരിയിലേക്കും പുരോഹിതനിലേക്കുമെല്ലാം പടരും. അവര്‍പറയുന്ന അത്ഭുതകഥകളും അന്ധവിശ്വാസങ്ങളുമെല്ലാം, വളര്‍ന്നാലും ചുമക്കേണ്ട അവസ്ഥയിലേക്ക് കുട്ടികള്‍ പരിവര്‍ത്തിക്കപ്പെടും. നല്ല ഗുണമെന്ന് നമ്മള്‍ പൊതുവേ കരുതുകയും കുട്ടികളെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന 'അനുസരണ' യെ നിലനിര്‍ത്തുന്നതിന്റെ 'സൈഡ് എഫക്ട്' ആയാണ് മതം വളരുന്നതെന്ന് സാരം. പ്രണയത്തെയെന്നപോലെ അതിവൈകാരികമായി മതത്തേയും കാണുന്ന തരത്തിലാണ് നമ്മുടെ തലച്ചോര്‍ പരിണമിച്ചിട്ടുള്ളതെന്ന നിരീക്ഷണവും ഡോക്കിന്‍സിൻറേതായുണ്ട്.

മതം ഒരു ആശ്വാസമാണോ?
മതത്തെപ്പറ്റിയുള്ള ഏറ്റവും പ്രസിദ്ധമായ ഉദ്ധരണി ഒരു പക്ഷേ മതത്തെ നിഷേധിച്ച കാറല്‍ മാര്‍ക്‌സിന്റേതായിരിക്കും. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന പ്രയോഗം പലരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. 'മതം മര്‍ദ്ദിത ജീവിയുടെ നെടുവീര്‍പ്പാണ്, ഹൃദയമില്ലാത്തൊരു ലോകത്തിന്റെ ഹൃദയമാണ്' എന്നൊക്കെ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. മതം ഒരു വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നാണ് ഇതിലൂടെ മാര്‍ക്‌സ് വിശദീകരിക്കുന്നത്. മതം നല്‍കുന്നത് ഒരു താത്കാലികാശ്വാസമാണെന്നു തന്നെയാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ഈ ആശ്വാസ സിദ്ധാന്തം തന്നെയാണ് മതത്തെ തഴുകാന്‍ ചില പുരോഗമനവാദികളും ഉന്നയിക്കുന്നത്. എന്നാല്‍, ഈ സിദ്ധാന്തത്തില്‍ എത്രത്തോളം കാതലുണ്ട് എന്ന് പരിശോധിക്കുമ്പോള്‍ നിരാശയാവും ഫലം. മതം തരുന്ന ആശ്വാസം വ്യാജമാണെന്നാണ് പല ചിന്തകരുടേയും നിലപാട്. ഡോക്കിന്‍സ് ഇതിനെ 'പ്ലസിബോ ഇഫക്ട് ' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മരുന്നല്ലാത്ത ഒന്ന് നല്‍കുമ്പോള്‍ രോഗിക്കുണ്ടാകുന്ന വ്യാജ ആശ്വാസം തന്നെ. മരുന്നിന്റെ ലോകത്ത് ഇതിന് ചില ഗുണങ്ങളൊക്കെയുണ്ട്. എന്നാല്‍, വിശ്വാസലോകത്ത് ഗുണത്തേക്കാള്‍ വലിയ ദോഷങ്ങള്‍ക്കാണ് സാധ്യത. വ്യാജ ആശ്വാസത്തിന്റെ പിറകേ പോകുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നം കാണാതെ പോകുന്നു എന്നതാണ് ഇതിലെ കുരുക്ക്. അവിശ്വാസിയേക്കാള്‍ സന്തോഷം തങ്ങള്‍ക്കാണെന്ന് ചില വിശ്വാസികള്‍ പറയുന്നതിന്റെ രഹസ്യം ഇതാണ്.
'മദ്യപിച്ച ഒരാള്‍ മദ്യപിക്കാത്ത ആളേക്കാള്‍ സന്തോഷവാനാണെന്ന് പറയുന്നതുപോലെ' എന്നാണ് പ്രസിദ്ധ നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാഡ് ഷാ ഇത്തരക്കാരെക്കുറിച്ചു പറഞ്ഞത്. മദ്യം നല്‍കുന്ന ആശ്വാസം പോലെ മതം നല്‍കുന്ന ആശ്വാസവും താത്കാലികമാണ്, അപകടകരവും. യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യലാണ് ശാശ്വതമായ പരിഹാരം. ഇത് പക്ഷേ സ്വന്തം തലച്ചോറിനോടുള്ള ഒരു യുദ്ധമാണ്. മതത്തേയും വിശ്വാസത്തേയും ദൈവത്തേയും കൈ നീട്ടി സ്വീകരിക്കാനുള്ള സ്വാഭാവികചോദനയുള്ള തലച്ചോറിനെ മറികടന്നാലേ ആ യുദ്ധത്തില്‍ വിജയിക്കാനാവൂ. വിജയിച്ചാല്‍ നമുക്കു മുന്നില്‍ ജീവിതം അതിന്റെ യഥാര്‍ത്ഥ സുന്ദരരൂപം പ്രദര്‍ശിപ്പിക്കും. സത്യം തിരിച്ചറിഞ്ഞതിന്റെ ആനന്ദം അനുഭവിക്കാനാവും. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പ്രത്യേകിച്ച് പ്രാധാന്യമൊന്നും നല്‍കാത്ത ജനതകള്‍ അനുഭവിക്കുന്ന സ്വസ്ഥത ഉദാഹരണമായി നമുക്കു മുന്നിലുണ്ട്.
(അടുത്തലക്കം- മനുഷ്യന്‍ എഴുതാന്‍ പഠിക്കുന്നു)
Content Highlights: nammalangane nammalayi column, religion and god evolution, vimal kottakkal, social mathrubhumi
Published: 08 Sept 2023, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented