നുഷ്യചരിത്ര മുന്നേറ്റങ്ങളില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് എല്ലാക്കാലവും തമസ്‌കരിക്കപ്പെടാറുണ്ട്. ഏതാനും പുരുഷചിന്തകരുടെ ആഹ്വാനങ്ങളും ആള്‍ക്കൂട്ടത്തിന്റെ ഹിംസാത്മകമായ പ്രതിഷേധങ്ങളും മാത്രമാണ് പലര്‍ക്കും ഫ്രഞ്ച് വിപ്ലവം. എന്നാൽ, ലോകത്തെ തന്നെ രാഷ്ട്രീയമായി ഉടച്ചുവാര്‍ത്ത ഈ വിപ്ലവത്തിന് കരിങ്കല്‍ത്തറ പാകിയത് ഒരുകൂട്ടം സ്ത്രീകളാണ്. 1789 ഒക്ടോബര്‍ അഞ്ചിനാണ് വെർസായ്‌ മാര്‍ച്ചിലൂടെയായിരുന്നു അത്. സ്ത്രീകളുടെ ആ മാർച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ ആണിക്കല്ലായി മാറുകയായിരുന്നു.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഫ്രഞ്ച് മണ്ണ് വിപ്ലവത്തിന് തയ്യാറെടുക്കുന്ന കാലം. പുതിയ ഭരണഘടനയ്ക്കുള്ള മുറവിളികള്‍ മുഴങ്ങുന്ന രാഷ്ട്രീയാന്തരീക്ഷം. പ്രഭു വര്‍ഗത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ ഫ്രാന്‍സിലാകെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ടായിരുന്നു. തങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള ആഢ്യന്മാരുടെ ധാരാളിത്തം കാട്ടല്‍ പട്ടിണി പിടിമുറുക്കിയ സാധാരണക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന്റെ കനല്‍ കോരിയിട്ടു. അവശ്യവസ്തുക്കളുടെ തീവിലയും ഭക്ഷ്യക്ഷാമവും കൊണ്ട് ജനം പൊറുതിമുട്ടി. കലാപകാരികളുമായി സന്ധിയില്ലാത്ത സമരത്തിലായിരുന്ന രാജാവും കൂട്ടരും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനോ പരിഹരിക്കാനോ അവർ മിനക്കെട്ടില്ല. ചോദ്യം ചെയ്യാനൊരുങ്ങിയവര്‍ക്കുള്ള ശിക്ഷയായിരുന്നു മനഃപൂര്‍വമുള്ള ഈ അനാസ്ഥ.

ഭരണകൂടത്തിന്റെ മൗനം പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ രാജാവും പ്രഭുക്കന്മാരും ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവെക്കുകയാണെന്ന് ശ്രുതി പരന്നു. അധികാരികള്‍ കിംവദന്തികളില്‍ വിശദീകരണം നല്‍കുകയോ അവയെ തള്ളുകയോ ചെയ്തില്ല. പറഞ്ഞുകേട്ടത് സത്യമാകുമെന്ന് ജനങ്ങള്‍ നിഗമനത്തിലെത്തി. സാഹചര്യം അനുകൂലമാക്കാന്‍ കലാപകാരികള്‍ക്കും സാധിച്ചു, സാധാരണക്കാരെ ഭരണവര്‍ഗത്തിന് എതിരെയാക്കാനും.

പാരീസിലെ അരക്ഷിതമായ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നകലെ വെർസായിയിലെ കൊട്ടാരത്തില്‍ രാജകുടുംബം സുഖജീവിതം നയിക്കുകയായിരുന്നു. 1789 ജൂലൈ 15-ന് പാരിസിലെ ബാസ്റ്റില്‍ തടവറ തകര്‍ത്ത കലാപകാരികള്‍ തടവുകാരെ പുറത്തിറക്കിയപ്പോള്‍ സുരക്ഷാഭീതി കാരണം രാജാവിന്റെ അനുജനും ഭാര്യയും വെർസായിയിലെ കൊട്ടാരം വിട്ടു. പക്ഷേ, കൊട്ടാരത്തിനു ചുറ്റും കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളൊരുക്കി രാജാവും കുടുംബവും അവിടെതന്നെ തുടര്‍ന്നു.

1789 ഓഗസ്റ്റ് നാലിന്‌ ദേശീയ ഭരണഘടനാ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഫ്യൂഡല്‍ അവകാശങ്ങളും അധികാരങ്ങളും റദ്ദാക്കാന്‍ തീരുമാനമായി. ഭരണഘടനയ്ക്ക് മുന്‍പ് അവകാശ പ്രഖ്യാപനം നടത്തുമെന്നും അസംബ്ലി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി. അധികം വൈകാതെ ഓഗസ്റ്റ് 26-ന് അസംബ്ലി വാക്കു പാലിച്ചു. രാഷ്ട്രീയമായി രാജ്യം ഗതിമാറ്റത്തിന് തയ്യാറെടുക്കുമ്പോഴും രാജാവിന്റെയോ വരേണ്യരുടെയോ നിലപാടില്‍ മാറ്റമൊന്നും ഉണ്ടായില്ല.

വിശപ്പു കാളുന്ന വയറുമായി അടിത്തട്ടിലുള്ളവര്‍ പെടാപ്പാട് പെടുമ്പോള്‍ ആഡംബരത്തിനും ധൂര്‍ത്തിനും ഒരു കുറവുമില്ലായിരുന്നു കൊട്ടാരത്തില്‍. രാജാവ് ലൂയി പതിനാറാമന്‍ വേട്ടയ്ക്ക് പോയും വിരുന്നുകള്‍ നടത്തിയും നേരം പോക്കി. രാജ്ഞി മേരി അന്റോയ്‌നെറ്റിന് ഫാഷനിലും അലങ്കാരത്തിലുമായിരുന്നു കമ്പം. കൊട്ടാരത്തിലേക്ക് അമൂല്യമായ അലങ്കാരവസ്തുക്കള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. അരവയറുമായി തൊഴിലാളികള്‍ കൊട്ടാരപരിസരം അനുദിനം മോടിപിടിപ്പിച്ചു.

ഒക്ടോബര്‍ ഒന്നിന് വെർസായിയിലെ റോയല്‍ ഓപ്പറ തീയറ്ററില്‍ രാജാവും അനുയായികളും ചേര്‍ന്ന് ആഘോഷപൂര്‍വം വമ്പന്‍ വിരുന്നൊരുക്കി. ഇരുനൂറിലധികം അതിഥികള്‍ക്ക് വയറു പൊട്ടും വരെ അമൃതേത്ത്. രാവ് പുലരും വരെ വില കൂടിയ വീഞ്ഞ് പതഞ്ഞൊഴുകിയ സല്‍ക്കാരം. രാജകുടുംബത്തിന്റെ ആയുരാരോഗ്യസൗഖ്യത്തിനായി വന്നവരെല്ലാം മദ്യപിച്ചു. രാജാവിനെ സ്തുതിച്ചുകൊണ്ട് ഓര്‍ക്കെസ്ട്ര ഉറക്കെപ്പാടി. പട്ടിണി മൂര്‍ച്ചിച്ച് ജനം രുചിയുടെ അനുഭവം പോലും മറന്നുതുടങ്ങിയ വറുതിക്കാലത്ത് രാജാവ് നടത്തിയ അഹന്തയുടെ വിരുന്നൂട്ടിനെതിരെ ഫ്രഞ്ച് ജനത ഒന്നടങ്കം സംഘടിച്ചു.

ഒക്ടോബര്‍ അഞ്ചിന്‌ പാരീസിലെ സിറ്റി ഹാളില്‍ ഒത്തുചേര്‍ന്ന പെണ്‍കൂട്ടം അധികാരികള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വിശപ്പടക്കാന്‍ ഭക്ഷണം ആവശ്യപ്പെട്ട സ്ത്രീകള്‍ക്ക് നല്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. മൗനം ഉത്തരമായി സ്വീകരിക്കാന്‍ സ്ത്രീകള്‍ തയ്യാറായിരുന്നില്ല. നേരെ കൊട്ടാരത്തിലേക്ക് പോകാനും രാജാവിനെ നേരില്‍ കാണാനും അവര്‍ ധാരണയിലെത്തി.

പാരീസില്‍നിന്ന് വെർസായിയിലെ കൊട്ടാരത്തിലേക്ക് 12 മൈല്‍ ദൂരമുണ്ട്. അവര്‍ നടത്തം തുടങ്ങി. സുരക്ഷാസേനയുടെ ആക്രമണം  മുന്നില്‍ക്കണ്ടുകൊണ്ട് ചെറു ആയുധങ്ങളുമായായിരുന്നു നടത്തം. മുന്നോട്ടു പോകും തോറും ജാഥയില്‍ പ്രാതിനിധ്യം കൂടി. പുരുഷന്മാരും സംഘത്തില്‍ ചേര്‍ന്നു. സ്ത്രീകളുടെ സംഘം ആയുധങ്ങളുമായി കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്ന് സുരക്ഷാസേനയ്ക്ക് വിവരം കിട്ടി. അവര്‍ കാവല്‍ ഇരട്ടിയാക്കി. എന്നിട്ടും, ആള്‍ക്കൂട്ടത്തിനോട് പിടിച്ചു നില്‍ക്കാനായില്ല. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയി. ഏതാനും സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാ കടമ്പകളും കടന്ന് സ്ത്രീകള്‍ രാജസമക്ഷം പരാതി ബോധിപ്പിച്ചു. കേള്‍ക്കുകയല്ലാതെ രാജാവിന് വേറെ വഴികളില്ലായിരുന്നു.

placeholder
https://commons.wikimedia.org/w/index.php?curid=4113485

രാജാവിന്റെ പൊള്ളയായ വാക്കുകള്‍ വിശ്വാസിക്കാതിരിക്കാന്‍ ഫ്രഞ്ചുകാര്‍ ഇതിനകം പഠിച്ചിരുന്നു. കൃത്യമായ മറുപടി കിട്ടാതെ മടങ്ങാന്‍ സ്ത്രീകള്‍ കൂട്ടാക്കിയില്ല. അരവയറുമായി ബ്രെഡ് ആവശ്യപ്പെട്ടവരോട് കേക്ക് തിന്നോളാന്‍ പറഞ്ഞു പുച്ഛിച്ച രാജ്ഞിയിലും പ്രതീക്ഷ വെക്കാന്‍ വകയില്ലായിരുന്നു. രാജകുടുംബം തങ്ങള്‍ക്കൊപ്പം പാരീസിലേക്ക് മടങ്ങണമെന്നായി സ്ത്രീ സംഘം. സംഘര്‍ഷങ്ങളുടെ ഹൃദയഭൂമിയില്‍നിന്നും അകന്നുമാറിയുള്ള ആഡംബര ജീവിതം ഇനി അനുവദിക്കില്ലെന്ന അവരുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ രാജാവിന് മുട്ടുമടക്കേണ്ടി വന്നു. അങ്ങനെ അടുത്ത ദിവസം, ഒക്ടോബര്‍ ആറിന്‌ രാജകുടുംബം പ്രതിഷേധക്കാരുടെ അകമ്പടിയോടെ പാരീസിലേക്ക് മടങ്ങി. പാരീസിലെ ട്വീലറീസ് കൊട്ടാരത്തില്‍ രാജകുടുംബത്തെ വീട്ടുതടങ്കലിലാക്കിയാണ് പെണ്‍കൂട്ടം പിരിഞ്ഞത്.

രാജ്യത്തെ ശ്വാസം മുട്ടിച്ചിരുന്ന സാമൂഹ്യ-രാഷ്ട്രീയ പ്രശനങ്ങള്‍ പരിഹരിക്കാനൊന്നും ഈ പെണ്‍മുന്നേറ്റത്തിന് സാധിച്ചില്ല. പക്ഷേ,  സ്ത്രീകളുടെ മനക്കരുത്തും സംഘടനാബലവും സ്വാധീനശേഷിയും തെളിയിക്കാന്‍ വെർസായ്‌ മാര്‍ച്ചിന് സാധിച്ചു. രാജഭരണത്തെ ഇല്ലാതാക്കാന്‍ വരുംകാല സമരങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് പെണ്‍കരുത്തിന്റെ ഈ പടയോട്ടം തന്നെയാണ്.