ല നാട്ടുരാജ്യങ്ങളായി ചിതറിയ ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിലാണ്ടു കിടന്ന നാളുകളിലാണ് സാവിത്രി ജീവിച്ചത്. അസമത്വവും അനീതിയും കൊടികുത്തി വാഴുന്ന ഇന്ത്യന്‍ ജീവിതങ്ങളിലേക്ക് തിരുത്തിന്റെ തിരികളുമായി ഇറങ്ങിച്ചെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍. അവരുടെ മുന്‍നിരയിലാണ് സാവിത്രിയുടെ സ്ഥാനം.

To advertise here,
മനുഷ്യനെ പലതായി തിരിക്കാന്‍ മനുഷ്യന്‍ തന്നെ കണ്ടെത്തിയ അനേകം വഴികള്‍. ഒരിക്കലും നിശ്ചലമാകാത്ത, നിവരാത്ത തുല്യതയുടെ തുലാസ്. അറിയണം- വിശാലമാനവികത ലാക്കാക്കി സാവിത്രി ഫൂലെ നയിച്ച പ്രക്ഷുബ്ധ ജീവിതസമരങ്ങള്‍. സമത്വത്തിനായി സാവിത്രി ഫൂലെ നടത്തിയ സമരങ്ങളാണ് ഇത്തവണ half the skyൽ

1831-ന് മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ മാലി വിഭാഗത്തില്‍പെട്ട കുടുംബത്തിലാണ് സാവിത്രിയുടെ ജനനം. കുടുംബത്തിലെ മൂത്തമകളായിരുന്നു സാവിത്രി. ബാലവിവാഹം നിലനില്‍ക്കുന്ന കാലം. ഒന്‍പതാം വയസ്സില്‍  വിവാഹിതയായി, പതിമൂന്ന് വയസ്സുള്ള ഭര്‍ത്താവ് ജ്യോതിറാവു ഫൂലേയ്ക്കൊപ്പം സാവിത്രി പുണെയിലേക്ക് പറിച്ചുനടപ്പെട്ടു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പുരോഗമനാശയങ്ങളുടെ സഹചാരിയായിരുന്നു ജ്യോതിറാവു, എല്ലാവരുടെയും ജ്യോതിബാ. ജാതി കാരണം സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട് ജ്യോതിബായ്ക്ക്. പേര്‍ഷ്യന്‍ പണ്ഡിതന്‍ ഖാഫര്‍ ബൈഗ് മുന്‍ഷി, ബ്രിട്ടീഷുകാരനായ ലിസിറ്റ് സാഹബ് എന്നിവരാണ് അന്ന് തുണയായത് അവരുടെ സഹായത്തോടെ ജ്യോതിബാ ഒരു സ്‌കോട്ടിഷ് മിഷനറി വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വരെ പഠിച്ചു.

താഴ്ന്ന ജാതിക്കാരിയും സര്‍വോപരി പെണ്‍കുട്ടിയും ആയ സാവിത്രിക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഭാഗ്യം കിട്ടിയിരുന്നില്ല. ഭാര്യ നിരക്ഷരയാണെന്നത് ജ്യോതിബായെ ഞെട്ടിച്ചില്ല. പെണ്‍കുട്ടികള്‍ വിദ്യ നേടുന്നത് കുറ്റമായി കാണുന്ന സമൂഹമായിരുന്നല്ലോ ചുറ്റിലും. ഭാര്യയെയും ഒപ്പം അമ്മയുടെ സഹോദരിയുടെ മകളായ സഗുണാബായിയെയും അക്ഷരം പഠിപ്പിക്കാന്‍ ജ്യോതിബാ തീരുമാനിച്ചു. അറിവിന്റെ വാതിലുകള്‍ തുറന്നുകിട്ടിയപ്പോള്‍ ലോകം എത്ര വലുതാണെന്ന് സാവിത്രി തിരിച്ചറിഞ്ഞു.കണ്മുന്നിലെ ഇരുട്ടും അവര്‍ തെളിഞ്ഞുകണ്ടു. ജ്യോതിബായില്‍ നിന്നു പ്രൈമറി വിദ്യാഭ്യാസം നേടിയതിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ സാവിത്രി തുടര്‍പഠനം നടത്തി.

സമൂഹത്തിന്റെ സ്ഥിരംപതിവുകളെ വെല്ലുവിളിച്ചുകൊണ്ടുള്ള പോക്ക് സ്വന്തം കുടുംബത്തെപ്പോലും ഇരുവര്‍ക്കുമെതിരാക്കി. മകനെയും മരുമകളെയും ജ്യോതിബായുടെ അച്ഛന്‍ വീട്ടില്‍ നിന്നിറക്കി വിട്ടു. ജ്യോതിബായുടെ ചങ്ങാതി ഉസ്മാന്‍ ഷെയ്ഖാണ് അഭയമായത്. ഉസ്മാന്‍ ഷെയിഖിന്റെ സഹോദരി ഫാത്തിമ ബീഗം ഷെയ്ഖ് സഹോദരന്റെ ശിക്ഷണത്തില്‍ അക്ഷരങ്ങള്‍ പഠിച്ചിരുന്നു. ഫാത്തിമയും സാവിത്രിയും ഉറ്റചങ്ങാതിമാരായി. വിദ്യയുടെ വഴിയില്‍ തുടര്‍ന്നുള്ള യാത്രയില്‍ സാവിത്രിക്കൊപ്പം ഫാത്തിമയുമുണ്ടായിരുന്നു. ഫാത്തിമ പിന്നീട് ഇന്ത്യയിലെ ആദ്യ മുസ്ലിം അധ്യാപികയായ ചരിത്രം ഏറെ പറയാനുണ്ട്.

സഗുണാബായിയും സാവിത്രിയും ജ്യോതിബായും ചേര്‍ന്ന് 1849ല്‍ പെണ്‍കുട്ടികള്‍ക്കായി വിദ്യാലയം തുടങ്ങി. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി ഇന്ത്യക്കാര്‍ സ്ഥാപിച്ച ആദ്യ വിദ്യാലയമായിരുന്നു അത്.

ഒരു അമേരിക്കന്‍ മിഷനറിയുടെ കീഴിലും പുണെയിലെ നോര്‍മല്‍ സ്‌കൂളിലുമായി സാവിത്രി ടീച്ചര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കി. അധ്യാപനത്തിനുള്ള യോഗ്യത നേടിയ ശേഷം സാവിത്രി വെറുതെയിരുന്നില്ല. സഗുണബായി പുണെയില്‍ നടത്തുന്ന വിദ്യാലയത്തില്‍ അധ്യാപികയായി. സഗുണാബായിയുടെ സാമീപ്യം സാവിത്രിയുടെ ചിന്തകള്‍ പരുവപ്പെടുത്തി. ഇരുവരും ജ്യോതിബായും ചേര്‍ന്ന് 1849ല്‍ ഭിഡെവാവാഡയില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം തുടങ്ങി. ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കായി ഇന്ത്യക്കാര്‍ സ്ഥാപിച്ച ആദ്യ വിദ്യാലയം. 1849ല്‍ തന്നെയാണ് ഫാത്തിമയും സാവിത്രിയും മുന്‍കൈയെടുത്ത് ഉസ്മാന്‍ ഷെയിഖിന്റെ വീട്ടില്‍ ഒരു വിദ്യാലയം തുടങ്ങിയതും.

പൊതുവിദ്യാഭ്യാസ സമ്പ്രദായം രൂപപെടുന്നതിന് മുന്‍പ് ചില മിഷനറി സ്ഥാപനങ്ങളില്‍ മാത്രമാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനമുണ്ടായിരുന്നത്. പരമ്പരാഗത ബ്രാഹ്‌മണവിദ്യാലയങ്ങളിലാകട്ടെ പൗരാണിക ഗ്രന്ഥങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയിരുന്നത്. ഗണിതവും ശാസ്ത്രവും സാമൂഹ്യശാസ്ത്രവും ഉള്‍പ്പെടുത്തിയ സിലബസാണ് ഭിഡേവാടയിലെ പെണ്‍പള്ളിക്കൂടത്തില്‍ ആവിഷ്‌കരിച്ചത്. നിലവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാളും പരിഷ്‌കൃതമായ രീതികളായിരുന്നു ഈ പെണ്‍പള്ളിക്കൂടത്തിന്റേത്. 1851 ആയപ്പോഴേക്കും സ്‌കൂളുകള്‍ എണ്ണത്തിലധികമായി. കുട്ടികളുടെ ഒഴുക്കായി. ഗവണ്മെന്റ് സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളേക്കാള്‍ പെണ്‍  കുട്ടികള്‍ ഈ വിദ്യാലങ്ങളിലേക്കെത്തി.

placeholder
ജ്യോതിഭായ് ഫൂലെയുടെയും സാവിത്രി ഫൂലെയുടെയും സ്മരണയിൽ പുനയിലുള്ള പ്രതിമ

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം യാഥാസ്ഥിതികവാദികള്‍ക്ക് ദഹിച്ചില്ല. ജ്യോതിറാവുവും സാവിത്രിയും നിരന്തരം വേട്ടയാടപ്പെട്ടു. കല്ലെറിഞ്ഞ് മുറിപ്പെടുത്താനും ചാണകം വാരിയെറിഞ്ഞ് അപമാനിക്കാനും വരുന്നവര്‍ വഴിവക്കില്‍ മറഞ്ഞിരുന്നു. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ച സാവിത്രി കയ്യില്‍ ഒരു സാരി അധികം കരുതുമായിരുന്നത്രേ.

സ്ത്രീകളെ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവത്കരിക്കാന്‍ 1852ല്‍ സാവിത്രിയുടെ മേല്‍നോട്ടത്തില്‍ മഹിളാ സേവാ മണ്ഡല്‍ ആരംഭിച്ചു. യോഗങ്ങളില്‍ എല്ലാ അംഗങ്ങളും ഒരേ പായില്‍ ഇരിക്കണമെന്ന് സാവിത്രി നിഷ്‌കര്‍ഷിച്ചു. പല ജാതിക്കാര്‍ പല തട്ടില്‍ ജീവിക്കണമെന്ന് ചട്ടം കെട്ടുന്ന കാലത്ത് അതൊരു വിപ്ലവകരമായ ചിട്ടയായിരുന്നു.

ശിശുവധം പ്രതിരോധിക്കാന്‍ സാവിത്രിയും ജ്യോതിബായും വീട്ടില്‍ അമ്മമാര്‍ക്ക് അഭയകേന്ദ്രം (ബാല്‍ഹത്യ പ്രതിബന്ധക് ഗൃഹ) ഒരുക്കി. വിധവകള്‍ക്കും ബലാത്സംഗത്തിന് ഇരയായവര്‍ക്കും സുരക്ഷിതമായി പ്രസവകാലം അവിടെ കഴിയാമെന്നായി. മക്കളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് മക്കളെ ഏല്‍പ്പിച്ചുപോകാനുള്ള സൗകര്യവും ചെയ്തു. അഭയകേന്ദ്രത്തില്‍ പിറന്ന യശ്വന്ത് എന്ന കുട്ടിയെ അവര്‍ ദത്തെടുത്തു.

ആര്യസമാജ്, ബ്രഹ്‌മസമാജ്, പ്രാര്‍ത്ഥനാസമാജ് തുടങ്ങിയ വരേണ്യ സംഘടനകളാണ് അന്ന് നിലവിലുണ്ടായിരുന്നത്. സമൂഹത്തിന്റെ അരികുപറ്റി ജീവിക്കുന്നവര്‍ക്കും അഭിപ്രായത്തിനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനമായാണ് 1873ല്‍ സാവിത്രിയും ജ്യോതിബായും അമരക്കാരായ സത്യശോധക് സമാജ് പിറക്കുന്നത്. സ്ത്രീധന സമ്പ്രദായത്തെ വെല്ലുവിളിക്കുന്ന, ബാലവിവാഹത്തെ എതിര്‍ക്കുകയും മിശ്രവിവാഹത്തെയും വിധവാവിവാഹത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സത്യശോധക് സമാജ് അധകൃതന് ആശ്വാസമായി.

വിധവാ വിവാഹമെന്ന പാപവും മിശ്രവിവാഹമെന്ന അപരാധവും സമൂഹം സാവിത്രിയുടെ പേരില്‍ എഴുതിച്ചേര്‍ത്തു.

ആദ്യ സത്യശോധക് വിവാഹത്തിന് ചുക്കാന്‍ പിടിക്കാനും സാവിത്രി മുന്നില്‍ നിന്നു. സ്ത്രീധനമില്ലാത്ത, പുരോഹിതരില്ലാത്ത ചടങ്ങ്. മകന്‍ യശ്വന്തിന്റെ മിശ്രവിവാഹവും സത്യശോധക് സാമാജിന്റെ മേല്‍നോട്ടത്തിലായിരുന്നു. വിധവാ വിവാഹമെന്ന പാപവും മിശ്രവിവാഹമെന്ന അപരാധവും സമൂഹം സാവിത്രിയുടെ പേരില്‍ എഴുതിച്ചേര്‍ത്തു. സാങ്കേതികവിദ്യ ഇത്രയും വളര്‍ന്ന ഇക്കാലത്തും ജാതിയുടെ പേരില്‍ ദുരഭിമാനക്കൊലകള്‍ വ്യാപകമായ മണ്ണിലാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സത്യശോധക് സാമാജ് ജാതിയുടെ വരമ്പുകള്‍ ഉടച്ചിടാന്‍ ശ്രമിച്ചത്.  

1890 ലായിരുന്നു ജ്യോതിബായുടെ നിര്യാണം. ദത്തുപുത്രന്‍ വേണോ കുടുംബാംഗം വേണോ ജ്യോതിബായുടെ ചിതയ്ക്ക് അഗ്‌നി പകരാന്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് സാവിത്രി ഭര്‍ത്താവിന് അഗ്‌നിപ്രണാമമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ മരണം അദ്ദേഹത്തിന്റെ ആശയങ്ങളുടെ മരണമാകരുതെന്ന നിര്‍ബന്ധബുദ്ധിയോടെ അവര്‍ മുന്നോട്ടുപോയി. 1893ലെ സത്യശോധക് സമാജിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സാവിത്രി അധ്യക്ഷയായി. പുരുഷന്മാര്‍ പങ്കെടുക്കുന്ന യോഗത്തിന്റെ അമരത്തേക്ക് ഒരു സ്ത്രീ വരുന്നത് അമ്പരപ്പായിരുന്നു അക്കാലത്ത്.

കാവ്യ ഫൂലെ, ഭവന്‍ കാശി സുബോധ് രത്നാകര്‍ എന്നിങ്ങനെ പുസ്തകങ്ങളും സാവിത്രി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യന്‍ വിദ്യയിലൂടെ വിഭാഗീയ ചിന്തകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ആകാശങ്ങള്‍ തേടണമെന്ന് എഴുത്തിലൂടെയും അവര്‍ ആവര്‍ത്തിച്ചു.

നാട്ടില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ രോഗികളെ പരിചരിക്കാനായി സാവിത്രി ഒരു ക്ലിനിക്ക് തുടങ്ങി. അവിടെ സേവനത്തില്‍ മുഴുകവേയാണ് ആകസ്മികമായി മരണം ആ മഹതിയെ അപഹരിച്ചത്. 1897 മാര്‍ച്ച് 10ന് സാവിത്രി വിടവാങ്ങി.  

പ്രവചനാത്മകമായ ഉള്‍ക്കണ്ണോടെ, അസാമാന്യമായ സമര്‍പ്പണത്തോടെ സമൂഹത്തെ മൂല്യങ്ങള്‍ ചൊല്ലിപ്പഠിപ്പിച്ച എല്ലാ മഹത്തുക്കളുടെയും പേരില്‍ അനുസ്മരണയോഗങ്ങള്‍ കൊണ്ടാടപ്പെടാറുണ്ട്, അവരുടെ പ്രതിമകള്‍ നിരത്തുകളില്‍ നിരത്തപ്പെടാറുണ്ട്. അത്തരം ആദരങ്ങള്‍ സാവിത്രിയെയും തേടിയെത്തി. പുണെ സര്‍വകലാശാല സാവിത്രി ഫൂലെ പുണെ സര്‍വകലാശാല എന്ന പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതുമതിയോ എന്നതാണ് ചോദ്യം.

പെണ്ണായത് കൊണ്ട് മാത്രം പറിച്ചെറിയപ്പെടുന്ന ഭ്രൂണങ്ങള്‍ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ യാഥാര്‍ഥ്യമാണ്. ലോകത്തെ വലിയ സാമ്പത്തിക ശക്തികളിലൊന്നായി രാജ്യം വളരുകയാണെന്നത് അഭിമാനകരം തന്നെ. പക്ഷേ,  ജനസംഖ്യയില്‍ പാതിയോളം വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താതെയുള്ള കുതിപ്പിന് എന്നും കിതപ്പിന്റെ അകമ്പടിയുണ്ടാകും. രാജ്യത്തിന്റെ അതിരിനുള്ളിലെ ജാതി-മത വേലിക്കെട്ടുകളും ദൗര്‍ബല്യമാണ്. സമത്വത്തിലൂന്നാതെയുള്ള ഏത് മുന്നോട്ടുപോക്കും എപ്പോള്‍വേണമെങ്കിലും കാതങ്ങള്‍ പിന്നോട്ടടിപ്പിച്ചേക്കാം.  

ഇന്ന് നാം നിസ്സാരമായി മുറിച്ചുകടക്കുന്ന ഓരോ വാതിലുകളും കൊടുങ്കാറ്റിനോട് പടവെട്ടി മുന്‍നടന്നവര്‍ തുറന്നിട്ടതാണ്. ജാതി-മത-ലിംഗ ഭേദമന്യേ മനുഷ്യനെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ പ്രാണന്‍ അര്‍പ്പിച്ച സാവിത്രി ഒരുപാട് വാഴ്ത്തപ്പെടേണ്ടതുണ്ട്. ആ ജീവിതഗാഥ എല്ലാവരിലേക്കുമെത്തണം. ആ ത്യാഗത്തോടും നീതിബോധത്തോടും കൃതജ്ഞതയുണ്ടെങ്കില്‍ അനീതിയുടെ ആഴികള്‍ താണ്ടുക അനായാസമാകും