വോട്ടവകാശത്തിനു വേണ്ടി സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും പോരാടേണ്ടി വന്നിട്ടുണ്ട്.  സാമ്പത്തിക ശേഷിയും സ്വത്തുടമസ്ഥതയും മാനദണ്ഡമാക്കിയായിരുന്നു പുരുഷന്മാർക്കും വോട്ടവകാശം ലഭിച്ചിരുന്നത്.  തങ്ങൾക്ക് ലഭിച്ച അവകാശം സ്ത്രീകൾക്കും ലഭിക്കുന്നതിനെ എതിർക്കുന്നതിൽ ജൻമനാ വോട്ടവകാശം ലഭിച്ചവരും സമരം ചെയ്ത് നേടിയവരും പലപ്പോഴും  ഒറ്റക്കെട്ടായിരുന്നു എന്ന് കാണാം."സ്ത്രീകൾ ഗാർഹിക ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകും എന്ന ഭയമാണ് അവരെ നയിച്ചിരുന്നത്. " ഒരു സ്ത്രീയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം അവളുടെ ഭർത്താവിനാണ്. അതുകൊണ്ട് അവനോടൊപ്പം അവളും വോട്ടവകാശം വിനിയോഗിക്കേണ്ടതില്ല." 'സ്ത്രീകൾക്ക് വോട്ട് ഉണ്ടെങ്കിൽ അത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ വിള്ളൽ ഉണ്ടാക്കും" എന്നായിരുന്നു വോട്ടവകാശത്തെ എതിർത്തിരുന്നവരുടെ വാദം . മദ്യവിരുദ്ധ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ യൂണിയൻറെ പിന്തുണ വോട്ടവകാശ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നതുകൊണ്ട് സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നത് തങ്ങളുടെ മദ്യപാനത്തെ ബാധിക്കുമോ എന്ന ഭയം പോലും എതിരാളികൾക്ക് ഉണ്ടായിരുന്നു."Politics  are bad for Women  and  Women  are  bad for Politics" തുടങ്ങി നിരവധി വാദങ്ങളാണ് അവർ നിരത്തിയത്. സ്ത്രീ വോട്ടവകാശ വിരുദ് ചേരിയിൽ സ്ത്രീകളും അണിനിരനിന്നിരുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.

To advertise here,

ഉണ്ടായിരുന്ന വോട്ടവകാശം എടുത്തുകളഞ്ഞ ഓസ്ട്രേലിയ

ലോകത്താകമാനം പുരുഷന്മാര്‍ക്കു വോട്ടവകാശം ലഭ്യമായിരുന്നത് സ്വത്തിന്റെ ഉടമസ്ഥതയും സാമ്പത്തികശേഷിയും മാനദണ്ഡമാക്കിയായിരുന്നു. നിരവധി പോരാട്ടങ്ങളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും ആണ് സാര്‍വത്രിക വോട്ടവകാശം പുരുഷന്മാരും നേടുന്നത്.  സൗത്ത് ഓസ്‌ട്രേലിയയില്‍ 1861 മുതല്‍ സ്വത്തുടമകളായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു. വിവാഹത്തോടെ 'സിവില്‍ മരണം' സംഭവിക്കുന്ന സ്ത്രീകള്‍ തന്റെ സമ്പാദ്യങ്ങളും സ്വത്തുടമസ്ഥതയും ഭര്‍ത്താവിന് നല്‍കണമെന്ന് നിയമക്രമമായിരുന്നു അന്നവിടെ. അങ്ങനെയുള്ള അവിടെ അവിവാഹിതരായ കുറച്ച് സ്ത്രീകള്‍ക്കും സ്വത്തുടമകളായ വിധവകള്‍ക്കും മാത്രമാണ് ആ അവകാശം ലഭ്യമായിരുന്നത്. എന്നാല്‍, സ്ത്രീകള്‍ക്ക് പരിമിതമായ തോതില്‍ ലഭ്യമായിരുന്ന ഈ അവകാശം ഒരു നിയമനിര്‍മ്മാണ പിഴവായി പുരുഷ നിയന്ത്രിതമായ നിയമനിര്‍മ്മാണ സഭകള്‍ കണക്കാക്കുകയും 1866-ലെ തിരഞ്ഞെടുപ്പ് കാലത്ത് നിയമം ഭേദഗതി ചെയ്ത്  വോട്ടവകാശം പുരുഷന്മാര്‍ക്ക് മാത്രമാക്കുകയും ചെയ്തു. 'രാഷ്ട്രീയപ്രക്രിയയില്‍ പങ്കെടുക്കാനുള്ള വൈകാരികമോ ബൗദ്ധികമോ ആയ ശേഷി സ്ത്രീകള്‍ക്ക് ഇല്ല' എന്നാണ് ഭേദഗതിയെ ന്യായീകരിച്ചുകൊണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസ്താവിച്ചത്.

സ്ത്രീകള്‍ അവരുടെ പരമ്പരാഗതമായ ചുമതലകളില്‍നിന്ന് പുറത്തു കടക്കുകയാണെന്നും കുടുംബത്തില്‍ ഭര്‍ത്താവിന്റെ സ്ഥാനം തകര്‍ത്തു കളയാനാണ് വോട്ടവകാശം ആവശ്യപ്പെടുന്നതെന്നും  ആണ് അവര്‍ വാദിച്ചത്. ഈ വാദത്തിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. സ്ത്രീകളെ സംബന്ധിച്ച് സമൂഹത്തിലും നിയമങ്ങളിലും നിലനില്‍ക്കുന്ന മുന്‍വിധികളോടെയുള്ള പരമ്പരാഗത വീക്ഷണങ്ങള്‍ക്കെതിരെ വിദ്യാഭ്യാസവും തൊഴിലും നേടിയ സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയത് അക്കാലത്താണ്. സർക്കാരിനെയും കുടുംബത്തെയും നിലനിര്‍ത്താന്‍ സ്ത്രീകള്‍ വേണമെങ്കില്‍ ആ സർക്കാരിനെ തിരഞ്ഞെടുക്കാനും  തങ്ങള്‍ക്ക് അവകാശമുണ്ട് എന്ന തിരിച്ചറിവ് സ്ത്രീകളില്‍ എത്തിക്കാന്‍ കഠിനപ്രയത്‌നങ്ങള്‍ തന്നെ അവര്‍ ഏറ്റെടുത്തു .

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അമേരിക്കയിലും ബ്രിട്ടനിലും വോട്ടവകാശ സമരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലോകത്ത് പല രാജ്യങ്ങളിലും സ്ത്രീകള്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ രാഷ്ട്രീയ അവകാശങ്ങള്‍ ലഭ്യമായ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് സൗത്ത് ഓസ്‌ട്രേലിയ. 1894 ഡിസംബര്‍ 18-ന് സൗത്ത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഭരണഘടനാ  ഭേദഗതിയിലൂടെ മുതിര്‍ന്നവരുടെ വോട്ടവകാശ നിയമം പാസാക്കി. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അവിടെ നിയമനിര്‍മാണം നടന്നത്. നിയമം സ്ത്രീകള്‍ക്ക് വോട്ടവകാശം മാത്രമല്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും നല്‍കി. 

placeholder
എഡിത്ത് കോവൻ, ഓസ്ട്രേലിയൻ പാർലമെന്റിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഓസ്ട്രേലിയൻ സ്ത്രീ |
By Unknown author - Public Domain,
https://commons.wikimedia.org/w/index.php?curid=803598

1884-ലാണ് ലോകത്തിലെ ആദ്യത്തെ സ്ത്രീ വോട്ടവകാശ സംഘടനയായ ' വിക്ടോറിയന്‍ വിമന്‍സ് സഫ്‌റേജ് സൊസൈറ്റി ' ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ രൂപീകൃതമാവുന്നത്. സംഘടനയുടെ മുന്‍കൈയില്‍ രണ്ടു പതിറ്റാണ്ടിലധികം നീണ്ടുനിന്ന സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കു മൊടുവില്‍ 1908-ലാണ് വിക്ടോറിയ സ്റ്റേറ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്ന നിയമ ഭേദഗതി പാസായതോടെ അതേ വര്‍ഷം തന്നെ സംഘടന പിരിച്ചുവിട്ടു. എന്നാല്‍, 1923-ല്‍ മാത്രമാണ് സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ലഭ്യമാക്കി കൊണ്ടുള്ള നിയമം വിക്ടോറിയ സംസ്ഥാനത്ത്  നടപ്പാക്കുന്നത്.

ക്രിസ്ത്യന്‍ വിമന്‍സ് ടെമ്പറന്‍സ് യൂണിയന്‍, സോഷ്യല്‍ പ്യൂരിറ്റി സൊസൈറ്റി തുടങ്ങിയ നിരവധി ഗ്രൂപ്പുകളാണ് ആദ്യഘട്ടത്തില്‍ സ്ത്രീ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഈ സംഘടനകളെല്ലാം ചേര്‍ന്ന് മേരി ലീ, മേരി കോള്‍ട്ടണ്‍, കാതറിന്‍ ഹെലന്‍സ്‌പെന്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിമന്‍സ് സഫ്‌റേജ് ലീഗ് രൂപം കൊള്ളുകയും വോട്ടവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. പത്രമാസികകള്‍ക്ക് കത്തെഴുതിയും പൊതുപരിപാടികളും റാലികളും മാര്‍ച്ചുകളും നടത്തിയും ഈ വിഷയത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സംഘടനയ്ക്കായി. സൗത്ത് ആസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നിവേദനം സ്ത്രീ വോട്ടവകാശത്തിനായി സമര്‍പ്പിക്കപ്പെട്ടതാണ്. സ്ത്രീ വോട്ടവകാശ പ്രവര്‍ത്തകര്‍ പാര്‍ലമെന്റില്‍ എത്തി പ്രധാനമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ച ഈ നിവേദനം ശേഖരിച്ച ഒപ്പുകള്‍ ഉള്‍പ്പെട്ട കടലാസ് 400 അടി നീളത്തില്‍ ഒട്ടിച്ച് തയ്യാറാക്കിയാണ് പ്രധാനമന്ത്രിക്ക് നല്‍കിയത്. പുരുഷന്മാരും ഈ നിവേദനത്തില്‍ ഒപ്പു വച്ചിരുന്നു .സ്ത്രീ വോട്ടവകാശത്തിനുള്ള സാമൂഹിക പിന്തുണ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഈ നിവേദനം സഹായിച്ചു 

സ്ത്രീ വോട്ടവകാശ ബില്ല് മൂന്നുപ്രാവശ്യം പരാജയപ്പെട്ടെങ്കിലും 1894 ഓഗസ്റ്റ് 23-ന് നാലാം തവണയും ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. ബില്ല് അട്ടിമറിക്കാനുള്ള യാഥാസ്ഥിതികരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് 14-നെതിരെ 31 വോട്ടുകള്‍ക് ബില്ല് പാസായി. 200-ഓളം സ്ത്രീകള്‍ വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ ഹാളില്‍ എത്തിയിരുന്നു.1895-ലാണ് രാജ്ഞി ഒപ്പിട്ട ബില്ല് നിയമമാകുന്നത്. വോട്ടവകാശം മാത്രമല്ല പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ള അവകാശവും കൂടി നേടിയെടുത്ത ബില്ലായിരുന്നു ഇത്. ബില്ല് പാസായ തൊട്ടടുത്ത വര്‍ഷം തന്നെ സ്ത്രീകള്‍ക്കും മത്സരിക്കാവുന്ന ആദ്യത്തെ സൗത്ത് ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പും നടന്നു. 

വോട്ട് ചെയ്യാനുള്ള അവകാശത്തോടൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും പോരാട്ടങ്ങളിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും നേടിയെടുത്തെങ്കിലും പോരാട്ടങ്ങള്‍ക്ക് ഒരു തുടര്‍ച്ചയില്ലാതെ  പോയത് ആണധികാരത്തിന് വലിയ നേട്ടങ്ങള്‍ ആണ് ഉണ്ടാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വോട്ടവകാശം നേടിയ സ്ത്രീകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിട്ടും തുല്യപ്രാതിനിധ്യത്തിലേക്ക് എത്തിയില്ല എന്നത് ഖേദകരമാണ്. ഓസ്‌ട്രേലിയ വന്‍കരയിലെ മറ്റു രാജ്യങ്ങളിലും സ്ത്രീ വോട്ടവകാശ സംഘടനകളുടെ നേതൃത്വത്തില്‍ പോരാട്ടങ്ങള്‍ നടത്തിയെങ്കിലും ആദ്യമായി അംഗീകരിക്കപ്പെട്ടത് സൗത്ത് ഓസ്‌ട്രേലിയയില്‍ ആയിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് 1888-ല്‍ രൂപീകരിച്ച വിമന്‍സ് സഫ് റെജ് ലീഗിന്റെ മുന്‍കൈയിലാണ്. സ്ത്രീകളുടെ രാഷ്ട്രീയ അധികാരത്തിലൂടെ മാത്രമേ മറ്റെല്ലാ അധികാരങ്ങളും തങ്ങള്‍ക്ക് നേടാന്‍ കഴിയൂ എന്ന ഉറച്ച തീരുമാനമെടുത്ത പ്രസ്ഥാനമാണ് ഇത്.  മനുഷ്യരാശിയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ പൊതു നിശബ്ദത തികച്ചും അസംബന്ധമാണ് എന്ന് അവര്‍ വാദിച്ചു. 

വോട്ടവകാശസമരങ്ങളുടെ തുടക്കകാലത്ത് 'പ്രാതിനിധ്യം ഇല്ലെങ്കില്‍ നികുതിയില്ല' എന്ന നിവേദനം 219 പേരുടെ മാത്രം ഒപ്പോടെയാണ് ആദ്യമായി സർക്കാരിന് സമര്‍പ്പിച്ചത്.' ഞങ്ങള്‍ക്ക് വോട്ടില്ലെങ്കില്‍ നികുതി നിയമത്തില്‍നിന്നും ഞങ്ങളെ ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നീട് 1894 ഏപ്രില്‍ 30-ന് സംസ്ഥാനവ്യാപകമായി വോട്ടവകാശത്തിന് വേണ്ടി ഒപ്പുശേഖരണം ആരംഭിച്ചു. ഇപ്രാവശ്യം ആയിരക്കണക്കിന് ഒപ്പു പേജുകളുള്ള ഒരു നിവേദനമാണ് വീണ്ടും നല്‍കിയത്. വീണ്ടും 1894 ഓഗസ്റ്റ് 23-ന് നിയമസഭയില്‍ സ്ത്രീ വോട്ടവകാശ ബില്ല് അവതരിപ്പിക്കപ്പെട്ടു. രാത്രി വരെ നീളുന്ന ചര്‍ച്ചകളാണ് ബില്ലിന്മേല്‍ നടന്നത്. ഒടുവില്‍ 1894 ഡിസംബര്‍ 18-ന് ഭേദഗതികളോടെ 'പാസാക്കുകയുണ്ടായി. 1920-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ലഭ്യമാവുകയും ചെയ്തു.

placeholder
ന്യൂ സൗത്ത് വേൽസിലെ വുമൻഹുഡ് സഫ്രേജ് ലീഗ് | By Freeman brothers studio - State Library of New South Wales,
ON 219 (96), Public Domain, https://commons.wikimedia.org/w/index.php?curid=80473154

ഓസ്ട്രേലിയയിലെ മറ്റിടങ്ങളിൽ 

ന്യൂ സൗത്ത് വെയില്‍സില്‍ 1889-ല്‍  വിമന്‍സ് ലിറ്റററി സൊസൈറ്റി ആണ് 'വുമണ്‍ ഹുഡ് സഫറേജ്‌ലീഗ് ആയി വളര്‍ന്നത്. നിരവധി നിവേദനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവില്‍ 1902-ലാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്‍ പാസായത്. പിന്നെയും 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മത്സരിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് നേടിയെടുക്കാന്‍ ആയത്.

ടാസ്മാനിയയില്‍ 1903-ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭ്യമായെങ്കിലും 1921-ലാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള അവകാശം നേടിയെടുക്കാനായത്.

ക്വീന്‍ സ്ലാന്‍ഡില്‍ 19O5-ല്‍ വോട്ടവകാശം അംഗീകരിക്കപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം പിന്നെയും പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലഭ്യമായത് .

വിക്ടോറിയയിലെ ആദ്യത്തെ വോട്ടവകാശ സംഘടനയായ 'വിക്ടോറിയന്‍ വിമന്‍സ് സഫ് റേജ് സൊസൈറ്റി ' 1950 വരെ പോരാടി വോട്ടവകാശം ലഭ്യമായപ്പോള്‍ പിരിച്ചുവിടുകയുണ്ടായി എന്നാല്‍, പിന്നെയും 18 വര്‍ഷങ്ങള്‍ വേണ്ടിവന്നു സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന അവകാശം അംഗീകരിച്ച് കിട്ടാന്‍.

ഐക്യരാഷ്ട്ര സഭയിൽ

 പൗരാവകാശങ്ങള്‍ പുരുഷന് ജന്മം കൊണ്ട് ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അത് പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടി വരുന്നു എന്നത് വോട്ടവകാശത്തിന്റെ കാര്യത്തിലും ശരിയായിരുന്നു. 1952-ലാണ് ഐക്യരാഷ്ട്രസഭ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷനില്‍ ' ഒരു വിവേചനവും ഇല്ലാതെ എല്ലാ തിരഞ്ഞെടുപ്പുകളിലും പുരുഷന്മാര്‍ക്ക് തുല്യമായി വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ടാവണം' എന്ന പ്രഖ്യാപനം വന്നത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ മാത്രമല്ല ലോകത്താകമാനം വോട്ടവകാശ പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ ശക്തമായ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്.
 1952-ലെ ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനങ്ങള്‍ക്ക് ശേഷവും സ്ത്രീകളുടെ വോട്ടവകാശം ഒരു സങ്കല്പം മാത്രമായി നിലനിന്ന അനേകം രാജ്യങ്ങള്‍ ഉണ്ട്. മതയാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പുകള്‍ പല രാജ്യങ്ങളിലും സ്ത്രീകളെ വോട്ട് ചെയ്യുന്നതില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.

മറ്റ് രാജ്യങ്ങളിലെ സ്ത്രീ വോട്ടാവകാശ ചരിത്രം ചുരുക്കത്തിൽ

റഷ്യ- 1917-ലാണ് റഷ്യയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്, റഷ്യന്‍ ലീഗ് ഫോര്‍ വിമന്‍ ഇക്വാ ലിറ്റി 'യുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീ വോട്ടവകാശപ്പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍  വോട്ടവകാശത്തിനുവേണ്ടി നടന്ന നാല്‍പ്പതിനായിരത്തോളം സ്ത്രീകള്‍ പങ്കെടുത്ത റാലി ചരിത്രപ്രസിദ്ധമാണ്.

നോർവെ- 1913-ലാണ് യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ സ്ത്രീകള്‍ക്ക് സാര്‍വത്രിക വോട്ടവകാശം ലഭിക്കുന്നത്. 1898 മുതല്‍ 1913 വരെ ' നോര്‍വിജയന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍സ് റൈറ്റ് എന്ന സംഘടന യാണ് സ്ത്രീ വോട്ടവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .

കുവൈറ്റ്- 1963-ലാണ് കുവൈറ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്‍ ആദ്യമായി അവതരിപ്പിച്ചത്.  യാഥാസ്ഥിതികരുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ബില്‍ പിന്‍വലിക്കുകയുണ്ടായി. 1985-ലും 1986-ലും അവതരിപ്പിക്കപ്പെട്ട ബില്ല് പരാജയപ്പെടുകയുണ്ടായി. 1999-ല്‍ സ്ത്രീ വോട്ടവകാശം അംഗീകരിക്കുകയും സ്ഥാനാര്‍ത്ഥികളാകാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ആറുമാസത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ. നിയമം പാര്‍ലമെന്റ് അസാധുവാക്കി. 2003-ലെ കുവൈത്ത് തിരഞ്ഞെടുപ്പില്‍ നൂറുകണക്കിന് സ്ത്രീകള്‍ മോക്ക് ബാലറ്റുകള്‍ തയ്യാറാക്കി പ്രതിഷേധിച്ചു. 2005 മാര്‍ച്ചില്‍ ആയിരം സ്ത്രീകള്‍ കുവൈത്ത് പാര്‍ലമെന്റ് വളഞ്ഞു. തുടര്‍ന്നാണ് 2005 മെയ് 17-ന്   വീണ്ടും ബില്ല് അവതരിപ്പിച്ചത്. 21-ന് എതിരെ 37 വോട്ടിനാണ് ബില്ല് പാസായത്.

സൗദി അറേബ്യ- ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയാണ് ഏറ്റവും അവസാനമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയ രാജ്യം. 2011-ല്‍ രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും ലഭ്യമായത്. രാജഭരണം നിലനില്‍ക്കുന്ന സൗദിയില്‍ ജനാധിപത്യ രീതിയില്‍ ഭരണകര്‍ത്താക്കളെ കണ്ടെത്തുന്ന ഏക സര്‍ക്കാര്‍ സംവിധാനം സൗദി മുനിസിപ്പല്‍ കൗണ്‍സില്‍ മാത്രമാണ് എന്നതും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. 1965-നും  2005-നും ഇടയിലുള്ള 40 വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പുകള്‍ ഒന്നും നടന്നിട്ടില്ലാത്ത രാജ്യവുമായിരുന്നു സൗദി അറേബ്യ.' ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി വോട്ട് ചെയ്തു. എനിക്കും ഒരു ശബ്ദമുണ്ടെന്ന് അറിയുന്നത് അത്ഭുതകരമാണ്. അത് എനിക്ക് പ്രധാനവുമാണ് ' ഈ രീതിയില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ സൗദി  സ്ത്രീകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ച വരികള്‍  വോട്ടവകാശമില്ലാതിരുന്നത് എത്രമാത്രം ആത്മനിന്ദയോടെയാണ് അവര്‍ അനുഭവിച്ചത് എന്ന് മനസ്സിലാക്കിത്തരുന്നുണ്ട്.

വോട്ടവകാശം രേഖപ്പെടുത്തുക എന്നാല്‍ തിരഞ്ഞെടുക്കാനുള്ള അവകാശം വിനിയോഗിക്കുക എന്നാണല്ലോ. ഇപ്പോഴും വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാത്ത ഒരു രാജ്യമാണ് വത്തിക്കാന്‍ എന്ന് പറയാം. രഹസ്യ ബാലറ്റിലൂടെ പോപ്പിനെ തിരഞ്ഞെടുക്കുന്നത് കര്‍ദിനാള്‍മാര്‍ വോട്ട് ചെയ്തിട്ടാണ്. സ്ത്രീകള്‍ കര്‍ദിനാള്‍മാരില്‍ ഇല്ലാത്തതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് വത്തിക്കാനില്‍ വോട്ടവകാശവും ഇല്ല.



സ്ത്രീയുടെ പൗരാവകാശങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട് നിരവധി പോരാട്ടങ്ങളും അതിജീവനങ്ങളും കീഴടങ്ങലുകളും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ലോകത്താകമാനം നടന്നിട്ടുണ്ട്. അവയുടെയൊക്കെ ഫലമായാണ് ആധുനികകാലത്തെ ജനാധിപത്യ സമൂഹങ്ങള്‍ ഉരുത്തിരിഞ്ഞത്. ഇന്ന് വളരെ സ്വാഭാവികമെന്ന് തോന്നുന്ന പല അവകാശങ്ങളും നേടിയെടുക്കാന്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന പോരാട്ടങ്ങള്‍ വേണ്ടി വന്നിട്ടുണ്ട്. മാനവചരിത്രം രാജാക്കന്മാരുടെയും മഹാന്‍മാരുടെയും വീരകഥകളായി പാഠപുസ്തകങ്ങളില്‍ പഠിക്കുന്നത് മാത്രമല്ല, അടിത്തട്ടില്‍ നടന്ന ഇടപെടലുകളുടേത് കൂടിയാണ്. അവ നിരന്തരം ഓര്‍ത്തെടുക്കേണ്ടത് ജനാധിപത്യപരവും സമത്വപൂര്‍ണവുമായ സാമൂഹ്യ വികാസത്തിലേക്കുള്ള മുന്നോട്ട് പോക്കിന് അത്യാവശ്യമാണ്. അധികാരമുള്ള വര്‍ഗം കയ്യാളുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ രക്തരഹിതവും രക്തരൂക്ഷിതവുമായ നിരവധി പോരാട്ടങ്ങള്‍ സ്ത്രീകള്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. അവയില്‍ രേഖപ്പെടുത്തപ്പെട്ടവയും രേഖപ്പെടുത്തപ്പെടാത്തവയുമുണ്ട്. വ്യക്തിപരമായതും സംഘടിതമായവയുമുണ്ട്. രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ മുന്നേറ്റങ്ങളില്‍ ഒന്നാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന സ്ത്രീ വോട്ടവകാശസമരങ്ങള്‍.ആദ്യ രണ്ട് ഭാഗങ്ങൾ വായിക്കാം

അമേരിക്കൻ സ്ത്രീ വോട്ടവകാശ പോരാട്ടം വായിക്കാം- അധികാരം സ്ത്രീയുടെ കയ്യിൽ, വോട്ട് ചെയ്യാത്തത് അന്തസ്സും; അമരിക്കയുടെ മനസ് മാറ്റിയ സൂസൻ |Half the sky

ബ്രിട്ടൻ സ്ത്രീ വോട്ടവകാശ ചരിത്രം വായിക്കാം- ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി