
കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടി കേരളം ഒന്നടങ്കം പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോൾ കോട്ടക്കലിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽനിന്ന് അഹദ് എന്ന യുവാവ് രക്ഷപ്പെട്ടത് രക്ഷാപ്രവർത്തകരുടെ ശരിയായ തീരുമാനത്തിന്റെയും അതിവേഗത്തിലുള്ള പ്രവർത്തനത്തിന്റെയും ഫലമായിരുന്നു.
2023 ഫെബ്രുവരി 28 ന് കോട്ടക്കൽ കുർബാനിയിൽ കിണറിനുള്ളിൽ ജോലിയെടുക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചെങ്കിലും മണ്ണിൽ മുഖം പൂർണ്ണമായും താഴ്ന്നു പോയ മറ്റൊരാളുടെ രക്ഷയായത് സമയോചിതവും വേഗതയേറിയതുമായ രക്ഷാ പ്രവർത്തനമായിരുന്നു . തൊഴിലാളികളിലൊരാളായ അലി അക്ബർ ആണ് അപകടത്തിൽ മരിച്ചത്. അഹദ് എന്ന രണ്ടാമത്തെയാളെ രക്ഷിക്കാൻ കഴിഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരിലൊരാളായ വി.സി. രഘുരാജിനെ കഴിഞ്ഞ വർഷത്തെ ഫയർസർവ്വീസ് ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ തേടിയെത്തിയത് ഈ രക്ഷാ പ്രവർത്തനത്തിന്റെ പേരിലായിരുന്നു.
Also Read

അന്ന് രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് ജീവനക്കാരായ രഘു തന്റെ അനുഭവം പങ്കുവെക്കുന്നു
"കോട്ടയ്ക്കല്‍ കുര്‍ബാനി റോഡില്‍ വീടിനുചേര്‍ന്ന് കിണര്‍ നിര്‍മാണത്തിനെത്തിയതായിരുന്നു അലി അക്ബറടക്കമുള്ള ആറംഗ സംഘം. അലി അക്ബറും അഹദുമാണ് കിണറ്റിലിറങ്ങിയത്. കിണറിന്റെ അടിവശം കെട്ടാനായി കീറുന്നതിനിടെയാണ് മണ്ണിടിഞ്ഞ് ഇരുവരും അടിയില്‍പ്പെട്ടത്. കിണറിന്റെ താഴ്‌വശത്തെ ഉറപ്പുകുറഞ്ഞ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. അലി അക്ബര്‍ പൂര്‍ണമായും മണ്ണിനടിയിലായി.
നോമ്പ് കാലമായിരുന്നു അത്. പതിനൊന്ന് മണിയോടെ ജോലി തീർക്കാമെന്ന ഉദ്ദേശ്യത്തിലാണ് രാവിലെ നേരത്തെ തന്നെ അവർ ജോലി തുടങ്ങിയത്. അഹദും അലി അക്ബറും കിണറ്റിൽ ഇറങ്ങി. ബാക്കി നാലുപേർ പുറത്തും. അതിനിടെ ഒമ്പത് മണിയോടെയാണ് താഴ്ഭാഗത്തു നിന്നും പെട്ടെന്ന് മണ്ണിടിയുന്നത്. ഏഴടിയോളം ഉയരത്തിൽ മണ്ണിടിഞ്ഞു. ഏറെ ആഴമുള്ള കിണറിന്റെ പതിനാറ് പടവുകളോളം കഴിഞ്ഞ ശേഷമാണ് മണ്ണിടിഞ്ഞത്.

കിണറിന് പുറത്തുനിന്ന തൊഴിലാളികളുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. അതുവഴി പോകുകയായിരുന്ന പരശുരാമൻ എന്ന ഗുഡ്സ് ഓട്ടോ ഡ്രൈവർ കയറിൽ തൂങ്ങി കിണറ്റിലേക്കിറങ്ങി. അദ്ദേഹം ഒരു ഹൃദ്രോഗി ആയിരുന്നു അതൊന്നും വകവെയ്ക്കാതെയാണ് ആ സാഹസത്തിന് മുതിർന്നത്. ഏഴടിയോളം മണ്ണ് മൂടി കിടക്കുന്നത് കൊണ്ടു തന്നെ ഇരുവരും എവിടെയാണെന്ന് യാതൊരു നിശ്ചയവുമില്ല. കുറച്ചു കഴിഞ്ഞപ്പോൾ മണ്ണിനടിയിൽ നിന്ന് പരശുരാമൻ ഒരു ഞരക്കം വെച്ചു. ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി മണ്ണുമാന്തി നോക്കി. കുറച്ച് കുഴിച്ചെത്തിയപ്പോഴേക്കും അഹദിൻ്റെ തലമുടി കണ്ടു. മൂക്ക് വരെ മണ്ണു മാന്തി ശ്വാസം കിട്ടാൻ പാകത്തിന് ആക്കിവെച്ചു. മണ്ണിനടിയിൽ ഒരാൾ കൂടി ഉണ്ടെന്ന് അഹദ് വിളിച്ചു പറയുന്നുണ്ടെങ്കിലും ശബ്ദമോ മറ്റോ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഇനിയും കിണറ്റിൽ തുടരുന്നത് തൻ്റെ ജീവന് കൂടി അപകടമാണെന്ന് മനസ്സിലാക്കിയ പരശുരാമൻ തിരിച്ചു കയറി. 9.15-ഓടെയാണ് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുന്നത്. തിരൂരിൽ നിന്ന് ഞങ്ങൾ ഫയർ എൻജിനും ഒരു ആംബുലൻസുമായി സ്ഥലത്തെത്തി. അപ്പോഴേക്കും മലപ്പുറത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘവും അങ്ങോട്ടേക്കെത്തി. കിണറിലേക്ക് നോക്കിയപ്പോൾ അതിഭയാനകമായ അവസ്ഥ ആയിരുന്നു. ആ ചെറുപ്പക്കാരൻ്റെ തല മാത്രം പുറത്തുകാണാം. ദൈവത്തെ വിളിച്ചും രക്ഷിക്കണേയെന്നപേക്ഷിച്ചും അലറിക്കരയുകയായിരുന്നു അയാളപ്പോൾ.
ആദ്യം മലപ്പുറത്ത് നിന്നുള്ള ഒരു സീനിയർ ഉദ്യോഗസ്ഥനും ഞാനും കൂടിയാണ് കിണറ്റിലേക്കിറങ്ങുന്നത്. താഴെയെത്തിയപ്പോഴാണ് ഭീകരാവസ്ഥ ശരിക്കും മനസ്സിലാകുന്നത്. മൺവെട്ടിയോ പിക്കാസോ ഉപയോഗിച്ച് മണ്ണ് മാറ്റാൻ കഴിയില്ല. ചെറുതായൊന്ന് പാളിയാൽ ബാക്കി മണ്ണ് കൂടി ഇടിഞ്ഞുവീഴുമെന്ന അവസ്ഥ. അഹദ് ആകെ പരിഭ്രാന്തനായിരുന്നു. നിങ്ങളെ രക്ഷപ്പെടുത്തിയിട്ടേ ഞങ്ങൾ തിരിച്ചു കയറൂ എന്ന് ഉറപ്പു നൽകി, പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അഹദിന്റെ ഭയം തെല്ലും കുറയ്ക്കാൻ കഴിഞ്ഞില്ല. കൈ കൊണ്ട് മണ്ണ് മാറ്റാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ നടന്നില്ല. നല്ല പശിമയുള്ള മണ്ണാണ്, വെള്ളവുമായി കൂട്ടിക്കുഴഞ്ഞ് സിമൻ്റ് പോലെ ഉറച്ചുപോയി. പിന്നെ മുകളിൽ നിൽക്കുന്നവരോട് ചിരട്ടയും ചെറിയ കമ്പി കഷ്ണങ്ങളും ഇട്ടുതരാൻ ആവശ്യപ്പെട്ടു. അതുപയോഗിച്ച് പതിയെ മണ്ണുമാറ്റി തുടങ്ങി. അഹദിൻ്റെ കഴുത്തു ഭാഗത്തു നിന്നും കൈകളുടെ ഭാഗത്തു നിന്നും മണ്ണുനീക്കി. കക്ഷഭാഗത്ത് കയറുകെട്ടി അഹദിനെ വലിച്ചു പൊക്കാൻ നോക്കി. പക്ഷേ നടന്നില്ല. വലിക്കുമ്പോഴൊക്കെ കാല് വേദനിക്കുന്നു എന്ന് പറഞ്ഞ് അലറികരയുകയാണ് അഹദ്. അപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. വീണ്ടും മണ്ണുനീക്കാൻ തുടങ്ങി.

വയറുവരെ മണ്ണ് നീക്കിയെത്തിയപ്പോൾ അയാളുടെ വയറ്റിൽ കെട്ടിപ്പുണരുന്ന പോലെ രണ്ടു കൈകൾ. അലിയുടേതായിരുന്നു അത്. ആ കൈകൾ കൂടി കണ്ടപ്പോഴേക്കും അഹദിൻ്റെ നില കൂടുതൽ വഷളായി. എന്നെ രക്ഷിക്കാൻ നോക്കേണ്ട ഞാൻ മരിക്കും എന്നയാൾ പറഞ്ഞുകൊണ്ടേയിരുന്നു. രക്ഷപ്പെടുത്തിയിട്ടേ മുകളിലേക്ക് കയറൂ എന്ന് ഞങ്ങളും പറഞ്ഞു. പൊടുന്നനെ അഹദ് ശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞ് മുന്നോട്ടേക്കു വീണു. അഹദിന്റെ ജീവൻ നഷ്ടമാകുമോയെന്ന് ഭയന്നു പോയി ഞങ്ങൾ. അയാളെ തട്ടിവിളിക്കാൻ തുടങ്ങി. കുറെനേരം വിളിച്ചപ്പോഴേക്കും അയാൾ കണ്ണുതുറന്നു. പതിയെ ബാക്കി മണ്ണ് കൂടി നീക്കി തുടങ്ങി. അപ്പോഴേക്കും റെസ്ക്യൂ ടീമിലെ ബാക്കി അംഗങ്ങൾ കൂടി താഴെയെത്തി. മലപ്പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരും തിരൂരോഫിസിലെ സഹപ്രവർത്തകനായ സജിത്തും. അഹദിന്റെ കാലുവരെ മണ്ണുനീക്കിയെത്തി. കാലിൽ മുറിവുപറ്റിയിരുന്നു. ബാക്കി ശരീരം മുഴുവൻ മണ്ണ് നീക്കിയെങ്കിലും കാലുമാത്രം പുറത്തുവന്നില്ല. എവിടെയോ കുടുങ്ങികിടക്കുകയായിരുന്നു കാൽ. കാൽ കുടുങ്ങിയ ഭാഗം ഒരു കുഴി പോലെ ആയിട്ടുമുണ്ടായിരുന്നു. ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ കുഴിവലുതാക്കി റെസ്ക്യൂ ടീമിലെ ഒരംഗത്തെ കയറുകെട്ടി ആ കുഴിയിലേക്കിറക്കി. അങ്ങനെയാണ് അഹദിനെ പുറത്തെത്തിക്കുന്നത്. നാലുമണിക്കൂർ നേരത്തെ പരിശ്രമത്തിലൂടെയാണ് അഹദിനെ രക്ഷപ്പെടുത്തിയത്. 9 മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ അഹദ് പുറത്തെത്തിയത് 1.30-ഓടെ. മുകളിലെത്തിച്ച അഹദിനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. എന്നാൽ പുറത്തെത്തിയപ്പോൾ അഹദ് ആദ്യം പറഞ്ഞത് ഭൂമിക്ക് പുറത്ത് പേടിയില്ലാത്ത സ്ഥലത്ത് ഞാൻ കുറച്ചുനേരം ഇരുന്നോട്ടെ എന്നായിരുന്നു.
അഹദിനെ രക്ഷപ്പെടുത്തി പിന്നെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അലി അക്ബറിനെ പുറത്തെടുക്കാനായത്. പക്ഷേ അയാളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്കായില്ല. ഒരാളെയെങ്കിലും രക്ഷിച്ചെടുക്കാനായല്ലോ എന്ന ആശ്വാസം അപ്പോഴും ബാക്കിയുണ്ടായിരുന്നു. കിണറിന്റെ ആഴക്കൂടുതലും കിണറിനുള്ളിലെ കുഴഞ്ഞ മണ്ണുമാണ് രക്ഷാപ്രവർത്തനം ഇത്രമേൽ ദുഷ്കരമാക്കിയത്. മാത്രമല്ല, രക്ഷാപ്രവർത്തനത്തിനിടെ മൂന്നുതവണയോളം മണ്ണിടിയുകയും ചെയ്തു. അതും ആശങ്ക വർദ്ധിപ്പിച്ചു. കോട്ടയ്ക്കൽ പോലീസുമൊക്കെ രക്ഷാപ്രവർത്തനത്തിനൊപ്പം നിന്നു. ആ ആറുമണിക്കൂർ നെഞ്ചിടിപ്പിന്റേതായിരുന്നു.

ഭാഗഭാക്കായ
ഫയർ റെസ്ക്യു ഉദ്യഗസ്ഥനായ
സജിത്ത്.കഴിഞ്ഞ വർഷത്തെ ബാഡ്ജ് ഓഫ്
ഹോണർ ലഭിച്ചിരുന്നു
അഹദിനെ സുരക്ഷിതനാക്കി ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ തുടങ്ങുകയായിരുന്നു. കൊതുകുവലയ്ക്കുള്ളിലാണ് ഞങ്ങൾ ഉറങ്ങുക. എന്നാൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്തോ ഭയം മനസ്സിനെ വരിഞ്ഞുമുറുക്കിയിരുന്നു. ആഴമുള്ള ഏതോ ചുമരുകൾക്കുള്ളിൽ പെട്ടുപോയെന്ന തോന്നലായിരുന്നു. നാലഞ്ചു ദിവസത്തോളം ആ ഭയത്തിൽ നിന്ന് മുക്തനാകാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ ഒരു ജീവൻ രക്ഷിക്കാനായ കൃതാർഥതയ്ക്ക് മുന്നിൽ ആ ഭയത്തിന് സ്ഥാനമില്ലായിരുന്നു"
തിരൂര്‍ നിലയത്തിലെ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ വി.സി.രഘുരാജ്, എന്‍.പി.സജിത്ത്, എം.നാരായണന്‍കുട്ടി , മലപ്പുറം നിലയത്തിലെ സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസറായ പ്രതീഷ് കുമാര്‍, ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍മാരായ ടി.കെ. നിഷാന്ത്, അഫ്‌സല്‍ എന്നിവരാണ് കിണറ്റില്‍ ഇറക്കി രക്ഷാ പ്രവര്‍ത്തനം നടത്തിയത്
Content Highlights: fire force officer recollects rescue operation experience in kottakkal well collapse
Published: 25 Jul 2024, 09:52 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented