
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം. പിന്നേം തുള്ളിയാല്‍ ചട്ടീല് എന്ന പഴഞ്ചൊല്ല് സ്വന്തം കാര്യത്തില്‍ അറംപറ്റിപ്പോയിരിക്കുന്നു ഇന്ത്യന്‍ കടല്‍ച്ചെമ്മീനുകള്‍ക്ക്. അമേരിക്ക നോ പറഞ്ഞതോടെ കയറ്റിയയക്കല്‍ നിലച്ച് ട്രോളിങ് കാലത്തും നമ്മുടെ മത്സ്യക്കടകളില്‍ നിറഞ്ഞിരിക്കുന്നുണ്ട് നല്ല സുന്ദരന്‍ ചെമ്മീനുകള്‍ പഴയ പ്രതാപമൊന്നുമില്ലാതെ. ഒരിക്കല്‍ കിലോയ്ക്ക് മുന്നൂറ് രൂപവരെ വിലയുണ്ടായിരുന്നവ ചില ദിവസങ്ങളില്‍ നൂറിനും നൂറ്റിയമ്പതിനും വരെ കിട്ടുന്നു. ഇതെന്ത് മറിമായമെന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ഇന്ത്യന്‍ കടല്‍ച്ചെമ്മീന്‍ വിപണി നേരിടുന്ന എക്കാലത്തേയും വലിയ പ്രതിസന്ധി ചര്‍ച്ചയാവുന്നത്.
ഇന്ത്യന്‍ കടല്‍ ചെമ്മീനിന്റെ പ്രധാന ആവശ്യക്കാരായിരുന്ന അമേരിക്ക കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയതാണ് പ്രശ്നത്തിന് തുടക്കം. ഇതോടെ ഇക്കാലമത്രയും വിപണിയില്‍ മുന്നില്‍ നിന്നവന്‍ ഇന്ന് ആര്‍ക്കും വേണ്ടാത്താവനായിപ്പോലും കടകളില്‍ അവശേഷിക്കുന്നു. ചെമ്മീനുമായി ബന്ധപ്പെട്ട് മത്സ്യബന്ധന മേഖലകളിലുള്ളവര്‍ പലരും ജോലിയുപേക്ഷിച്ചു, ചില പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍ അടച്ചൂപൂട്ടുകയും ചെയ്തു. ചെമ്മീന്‍ കയറ്റുമതിയില്‍ ലോകത്ത് തന്നെ ഏറ്റവും മുന്‍പന്തിയില്‍ നിന്നിരുന്നവരാണ് ഇന്ന് പരിഹാരം കാണാനാവാത്ത പ്രശ്നത്തിലേക്കെത്തിയിരിക്കുന്നതെന്നത് യാഥാര്‍ഥ്യം. എന്താണ് കടലാമകളും ഇന്ത്യന് ചെമ്മീനും തമ്മിലുള്ള ബന്ധം, പരിശോധിക്കാം.

കടലാമയും കടല്‍ച്ചെമ്മീനും
2019-മുതലാണ് പ്രധാനമായും കടലാമ സംരക്ഷണത്തിന്റെ പേരില്‍ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള കടല്‍ച്ചെമ്മീന്‍ കയറ്റുമതി നിര്‍ത്തിയത്. കടലാമയെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെഡ്് (ടെര്‍ട്ടില്‍ എക്സ്‌ക്ലൂഡര്‍ ഡിവൈസ്) ഇന്ത്യ ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ടെഡില്ലാതെയുള്ള ചെമ്മീന്‍പിടിത്തം വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് അമേരിക്ക വിലയിരുത്തി. ചെമ്മീനുകളെ പിടിക്കാനായി ഉപയോഗിക്കുന്ന വലകളില്‍ ഘടിപ്പിക്കുന്ന മെറ്റല്‍ ഉപകരണമാണ് ടെഡ്. മത്സ്യബന്ധനത്തിനിടെ ആമകള്‍ വലയിലേക്ക് കയറിയാല്‍ ഇതിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള വഴി ടെഡ് കാണിച്ചുകൊടുക്കും. അത് വഴി ഇവയ്ക്ക് നീന്തി രക്ഷപ്പെടാനും കഴിയും.
ടെഡ് നടപ്പിലാക്കുന്നത് വഴി ചെമ്മീന്‍വലയില്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന കടലാമകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുവരുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. അമേരിക്കയും ലോകവ്യാപാര സംഘടനയുമെല്ലാം ടെഡിന്റെ ഉപയോഗം കൂടുതല്‍ നിര്‍ബന്ധമാക്കിയതോടെയാണ് കയറ്റുമതിക്ക് പൂര്‍ണ നിരോധനമുണ്ടായിരിക്കുന്നത്. നിരോധനം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പരിഹാരം കാണുന്നില്ലെന് പറഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാവുകയും ചെയ്തു.
ടെഡ് ഘടിപ്പിച്ചാല്‍ പിടികൂടുന്ന ചെമ്മീനിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ടെഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ നിരോധനം. 2019ല്‍ ആരംഭിച്ച നിരോധനം ഇപ്പോഴും തുടരുമ്പോള്‍ സമുദ്രോല്‍പ്പന കയറ്റുമതിയില്‍ വര്‍ഷത്തില്‍ 2500 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാവുന്നത്. 6700 കോടി രൂപയുടെ മത്സ്യക്കയറ്റുമതിയാണ് വര്‍ഷാവര്‍ഷം രാജ്യത്ത് നടക്കുന്നത്. ഇതില്‍ 2500 കോടിരൂപയോളം കടല്‍ചെമ്മീന്‍ കയറ്റുമതിയാണ്.
നിരോധനത്തിന്റെ ചുവട് പിടിച്ച് ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ 41 ശതമാനത്തോളം വില കുറച്ചാണ് ഇപ്പോള്‍ ഇന്ത്യന്‍ ചെമ്മീനെടുക്കുന്നത്. ഇതോടെ അടുത്തിടെ 200 രൂപ വരെ ലഭിച്ചിരുന്ന പൂവാലന്‍ ചെമ്മീനിന് ഇപ്പോള്‍ വില കുറഞ്ഞ് 80 രൂപയോളമായി. കാര, നാരന്‍, തെള്ളി തുടങ്ങിയ ഇനങ്ങള്‍ക്കും കുത്തനെ വിലകുറഞ്ഞു. ചെറിയ ചെമ്മീനുകള്‍ക്ക് ആവശ്യക്കാര്‍ പോലുമില്ലാതായി. ഒരുവര്‍ഷം അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇതില്‍ നിന്നുതെന്ന 60 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ നിരവധി തൊഴിലാളികളായിരുന്നു സംസ്‌കരണശാലകളിലും മറ്റുമായി ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലുമാണിപ്പോള്‍. ഇത് അമേരിക്കന്‍ നിരോധനം എത്രത്തോളം ഭീകരമാണ് കേരളത്തെ ബാധിക്കുന്നത് എന്നതിന് തെളിവാണ്.

ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍
വലയില്‍ കുടുങ്ങുന്ന കടലാമകളെ രക്ഷിക്കുന്ന ഉപകരണമായ ടര്‍ട്ടില്‍ എക്സ്‌ക്ലൂഡര്‍ ഡിവൈസ് (ടെഡ്) വലകളില്‍ ഘടിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ടെഡിന് 25,000 രൂപയെങ്കിലുമാകും. മീന്‍കുറവ്, മീന്‍പിടിത്ത ദിനങ്ങള്‍ കുറവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുള്ള മത്സ്യമേഖലയ്ക്ക് ഇതിനുള്ള ചെലവുകൂടി താങ്ങാന്‍ കഴിയില്ലെന്നാണ് ബോട്ടുടമകളുടെ നിലപാട്.
കേരളത്തിലെ മീന്‍പിടിത്തത്തിനിടെ കടലാമകള്‍ വലയില്‍ക്കയറുന്നത് അപൂര്‍വമാണെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. ഒഡിഷ തീരത്താണ് കടലാമ കൂടുതലുള്ളത്. അവിടെയും അവയുടെ പ്രജനനകാലത്ത് ട്രോളിങ് നിരോധനമുണ്ട്. കേരളത്തിലെ മത്സ്യോത്പാദനഘട്ടത്തിലൊരിക്കല്‍ പോലും കടലാമ വലയില്‍ കയറിയതായി റിപ്പോര്‍ട്ടില്ലെന്ന് ഐക്യകേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് വ്യക്തമാക്കുന്നു. അമേരിക്കയിലെ ചെമ്മീന്‍ ഉത്പാദകരുടെ സംഘടനയായ സതേണ്‍ ഷ്രിംപ് അലയന്‍സിന്റെ താത്പര്യമാണ് ഇത്തരം നിരോധനങ്ങള്‍ക്കു പിന്നില്‍. നിരോധനത്തെ തുടര്‍ന്ന് കൊച്ചിന്‍ ഫ്രോസണ്‍ പോലുള്ള ചില സ്ഥാപനങ്ങള്‍ അടച്ചൂപൂട്ടി. മറ്റ് പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്നും ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു.
ടെഡ് വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ ഇത് പരിശോധിക്കുവാന്‍ ഏഷ്യയിലെ ഏറ്റവും വലിയ മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആര്‍.ഐ (CMFRI) മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പശ്ചിമ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടലില്‍ പെടുന്ന പൂര്‍വ ഇന്ത്യയിലുമുള്ള 221 സാംപ്ലിങ് കേന്ദ്രങ്ങളില്‍ ഇവരുടെ 100 ജീവനക്കാര്‍ പരിശോധനയും നടത്തി. ഒമ്പത് തീര സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 46 ജില്ലകളിലാണ് പരിശോധന നടത്തപ്പെട്ടത്. വനം വകുപ്പിന്റേയും വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റേയും സ്ഥിതി വിവരക്കണക്കുകളും പരിശോധിച്ചു.

ഗുജറാത്ത് മുതല്‍ കേരളംവരേയുള്ള അഞ്ച് പശ്ചിമ തീര സംസ്ഥാനങ്ങളില്‍ നാമമാത്രമാണ് വലകളില്‍ കടലാമ കുടുങ്ങുന്നതെന്നാണ് അവര്‍ കണ്ടെത്തിയത്. അതേമസയം ആന്ധ്ര, തമിഴ്നാട്, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒലീവ് റിഡ്ലി, ഗ്രീന്‍ ടര്‍ട്ടില്‍ തുടങ്ങിയ ആമകള്‍ ധാരാളമുണ്ടെന്ന് കണ്ടെത്തി. ഒഡിഷയിലെ ഗഞ്ചാം, കേന്ദ്രപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ വ്യാപകമാണ്. ഒഡിഷയിലെ റിഷികൂല്യപോലുള്ള നദീ മുഖങ്ങളില്‍ ഒരു ലക്ഷത്തോളം കടലാമകള്‍ മുട്ടയിടാനെത്താറുണ്ട്. അങ്ങനെ പശ്ചിമേന്ത്യന്‍ തീരത്ത് ടെഡ് നിര്‍ബന്ധമാക്കേണ്ടതില്ല എന്ന് കണക്കുകള്‍ നിരത്തി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് മുന്നില്‍ വെച്ചുകൊണ്ട് ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും സമുദ്രക്കയറ്റുമതി വികസന ഏജന്‍സിയും പരാജയപ്പെട്ടിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതിചെയ്യുന്ന ചെമ്മീനുകളെ പിടിച്ചെടുത്തത് ടെഡ് ഘടിപ്പിച്ചുള്ള വല ഉപയോഗിച്ചാണെന്ന് സാക്ഷ്യപ്പെടുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ദ യു.എസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍.ഒ.എ.എ) പരിശോധന നടത്തുകയും ഇന്ത്യന്‍ മീന്‍ പിടിത്ത ബോട്ടുകള്‍ ടെഡ് ഘടിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. 2019 ലെ ചെമ്മീന്‍ കയറ്റുമതി നിരോധനം വരേയുള്ള അഞ്ച് വര്‍ഷം വരുമാനം ഇപ്രകാരമായിരുന്നു. തുക കോടിയില്‍. 2015-1630420.83, 2016-1737870.90, 2017-1845106.89, 2018-1946589.37, 2019-2046446.85 എന്നിങ്ങനെയാണ്.
വലയില്‍ കയറുന്ന കടലാമകളെ പുറന്തള്ളാനുള്ള യന്ത്രം കേരളം വികസിപ്പിച്ചിരുന്നുവെങ്കിലും ആദ്യം അംഗീകാരം കിട്ടിയിരുന്നില്ല. എന്നാല്‍ പരിഷ്‌കരിച്ച ടെഡ് ഉപയോഗിച്ചുള്ള പരിശോധന വിജയിക്കുകയും ചെയ്തു. ഇതോടെ പ്രതീക്ഷയിലാണ് കേരളം. കൊച്ചിന്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി(ഐ.സി.എ.ആര്‍- സി.ഐ.എഫ്.ടി.)യാണ് ടെഡ് വികസിപ്പിച്ചത്. എന്നാല്‍, ടെഡു വഴി ആമയെ പുറന്തള്ളുമ്പോള്‍ 30% മത്സ്യം നഷ്ടമാകുമെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, നഷ്ടം അഞ്ച് ശതമാനമേ ഉണ്ടാകൂവെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഐ.സി.എ.ആര്‍.-സി.ഐ.എഫ്.ടി. വളരെ നേരത്തെ തന്നെ ടെഡ് ഡിസൈന്‍ ചെയ്ത് നല്‍കിയതാണ്. ഇതില്‍ കുറച്ചുകൂടി മാറ്റങ്ങള്‍ വരുത്തണമെന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം അതും ചെയ്ത് നല്‍കിയിട്ടുണ്ടെന്ന്പി.ആര്‍.ഒ. ഡോ.എം. ബൈജു ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ വലകളില്‍ ഘടിപ്പിക്കാന്‍ അല്‍പ്പം ചെലവ് കൂടുമെന്നത് യാഥാര്‍ഥ്യമാണെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ പറയുന്നത് പോലെ ടെഡ് ഘടിപ്പിച്ചാല്‍ മത്സ്യലഭ്യതയില്‍ നഷ്ടമുണ്ടാവുകയില്ല, വളരെ ചെറിയ അളവില്‍ മാത്രമാണ് പുറത്തേക്ക് പോവുക.

ചുവപ്പുപട്ടികയില്‍ പെട്ട കടലാമകള്‍
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചർ (ഐ.യു.സി.എന്‍) റിപ്പോര്‍ട്ട് പ്രാകരം ആകെയുള്ള ഏഴ് കടലാമ വിഭാഗങ്ങളില്‍ ആറെണ്ണവും വംശനാശ ഭീഷണയിലാണ്. ഇവയില്‍ ലതര്‍ബാക്ക് സീ ടര്‍ട്ടില്‍, ഒലീവ് റിഡ്ലി സീ ടര്‍ട്ടില്‍, ലോഗര്‍ഹെഡ് സീ ടര്‍ട്ടില്‍-എന്നിവ വള്‍നറബിള്‍ വിഭാഗത്തിലാണ്. ഗ്രീന്‍ സീ ടര്‍ട്ടില്‍, കെംപ്സ് റിഡ്ലി സീ ടര്‍ട്ടില്‍, ഹോക്സ്ബില്‍ സീ ടര്‍ട്ടില്‍, എന്നിവയാണ് വംശനാശ ഭീഷണയില്‍ ഉള്‍പ്പെടുന്നത്. ഫ്ലാറ്റ്ബാക്ക് സീ ടര്‍ട്ടിലിനെ കുറിച്ച് കൃത്യമായ കണക്ക് ലഭിച്ചിട്ടുമില്ല.
ആവാസ വ്യവസ്ഥയുടെ നാശമാണ് പ്രധാന തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെടുന്നതും ഏറെയാണ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാരണമാവുമ്പോള്‍ അമിത മത്സ്യബന്ധനത്തിന് പുറമെ ഇറച്ചിക്കും മുട്ടയ്ക്കുമായി ഇവയെ വേട്ടയാടുന്ന പ്രവണതയും വംശനാശത്തിന് കാരണമാവുന്നതായി ഐ.യു.സി.എന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് കടലാമകള്‍. മുട്ടയിടുന്നതിനും മറ്റുമായി കടലില്‍ നിന്നും കരയിലേക്കും കരയില്‍ നിന്നും കടലിലേക്കുമുള്ള യാത്രയിലൂടെ പോഷകങ്ങളുടെ കൈമാറ്റം നടത്തലും കടലാമകളുടെ പ്രധാന ജോലിയാണ്. സമുദ്രാരോഗ്യത്തിന്റെ സൂചകങ്ങളായും കടലാമകള്‍ അറിയപ്പെടുന്നുണ്ട്. ഇവയുടെ എണ്ണങ്ങളിലുള്ള വ്യത്യാസം കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന സൂചനയായും മാറാറുണ്ട്.

സസ്തനികളുടെ പേരിലും നിരോധനം?
കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിനെതിരേ കഴിഞ്ഞ അഞ്ചു വര്‍ഷമായി അമേരിക്ക നടത്തുന്ന ഉപരോധം തുടരുന്നതിന് പുറമെ സസ്തനികളുടെ പേരിലും നിരോധനം വരുമെന്നാണ് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. സമുദ്രത്തിലെ സസ്തനികളെ സംരക്ഷിക്കുന്നതിന് 1972ല്‍ വന്ന മറൈന്‍മാമല്‍ പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഭാഗമായി 2026 ജനുവരി ഒന്നുമുതലാണ് ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയെന്നാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്.
ഉപരോധത്തിന് മുന്നോടിയായി ഇന്ത്യയിലെ ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടേയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എം.പി.ഇ.ഡി.എയുടെ (മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്സ് ഡവലപ്മെന്‍ര് അതോറിറ്റി) നിര്‍ദേശത്തെ തുടര്‍ന്ന് ഫീഷറീസ് സര്‍വേ ഓഫ് ഇന്ത്യയും കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച സര്‍വേകള്‍ക്കും തുടക്കമിട്ടുണ്ട്. മത്സ്യമേഖലയുടെ നടുവൊടിക്കുന്ന ഈ നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഫോട്ടോ: വി.പി ഉല്ലാസ് \ മാതൃഭൂമി
തൊഴിലാളികളെ വലിയ രീതിയില്‍ ബാധിച്ചു-പി.ചിത്തരഞ്ജന്‍
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി അമേരിക്ക നിര്‍ത്തിയതോടെ ഇത് തൊഴിലാളികളെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്ന് കേരള ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജന്‍ പറഞ്ഞു. അതില്‍ സാധാരണ തൊഴിലാളികള്‍ മുതല്‍ കയറ്റുമതി കമ്പനികള്‍ വരെ ഉള്‍പ്പെടും. സംസ്‌കരണ ശാലകളില്‍ എത്തിക്കുന്ന ചെമ്മീനുകള്‍ ക്ലീന്‍ ചെയ്ത് പാക്ക് ചെയ്താണ് കയറ്റി അയക്കുന്നത്. പീലിങ് അടക്കമുള്ള ജോലികളിലുള്ളത് സാധാരണക്കാരായ സ്ത്രീകളടക്കമുള്ളവരാണ്. നല്ല വിലകിട്ടുമെന്നുള്ളതിനാല്‍ മിക്ക കയറ്റുമതി കമ്പനികളും ഭൂരിഭാഗവും ആശ്രയിച്ചിരുന്നത് അമേരിക്കയെ തന്നെയായിരുന്നു. ഇതാണ് ഇല്ലാതായിപ്പോയതും തൊഴിലാളികള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തത്.
നേരത്തെ സി.എം.എഫ്.ആര്‍.ഐ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. എങ്കില്‍മാത്രമേ വിഷയത്തിന് പരിഹാരമാവുകയുള്ളൂ. വലകളില്‍ ടെഡ് ഘടിപ്പിച്ചാല്‍ അഞ്ച് ശതമാനം ചെമ്മീന്‍ മാത്രമാണ് നഷ്ടപ്പെടുകയെന്നാണ് ഇത് വികസിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്സ് ഡവലപ്മെന്റ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. ഏറ്റവും കുറഞ്ഞത് മുപ്പത് ശതമാനമെങ്കിലും മത്സ്യമെങ്കിലും നഷ്ടപ്പെടും. നിലവിലെ ഇന്ധനവിലയടക്കം വെച്ചുനോക്കുമ്പോള്‍ ഈ നഷ്ടം സഹിച്ച് മത്സ്യബന്ധനം സാധ്യമല്ലാത്ത അവസ്ഥ വരും.

കടലാമകള്‍ വലയില്‍ കുടങ്ങുന്നുവെന്നത് യാഥാര്‍ഥ്യം
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ മീന്‍പിടിത്ത വലയില്‍ കടലാമകള്‍ കുടുങ്ങുന്നുവെന്നത് യാഥാര്‍ഥ്യമാണെന്ന് കോഴിക്കോട് കൊളാവിപ്പാലത്തെ തീരം പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി സി.ദിനേശ്ബാബു ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി കടലാമ സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് തീരം സമിതി. ഒലീവ് റെഡ്‌ലി വിഭാഗത്തില്‍ പെടുന്നവയാണ് പ്രധാനമായും ഇവിടെ കണ്ടുവരുന്നത്. വര്‍ഷത്തില്‍ 200 മുട്ടകളെങ്കിലും കിട്ടിയ സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എണ്ണം വലിയ രീതിയില്‍ കുറഞ്ഞു. കൊളാവിപ്പാലത്തേക്ക് മുട്ടയിടാന്‍ വരുന്നത് പോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ചെറിയ പ്രതികൂല സാഹചര്യമുണ്ടായാല്‍ പോലും ഇവ മറ്റ് സ്ഥലങ്ങള്‍ തേടിപ്പോവും. അങ്ങനെയാവുമ്പോള്‍ മുട്ടകള്‍ കിട്ടുന്നതും ഇല്ലാതാവും. പരിക്കേറ്റ രണ്ടെണ്ണത്തെ ഇപ്പോഴും ഇവിടെ സംരക്ഷക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ കടലാമകളുടെ സംരക്ഷണത്തിന് സഹായമൊന്നും ലഭിക്കുന്നില്ല.
മുട്ടകള്‍ കണ്ടെത്തി ശേഖരിച്ച് തീരം ഹാച്ചറിയില്‍ എത്തിച്ചാണ് മുട്ട വിരിയിക്കുന്നത്. 45 ദിവസം മുതല്‍ 60 ദിവസം കൊണ്ട് മുട്ട വിരിയും. ഒലീവ് റെഡ്‌ലി വിഭാഗത്തിലെ പ്രായപൂര്‍ത്തിയായ ആമകള്‍ക്ക് 80 കിലോ വരെ ഭാരമുണ്ടാവും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിന് 50 ഗ്രാം ഭാരവും 5 സെന്റിമീറ്റര്‍ നീളവുമാണുണ്ടാവുക. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയാണ് ആമകള്‍ മുട്ടയിടാന്‍ കടല്‍താണ്ടിയെത്തുന്നത്. അനിയന്ത്രിതമായ കടലേറ്റവും തീരം നഷ്ടപ്പെടലും ഇവയുടെ വരവിന് തിരിച്ചടിയായിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: sea turtle protection and indian shrimp exports
Published: 24 Jul 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented