ബെംഗളൂരു : വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ആർ.എസ്.എസ്. നടത്തിയ റൂട്ട് മാർച്ചിന്(പഥസഞ്ചലനം) കർണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബി.ജെ.പി. ജവാഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയുംപോലും ഇങ്ങനെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന പഥസഞ്ചലനത്തിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം. മനഃപൂർവം തടസ്സങ്ങൾ സൃഷ്ടിക്കുകയും ഉപദ്രവിക്കുകയുംചെയ്തതായി അദ്ദേഹം ആരോപിച്ചു. കർശനമായ നിബന്ധനകൾ അടിച്ചേൽപ്പിച്ചു. അനുമതി നൽകുന്ന കാര്യത്തിൽ അവസാനദിവസംവരെ ബുദ്ധിമുട്ടിച്ചതായും അശോക പറഞ്ഞു. സർക്കാർ സൃഷ്ടിച്ച തടസ്സങ്ങൾക്കിടയിലും അച്ചടക്കത്തോടെ പരിപാടി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ റൂട്ട് മാർച്ചിന് പോലീസിൽനിന്ന് മുൻകൂട്ടി അനുമതി രേഖാമൂലം വാങ്ങിയിരിക്കണമെന്ന് ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ നിർദേശിച്ചിരുന്നു. മാർച്ചിന്റെ കാര്യം പോലീസിനെ അറിയിച്ചാൽ പോരെന്നും നിർദിഷ്ട ഫോം ഉപയോഗിച്ച് അപേക്ഷനൽകി അനുമതി നേടിയിരിക്കണമെന്നായിരുന്നു നിർദേശം. ഇതുപ്രകാരം പോലീസ് അനുമതിയോടെയാണ് ഞായറാഴ്ച മാർച്ച് നടത്തിയത്. അനുമതി ലഭിക്കാത്തതിനാൽ ചിലയിടങ്ങളിൽ മാർച്ച് മാറ്റിവെക്കേണ്ടിവന്നു.
ബെംഗളൂരുവിലെ ജയനഗർ, ചാമരാജ്പേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ കടുത്ത പോലീസ് സുരക്ഷയോടെയാണ് മാർച്ച് നടന്നത്.
ബെംഗളൂരു മുൻ പോലീസ് കമ്മിഷണറും ബി.ജെ.പി. നേതാവുമായ എം. ഭാസ്കർ റാവു, കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി തുടങ്ങിയവർ പഥസഞ്ചലനത്തിൽ അണിനിരന്നു. തുമകൂരുവിൽ നടത്താൻ നിശ്ചയിച്ച മാർച്ച് മാറ്റിവെച്ചു. കോലാറിലെ മുളബാഗിലിലെ മാർച്ച് ഒക്ടോബർ 31-ലേക്ക് മാറ്റി. ചിക്കബല്ലാപുരയിലെ മാർച്ച് പോലീസ് അനുമതി ലഭിക്കാത്തതിനാൽ നടത്താനായില്ല. കൊപ്പാളിലെ മാർച്ചും മാറ്റിവെച്ചു.
Published: 26 Oct 2026, 12:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented