മൈസൂരു : എട്ടു ഭാഷകളിൽ നവീകരിച്ച ടൂറിസം വെബ്‌സൈറ്റ് സഞ്ചാരികൾക്കായി തുറന്നു. മൈസൂരുവിനെക്കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര സന്ദർശകർക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് വെബ്സൈറ്റ് നവീകരിച്ചത്.

To advertise here,

ദസറയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.mysurutourism.in എന്ന സൈറ്റ് 56 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ വീക്ഷിക്കാറുണ്ടെന്നാണ് കണക്ക്. ഇംഗ്ലീഷ്, കന്നഡ, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, അറബിക് ഭാഷകളിലാണ് ഇനി സൈറ്റിലെ വിവരങ്ങൾ ലഭ്യമാകുക. മുൻപ് ഇംഗ്ലീഷിലും കന്നഡയിലും മാത്രമായിരുന്നു വിവരങ്ങൾ.

ടൂറിസം മന്ത്രിയുടെ സ്പെഷ്യൽ ഓഫീസർ വി.എം. പ്രഭുസ്വാമിയാണ് നവീകരണത്തിന് നേതൃത്വം നൽകിയത്. വെബ്‌സൈറ്റിന് ഒട്ടേറെ വിദേശ രാജ്യങ്ങളിൽ കാഴ്ചക്കാരുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് എട്ട് ഭാഷകളിൽ വിവരം ലഭ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരികൾക്ക് താമസസൗകര്യം, യാത്രാക്രമീകരണങ്ങൾ, ദസറ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഏകജാലക വിവരസ്രോതസ്സായിട്ടാണ് വികസിപ്പിച്ച പോർട്ടൽ ആസൂത്രണംചെയ്തത്.