മൈസൂരു : ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇക്കുറി മൈസൂരുവിൽ കാഴ്ചകൾ ആസ്വദിക്കാനെത്തിയത് കൂടുതൽപ്പേർ. മുൻവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വൻവർധനയാണ്. മൃഗശാല, കൊട്ടാരം എന്നിവിടങ്ങളിൽ റെക്കോഡ് വരുമാനമാണ് ഇത്തവണ. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായി. ഒക്ടോബർ 11 മുതൽ 21 വരെയുള്ള ദസറ ഉത്സവദിനങ്ങളിലാണ് കൂടുതൽ സഞ്ചാരികൾ നഗരത്തിലെത്തിയത്. മൃഗശാലയിൽ 1.57 ലക്ഷം സഞ്ചാരികളാണ് ഈ ദിവസങ്ങളിലായി എത്തിയത്. 193.19 ലക്ഷം രൂപ വരുമാനമാണ് നേടിയത്. കഴിഞ്ഞ വർഷം ദസറ ദിനങ്ങളിൽ 1.56 ലക്ഷം പേരാണ് മൃഗശാലയിലെത്തിയത്. 191.37 ലക്ഷം രൂപയായിരുന്നു വരുമാനം.
2024-ൽ 1.65 ലക്ഷം സന്ദർശകരെത്തിയപ്പോൾ 171.29 ലക്ഷം രൂപ വരുമാന ഇനത്തിൽ ലഭിച്ചു. ഈ വർഷം ദസറ ദിനങ്ങളിൽ കൊട്ടാരത്തിൽ 11 ദിവസങ്ങളിലായി 838 വിദേശികൾ ഉൾപ്പെടെ 1,10,952 പേരാണ് കാഴ്ചകൾ കാണാനെത്തിയത്. ദസറ ദിനങ്ങളിൽ പ്രത്യേക പൂജകൾക്കായി മൂന്നുദിവസം ഉച്ചവരെ കൊട്ടാരത്തിലേക്ക് സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. എന്നിട്ടും കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൊട്ടാരത്തിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയാണ്. കഴിഞ്ഞ നാലുവർഷങ്ങളെ അപേക്ഷിച്ച് വിദേശ സന്ദർശകർ കൂടുതലെത്തിയതും ഇത്തവണയാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ, കൊട്ടാരം സന്ദർശിച്ചത് 1,00,710 പേരാണ്. അതിൽ 613 പേർ വിദേശികളാണ്.
2024-ൽ 676 വിദേശികൾ ഉൾപ്പെടെ 1,12,070 പേരും 2023-ൽ 756 വിദേശികൾ ഉൾപ്പെടെ 1,21,612 പേരും 2022-ൽ 260 വിദേശികൾ ഉൾപ്പെടെ 67,147 പേരും കൊട്ടാരം സന്ദർശിച്ചതായാണ് കണക്ക്. ഈ ദിവസങ്ങളിൽ നഗരത്തിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവിടങ്ങളിലെ മുറികളും പൂർണമായും ബുക്കിങ്ങായിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി നഗരത്തിൽ ആകെ 18,500 മുറികളാണുള്ളത്.
ഇതിൽ പ്രതിദിനം ഏകദേശം 50,000 പേരെ ഉൾക്കൊള്ളാൻ കഴിയും. ദസറയുടെ പ്രധാനദിനങ്ങളായ ഒക്ടോബർ 11, 18, 19, 20 ദിവസങ്ങളിൽ മുറികളെല്ലാം പൂർണമായും ബുക്കിങ്ങായിരുന്നുവെന്ന് മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി. നാരായണഗൗഡ പറഞ്ഞു, മറ്റു ദിവസങ്ങളിൽ ഏകദേശം 70 ശതമാനവും മുറികൾ ബുക്കിങ്ങായിരുന്നു.
ഇതിൽ 20 ശതമാനം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. അതിൽ അഞ്ചു ശതമാനത്തോളം കേരളത്തിൽ നിന്നുള്ളവരുമാണെന്ന് അദ്ദേഹം പറഞ്ഞു.
ദീപാലങ്കാരം ആറുദിവസംകൂടി
മൈസൂരു : ദസറയുടെ ഭാഗമായി നഗരത്തിലൊരുക്കിയ ദീപാലങ്കാരം ആറു ദിവസം കൂടി തുടരും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദേശത്തെ തുടർന്നാണ് ഈ മാസം 31-വരെ ദീപാലങ്കാരം തുടരാൻ തീരുമാനിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങൾ, കൊട്ടാരം എന്നിവിടമാണ് ദീപങ്ങൾകൊണ്ട് അലങ്കരിച്ചത്.ഉത്സവത്തിന്റെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നാണിത്. ലക്ഷക്കണക്കിന് എൽ.ഇ.ഡി. ബൾബുകളാൽ നഗരവീഥികളും ചരിത്രസ്മാരകങ്ങളും പ്രകാശപൂരിതമാകുന്ന കാഴ്ചകാണാൻ വൻ ജനപ്രവാഹമാണ് വർഷം തോറും മൈസൂരുവിൽ എത്താറുള്ളത്.
എന്നാൽ, ദസറയുടെ ഭാഗമായുള്ള ദസറ എക്സിബിഷൻ ഡിസംബർ അവസാനംവരെ തുടരും.
Published: 26 Oct 2026, 12:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented