മുംബൈ : ഡിജിറ്റൽ അറസ്റ്റിലൂടെയും വിവിധ സൈബർ തട്ടിപ്പുകളിലൂടെയും ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്തു. രശേഷ് ഉപാധ്യായ് എന്ന രശേഷ് ഷായെയാണ് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇ.ഡി.യുടെ പനജി യൂണിറ്റ് അറസ്റ്റു ചെയ്തത്. ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാൻ ഒരുങ്ങുന്നതിനിടെ ശനിയാഴ്ച ബോർഡിങ് ഗേറ്റിന് സമീപത്തുനിന്നായിരുന്നു നടപടി. കസ്റ്റംസ്, സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇ.ഡി. ഇയാളെ കണ്ടെത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റ്റിനുശേഷം പനജിയിലെത്തിച്ച ഉപാധ്യായിയെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പി.എം.എൽ.എ.) പ്രത്യേക കോടതി ഒക്ടോബർ 29 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടു.

To advertise here,

 

2025 മേയ് 21 മുതൽ ജൂൺ രണ്ട് വരെയുള്ള കാലയളവിൽ ഡിജിറ്റൽ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് 2.60 കോടി രൂപ തട്ടിയെടുത്തെന്ന് ഗോവ സ്വദേശിനി പരാതി നൽകിയിരുന്നു. 2025 ജൂൺ ഒൻപതിന് ഗോവ പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആറാണ് കേസിന് അടിസ്ഥാനം. തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിൽ രശേഷ് ഉപാധ്യായ് പ്രധാന പങ്കുവഹിച്ചെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. പണം കൈമാറാൻ 'അംഗാഡിയ' എന്ന സ്വകാര്യ പണമിടപാട് ശൃംഖലയെയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. അഭിഭാഷകനായി രജിസ്റ്റർചെയ്തിട്ടുണ്ടെങ്കിലും കേസിൽ പ്രതിയായവർക്കോ അവരുടെ കമ്പനികൾക്കോ വേണ്ടി ഇയാൾ കോടതിയിൽ ഹാജരാകുകയോ വക്കാലത്ത് നൽകുകയോ ചെയ്തിരുന്നില്ലെന്നും ഇ.ഡി. വ്യക്തമാക്കി.

 

400- ഓളം അക്കൗണ്ടുകളിലൂടെ പണമൊഴുക്ക്

:വ്യാജകമ്പനികളും നൂറുകണക്കിന് ഇടനില ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നടന്ന വൻ സാമ്പത്തികത്തട്ടിപ്പ് ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇ.ഡി. പുറത്തുവിട്ടത്. ഗോവ സ്വദേശിനിയിൽനിന്ന് തട്ടിയെടുത്ത പണം വ്യാജ ഡയറക്ടർമാരുടെ പേരിൽ പ്രവർത്തിച്ചിരുന്ന 400-ഓളം ഇടനില ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. തുടർന്ന് ഈ പണം പിൻവലിക്കുകയും റിസർവ് ബാങ്കിന്റെ ലൈസൻസുള്ള വിദേശനാണയ വിനിമയ സ്ഥാപനങ്ങൾ വഴി വിദേശ കറൻസിയാക്കി മാറ്റുകയും ചെയ്തെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. ഈ ശൃംഖലയിലൂടെ ഏകദേശം 28,000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും 2,900 കോടിയോളം രൂപ പണമായി നിക്ഷേപിച്ചിട്ടുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി. കേസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാമ്പത്തികനഷ്ടം മാത്രം 400 കോടി രൂപയിലധികമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് മരവിപ്പിച്ച അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതിനായി കൈക്കൂലി സ്വീകരിച്ചെന്നു സംശയിക്കുന്ന ഉദ്യോഗസ്ഥരെയും ‘അംഗാഡിയ’ ശൃംഖലയിലെ അംഗങ്ങളെയും മറ്റ് ഇടനിലക്കാരെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.