ചെറുവത്തൂർ : റെയിൽവേ സിഗ്നൽ കേബിൾ മോഷ്ടിച്ച കേസിൽ പേരെയും മോഷണമുതൽ വാങ്ങിയ ആക്രിക്കട നടത്തിപ്പുകാരൻ ഉൾപ്പെടെ ഏഴുപേരെ ആർ.പി.എഫ്. പ്രത്യേക അന്വേഷണസംഘം പിടികൂടി. മനോവർ ഹുസൈൻ (32), സോമീർ അലി (35), റസൂൽ ഇസ്‌ലാം (20), നൂർ അമീൻ ഇസ്‌ലാം (33), സോബിഖുൽ അലി ഖാൻ (21), അനോവർ ഹുസൈൻ (33), ആക്രിക്കട നടത്തുന്ന മൊഗൽ ഹുസൈൻ (34) എന്നിവരാണ് ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽനിന്ന്‌ പിടിയിലായത്.

To advertise here,

​കവർച്ചമുതൽ കൊണ്ടുപോകാനായി ഇവർ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പടന്നക്കാട്ടുനിന്ന്‌ കസ്റ്റഡിയിലെടുത്തു. കാര്യങ്കോട് പഴയ പാലത്തിന് സമീപം ചെറുവത്തൂർ ഭാഗത്തെ കേബിളാണ് മുറിച്ചുകടത്തിയത്. 18-നാണ് കേബിൾ മോഷണം പോയത്. സിഗ്നൽ തകരാറിലായതിനെത്തുടർന്ന് നടന്ന തിരച്ചിലിലാണ് കേബിൾ മുറിച്ചത് ശ്രദ്ധയിൽപെട്ടത്. ഇതേത്തുടർന്ന് പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരം രൂപവത്കരിച്ച അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.പാലക്കാട് ആർ.പി.എഫ്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.പി.ദീപക്, എസ്.ഐ. അജിത്ത് കുമാർ, എ.എസ്.ഐ. ഷിജു, കാസർകോട് ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.കെ.ശശി, എ.എസ്.ഐ. വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരുമായി സംഘം ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ദേശീയപാതയോരത്ത് ചെറുവത്തൂർ കൊവ്വലിലെ രണ്ട് വീടുകളിൽ മോഷണമുതൽ സൂക്ഷിക്കാറുണ്ടെന്ന് കണ്ടെത്തി. ചോദ്യംചെയ്യലിലാണ് പരിയാരത്തെ ആക്രിക്കടയിൽ മോഷ്ടിച്ച കേബിളിലെ ചെമ്പുകമ്പി വില്പന നടത്തിയതായി കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ആക്രിക്കട ഉടമയെ അറസ്റ്റ് ചെയ്തത്.പകൽനേരം വാഹനങ്ങളുമായി ആക്രിസാധനങ്ങൾ ശേഖരിക്കാനിറങ്ങുകയും സ്ഥലം കണ്ടുവെക്കുകയും രാത്രിയിൽ കവർച്ചയ്ക്കിറങ്ങുകയുമാണ് ഇവരുടെ ശീലമെന്ന് അന്വേഷണസംഘം പറഞ്ഞു.