പുണെ : ആരോഗ്യകരമായ വാർധക്യം ലക്ഷ്യമിട്ട് മുതിർന്ന പൗരന്മാർക്കായി പ്രകൃതിചികിത്സാ പഠന സന്ദർശനം സംഘടിപ്പിച്ചു. ഭാരത് അഡ്മിനിസ്ട്രേറ്റീവ് ലേണിങ് അക്കാദമി (ബാല), പ്ലാനറ്റ് മില്ലേനിയം സീനിയർ സിറ്റിസൺസ് അസോസിയേഷൻ, കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 27 മുതിർന്ന പൗരന്മാരാണ് പുണെയിലെ ബാപ്പു ഭവനിലും നിസർഗ് ഗ്രാമിലും സന്ദർശനം നടത്തിയത്.ബാല ഡയറക്ടറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ കെ. സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രകൃതിചികിത്സ, യോഗ, ചികിത്സാസൗകര്യങ്ങൾ, ഔട്ട്‌പേഷ്യന്റ്–ഇൻപേഷ്യന്റ് സേവനങ്ങൾ എന്നിവയെക്കുറിച്ച് മുതിർന്ന പൗരന്മാർക്ക് അവബോധം നൽകുകയായിരുന്നു ലക്ഷ്യം.ബാപ്പു ഭവനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി ഡയറ്റ് സെന്റർ സന്ദർശിച്ച സംഘത്തിന് ഡോ. യുവ്‌രാജും ഡോ. ജ്യോതി കുംഭാറും സ്ഥാപനത്തിന്റെ ചരിത്രം, ലക്ഷ്യങ്ങൾ, ചികിത്സാരീതികൾ എന്നിവ വിശദീകരിച്ചു. തുടർന്ന് നിസർഗ് ഗ്രാമിൽ ഡോ. അശ്വിനി എസ്.എൽ, ഡോ. ശുഭാംഗി പാണ്ഡെ, ഡോ. റുതിക ജിറാഫെ, മെഡിക്കൽ സൂപ്രണ്ട് ഡോ. വിഭാസ് കെ. എന്നിവർ സംവാദങ്ങളിൽ പങ്കെടുത്തു. സ്ഥാപനത്തിലെ ചികിത്സാ–പഠന സൗകര്യങ്ങളും സംഘം പരിചയപ്പെട്ടു. വിവിധ കോഴ്‌സുകളെക്കുറിച്ചും വിവരങ്ങൾ നൽകി. ആരോഗ്യപരിശോധനകളും ലഭ്യമാക്കി.

To advertise here,