കേരളത്തിലേക്കും വിനോദയാത്ര
ബെംഗളൂരു : ദക്ഷിണേന്ത്യയുടെ ആഡംബര വിനോദ സഞ്ചാര തീവണ്ടി ‘ഗോൾഡൻ ചാരിയറ്റ്’ വീണ്ടും ട്രാക്കിലിറങ്ങി. ഇതോടെ രാജകീയ യാത്രയ്ക്ക് യശ്വന്ത്പുര സ്‌റ്റേഷനിൽനിന്ന് തുടക്കമായി. ഈ സീസണിലെ ആദ്യ വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യശ്വന്ത്പുര റെയിൽവേ സ്‌റ്റേഷനിൽ നിർവഹിച്ചു. ‘പ്രൈഡ് ഓഫ് കർണാടക’എന്നു പേരിട്ട ആറ് ദിവസത്തെ യാത്ര ബന്ദിപ്പുർ, മൈസൂരു, ചിക്കമഗളൂരു, ഹംപി, ഹൊസ്‌പേട്ട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. 75 യാത്രക്കാരാണ് ആദ്യ യാത്രയിലുള്ളത്. കർണാടകയുടെ പൈതൃകവും വൈവിധ്യവും ആഭ്യന്തര, അന്തർദേശീയ, തദ്ദേശീയ യാത്രക്കാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിന് ‘ഗോൾഡൻ ചാരിയറ്റിന്റെ’പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് റെയിൽവേയും കർണാടക ടൂറിസം വകുപ്പും സംയുക്തമായാണ് ‘ഗോൾഡൻ ചാരിയറ്റ്’ യാത്ര സംഘടിപ്പിക്കുന്നത്.
2008-ലായിരുന്നു ട്രെയിനിന്റെ ആദ്യ സർവീസ്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി, കോവിഡ് തുടങ്ങിയ കാരണങ്ങൾകൊണ്ട് സർവീസ് ഇടയ്ക്ക് മുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടൽ മുറികൾക്ക് സമാനമായ സൗകര്യമാണ് ട്രെയിനിലുള്ളത്. രണ്ട് മൾട്ടി-കുസീൻ ഭക്ഷണശാലകൾ, വൈ-ഫൈ സൗകര്യം, എയർ കണ്ടീഷൻ മുറികൾ, എ.സി. ഡൈനിങ് ഹാൾ, ടി.വി., ആഡംബര കാബിനുകൾ, ആയുർവേദ സ്പാ, ജിംനേഷ്യം എന്നിവയെല്ലാം വണ്ടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആറുദിവസത്തെ ‘ജ്വൽസ് ഓഫ് സൗത്ത്’, നാലുദിവസത്തെ ഗ്ലിംപ്‌സസ് ഓഫ് കർണാടക’എന്നിവയാണ് ഈ വർഷത്തെ മറ്റു യാത്രകൾ. ഇതിൽ ‘ജ്വൽസ് ഓഫ് സൗത്ത്’ യാത്രയിൽ കേരളത്തിലെ കുമരകം, കൊച്ചി എന്നിവടങ്ങളിലും ട്രെയിനെത്തും.
ഫെബ്രുവരി 20-നാണ് ഈ യാത്ര ബെംഗളൂരുവിൽനിന്ന് പുറപ്പെടുക. തഞ്ചാവൂർ, മഹാബലിപുരം തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും യാത്രാ പട്ടികയിലുണ്ട്. ആദ്യയാത്ര അടുത്ത വ്യാഴാഴ്ച ബെംഗളൂരുവിൽ തിരിച്ചെത്തും.
തുടർന്ന് അടുത്ത ശനിയാഴ്ച ‘ജ്വൽസ് ഓഫ് സൗത്ത്’ യാത്ര യശ്വന്ത്പുര സ്‌റ്റേഷനിൽനിന്ന് പുറപ്പെടും. അടുത്ത വർഷം മാർച്ച് വരെ ആകെ പത്തു യാത്രകളാണ് നിലവിൽ ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഒരോ യാത്രയ്ക്കും വ്യത്യസ്ത ടിക്കറ്റ് നിരക്കുകളാണ്. 2,80,450 രൂപ മുതൽ 4,20,680 രൂപ വരെയാണ് യാത്രയിൽ ഒരാൾക്ക് നൽകേണ്ട തുക.www.goldenchariot.org എന്ന സൈറ്റിൽ യാത്ര ബുക്ക് ചെയ്യാം.
Published: 25 Oct 2026, 12:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented