പട്ടാമ്പി : നഗരസഭയുടെ പൊതുശ്മശാനം തുറക്കൽ വീണ്ടും നീളുന്നു. ജനുവരിയോടെ തുറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മാസങ്ങൾ നീണ്ടുപോയിട്ടും നടപടി വൈകുകയാണ്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പട്ടാമ്പിയിലെ പൊതുശ്മശാനം തുറക്കാൻ അനുമതിയായത്. പുകക്കുഴൽ സ്ഥാപിക്കൽ, ബർണർ സ്ഥാപിക്കൽ, ചുറ്റുമതിൽ കെട്ടൽ, ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തി പൂർത്തിയായിട്ടും തുറന്നുകൊടുക്കൽ വൈകുകയാണ്.

To advertise here,

നിലവിൽ പട്ടാമ്പി താലൂക്കിലുള്ളവരുടെ ഉറ്റവർ മരിച്ചാൽ നാടുകടക്കേണ്ട സ്ഥിതിയാണുള്ളത്. ഷൊർണൂരിലേക്കും അയൽജില്ലകളിലെ ശ്മശാനങ്ങളിലേക്കും സംസ്‌കരിക്കാനായി കൊണ്ടുപോകണം. ഇതിന് പരിഹാരമായാണ് പട്ടാമ്പി ഗ്രാമപ്പഞ്ചായത്തായിരിക്കുമ്പോൾത്തന്നെ പട്ടാമ്പി കിഴായൂർനമ്പ്രം റോഡിൽ ഭാരതപ്പുഴയോരത്ത് ശ്മശാനം നിർമിച്ചത്.

എന്നാൽ, പ്രദേശവാസികൾ കോടതിയെ സമീപിച്ചതോടെ പ്രവർത്തനത്തിന് സ്റ്റേ നൽകി. നിയമനടപടികളും നീണ്ടു. 1970-ലാണ് പൊതുശ്മശാനം നിർമിച്ചത്. 2012-ൽ പൊതുശ്മശാനത്തിനായി ആധുനിക രീതിയിലുള്ള വാതകശ്മശാനം സജ്ജീകരിച്ച് തുറക്കാൻ ശ്രമിക്കുമ്പോഴാണ് കോടതിയുടെ സ്‌റ്റേ വന്നത്. പിന്നീട് നഗരസഭയുടെയും, എം.എൽ.എ.യുടെയും ഇടപെടലിൽ സ്റ്റേ നീങ്ങിയ ശേഷമാണ് നടപടികൾ വീണ്ടും ആരംഭിച്ചത്. നിലവിൽ ഏറെക്കുറെ പ്രവൃത്തി പൂർത്തീകരിച്ചെങ്കിലും തുറക്കാൻ വൈകുകയാണ്.

അതേസമയം, ശ്മശാനം ഉടൻ തുറക്കുമെന്നും ജീവനക്കാരെ നിയമിക്കുന്ന നടപടികളും മറ്റുമാണ് വൈകുന്നതെന്നും നഗരസഭാധ്യക്ഷൻ ടി.പി. ഷാജി പറഞ്ഞു. 23-ന് ചേരുന്ന ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.