കോയമ്പത്തൂർ : ഇടവേളയ്ക്കുശേഷം ഞായറാഴ്ച വൈകീട്ട് കോയമ്പത്തൂർ ജില്ലയിലെമ്പാടും ശക്തമായ മഴപെയ്തു. കോയമ്പത്തൂർ നഗരപരിധിയിൽ കനത്തമഴ പെയ്തതോടെ ലങ്ക കോർണർ ഉൾപ്പെടെ പലഭാഗത്തും വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകൾക്കുശേഷമാണ് വെള്ളക്കെട്ട് പരിഹരിക്കാനായത്.
നഗരത്തിൽ അവിനാശി റോഡ്, മേട്ടുപ്പാളയം റോഡ്, ട്രിച്ചി റോഡ്, നഞ്ചുണ്ടാപുരം റോഡ് എന്നിവിടങ്ങളിലും റെയിൽവേയുടെ അടിപ്പാതകളിലും വലിയതോതിൽ വെള്ളംകയറി. ഇതോടെ ഗതാഗതവും സ്തംഭിച്ചു. കളക്ടർ ജി. പവൻകുമാർ, കമ്മിഷണർ കട്ടരവി തേജ ഉൾപ്പെടെയുള്ളവർ രാത്രിതന്നെ സ്ഥലത്തെത്തി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുവിടുന്നതിന് നേതൃത്വം നൽകി.
പൂജാ അവധിയായതിനാൽ നഗരത്തിലെ വാണിജ്യകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കായിരുന്നു. ഇതിനിടയിലാണ് ഇടിമിന്നലോടെ കനത്തമഴ പെയ്തത്. സങ്കനൂർ ഭാഗത്ത് വീടുകളിൽ വെള്ളംകയറിയ സ്ഥലങ്ങളിൽ മന്ത്രി വി. സമ്പത്ത് കുമാർ പരിശോധന നടത്തി. കൗണ്ടംപാളയം ഭാഗത്ത് മഴയിൽ വെള്ളം കുത്തിയൊലിച്ചതോടെ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടറുകൾ ഒലിച്ചുപോയി. തിങ്കളാഴ്ച രാവിലെ 7.30 വരെയുള്ള 24 മണിക്കൂറിനിടെ ജില്ലയിൽ 536 മില്ലിമീറ്റർ മഴപെയ്തതായി അധികൃതർ പറയുന്നു.
ഏറ്റവും കൂടുതൽ മഴ കിട്ടിയത് പെരിയനായിക്കൻപാളയത്തായിരുന്നു-18.4 സെന്റിമീറ്റർ. കോയമ്പത്തൂരിലുള്ള കാർഷിക സർവകലാശാല പരിസരത്ത് 81 മില്ലിമീറ്ററും നഗരപരിധിയിലെ സൗത്ത് താലൂക്ക് ഓഫീസിനു സമീപം 52 മില്ലിമീറ്ററും പോത്തനൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് 45 മില്ലിമീറ്ററും മഴപെയ്തു. എന്നാൽ, പൊള്ളാച്ചി മേഖലയിൽ മഴ കുറവായിരുന്നു. വരുംദിവസങ്ങളിലും കനത്തമഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പ് പറയുന്നത്.
Published: 20 Oct 2026, 02:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented