നാലുവയസ്സുള്ള പെൺപുലി അകപ്പെട്ടത് ജനവാസമേഖലയിൽ വെച്ച കൂട്ടിൽ
പാലക്കാട് : മാസങ്ങളായി അകത്തേത്തറ നിവാസികളെ പേടിപ്പിച്ച പുലി കൂട്ടിലായി. മൂന്നാം വാർഡിൽ ചെക്കിനിപ്പാടം മൈത്രിനഗറിനു സമീപം ജനവാസമേഖലയിൽ ആളില്ലാത്ത വീടിനോടുചേർന്ന് വനംവകുപ്പ് വെച്ച കൂട്ടിലാണ് ശനിയാഴ്ച പുലർച്ചെ പുലി അകപ്പെട്ടത്.
നാലുവയസ്സുള്ള പെൺപുലിയാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പുലിയെ കൂടുസഹിതം ധോണിയിലെ വന്യജീവി ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. ആരോഗ്യസ്ഥിതിയും സ്വഭാവവും വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ നിരീക്ഷിച്ചശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.
പ്രദേശത്ത് കുറച്ചുകാലമായി നായകൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആളൊഴിഞ്ഞ ഇടങ്ങളിൽ പുലിയെ കണ്ടതായും പരാതി ഉയർന്നു. സെപ്റ്റംബർ 22-ന് രാത്രി മൈത്രിനഗറിൽ പ്രശാന്തിന്റെ വീട്ടിലെ വളർത്തുനായയെ പുലി പിടികൂടി. തുടർന്ന് എ. പ്രഭാകരൻ എം.എൽ.എ.യും പഞ്ചായത്തംഗം ഹേമലതാ ബാബുരാജും ഇടപെട്ടതോടെയാണ് സ്ഥലത്ത് കൂടുവെക്കാൻ വനംവകുപ്പ് നടപടി സ്വീകരിച്ചത്.
ഒക്ടോബർ ഒന്നിനാണ് പ്രശാന്തിന്റെ വീട്ടിൽനിന്ന് 200 മീറ്റർ അകലെ പൂട്ടിക്കിടക്കുന്ന വീടിനുസമീപം കൂടുവെച്ചത്. ശനിയാഴ്ച പുലർച്ചെ 4.30-ഓടെ കൂട്ടിൽനിന്ന് ശബ്ദംകേട്ട പ്രശാന്ത് പഞ്ചായത്തംഗത്തെയും പിന്നീട് വനംവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് വാളയാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും മലമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആറരയോടെ പുലിയെ ധോണിയിലേക്കു മാറ്റി.
പുലിയെ കാണാൻ നൂറുകണക്കിന് ആളുകളാണ് രാവിലെമുതൽ സ്ഥലത്ത് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പാടുപെട്ടു.
Published: 18 Oct 2026, 03:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented