പ്രദേശവാസികൾക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നിഷേധിച്ചു

To advertise here,

വടക്കഞ്ചേരി : പ്രദേശവാസികളുടെ വാഹനങ്ങൾക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നൽകാത്തതിൽ പന്നിയങ്കര ടോൾകേന്ദ്രത്തിൽ ട്രാക്കുകൾ തടഞ്ഞ് പ്രതിഷേധം. പന്തലാംപാടം സംയുക്ത സമരമസമിതി, കേരള വ്യാപാരിവ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റ്, സംയുക്ത ഓട്ടോ-ടാക്സി യൂണിയൻ, കുതിരാൻ ജനകീയ കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളാണ് ടോൾകേന്ദ്രത്തിലെത്തി ട്രാക്കുകൾ തടഞ്ഞത്.

നാലുചക്ര ഓട്ടോറിക്ഷകൾ ട്രാക്കുകളിൽ നിർത്തിയിട്ടു. ഗതാഗതം തടസ്സപ്പെടുമെന്ന സ്ഥിതിയായതോടെ ആലത്തൂർ ഡിവൈ.എസ്.പി. വി.എസ്. ദിനരാജ്, വടക്കഞ്ചേരി സി.ഐ. ടി.എൻ. ഉണ്ണിക്കൃഷ്ണൻ, എസ്.ഐ. വിവേക് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ട്രാക്കുകൾവഴി വാഹനങ്ങൾക്ക് കടന്നുപോകാൻ ക്രമീകരണമൊരുക്കി. സമരക്കാർ ആറ് ട്രാക്കുകൾ തടഞ്ഞ് പ്രതിഷേധം തുടർന്നു.

ടോൾകേന്ദ്രത്തിന്റെ ഏഴരക്കിലോമീറ്റർ പരിധിയിലുള്ളവർക്കും നാലുചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം നൽകാമെന്ന് കളക്ടറുടെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ കരാർകമ്പനി സമ്മതിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന്‌ സമരക്കാർ പറഞ്ഞു. പ്രതിഷേധവുമായി എത്തുന്നവർക്ക് മാത്രം സൗജന്യം നൽകുന്നതായിരുന്നു കരാർ കമ്പനിയുടെ രീതിയെന്നും സൗജന്യം അനുവദിച്ചിരുന്ന വാഹനങ്ങൾക്ക് അത്‌ പുതുക്കിനൽകാൻ കരാർകമ്പനി മടിച്ചെന്നും ആരോപിച്ചു.

വ്യാപാരിവ്യവസായി ഏകോപനസമിതി വടക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി എം.ഡി. സിജു ഉദ്ഘാടനംചെയ്തു. സമരസമിതി കൺവീനർ ജോർസി ജോസഫ് അധ്യക്ഷനായി. സി.സി. സുരേന്ദ്രൻ, വി. ഗംഗാധരൻ, ജി.ഇ. താജുദീൻ, എം.ഡി. ജോസ്, സാംജി, രാഹുൽ വാണിയമ്പാറ തുടങ്ങിയവർ സംസാരിച്ചു.