പൊളിച്ചതു മതി, ഇനി പണിതിട്ട് മതി
കയ്പമംഗലം : കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽജോലികൾ നാട്ടുകാർ തഞ്ഞു. ചളിങ്ങാട് മേഖലയിൽ പൈപ്പിടാൻവേണ്ടി റോഡ് പൊളിച്ചിട്ട് ഒന്നര വർഷമായിട്ടും ടാറിടാത്തതിൽ പ്രതിഷേധിച്ചാണ് പള്ളിനടയിൽ ചൊവ്വാഴ്ച ആരംഭിച്ച പൈപ്പിടൽ നാട്ടുകാർ തടഞ്ഞത്. നാട്ടിക ഫർക്ക ശുദ്ധജലവിതരണ പദ്ധതിപ്രകാരം നടത്തിവരുന്ന കുടിവെള്ളവിതരണത്തിനായാണ് ഇവിടെ പൈപ്പിടുന്നത്.
അൻപത് വർഷത്തോളം പഴക്കമുള്ള നിലവിലെ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം ചളിങ്ങാട് മേഖലയിൽ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് പൂർണമായും പൊളിച്ചാണ് പൈപ്പിട്ടത്.
എന്നാൽ, പൈപ്പിട്ട് ഒന്നര വർഷമായിട്ടും ഈ റോഡ് ഇതുവരെയും ടാറിടാനായിട്ടില്ല. തകർന്ന റോഡിലൂടെയുടെ സഞ്ചാരം മടുത്ത നാട്ടുകാർ ഹർത്താലുൾപ്പെടെയുള്ള സമരപരിപാടികൾ നടത്തിയിട്ടും അധികൃതർ യാതൊരു നടപടിയുമെടുത്തിട്ടില്ല. ഇതിനിടെയാണ് പദ്‌ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ പള്ളിനട ആർ.സി.യു.പി. സ്‌കൂൾ മുതൽ വടക്കോട്ട് പൈപ്പിടാൻ മറ്റൊരു കരാറുകാരൻ എത്തിയത്. ഇതറിഞ്ഞെത്തിയ നാട്ടുകാരാണ് പൈപ്പിടൽ തടഞ്ഞത്.
പൊളിച്ച ഭാഗം സഞ്ചാരയോഗ്യമാക്കിയ ശേഷമേ പുതിയത് പൊളിക്കാൻ അനുവദിക്കൂവെന്നും നാട്ടുകാർ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് പൈപ്പിടൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം ചേർന്ന ശേഷം നടപടികൾ പുനരാരംഭിക്കാനാണ് തീരുമാനം.
Published: 16 Sept 2026, 03:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented