ചിറ്റൂർ : സംസ്ഥാനപാതയിൽ തത്തമംഗലത്തെയും ചിറ്റൂരിനെയും ബന്ധിപ്പിക്കുന്ന ചിറ്റൂർ പുഴയ്‌ക്ക് കുറുകെയുള്ള പ്രധാനപാലം അറ്റകുറ്റപ്പണിക്കായി തിങ്കളാഴ്ച അടച്ചു. പണി പൂർത്തിയാവാൻ ചുരുങ്ങിയത് രണ്ടുമാസം വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പ്. പാലത്തിലൂടെ കാൽനടയാത്ര മാത്രമാണ് അനുവദിക്കുന്നത്.

To advertise here,

ബദൽമാർഗം ഇങ്ങനെ

തത്തമംഗലം ഭാഗത്തുനിന്ന് ചിറ്റൂർവഴി പോകേണ്ട വാഹനങ്ങൾ പെരുവെമ്പ് ജങ്ഷനിൽനിന്ന് പാലത്തുള്ളി പാലംവഴി അണിക്കോട്ടെത്താം. തത്തമംഗലം-മേട്ടുപ്പാളയം ജങ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് മീനാക്ഷിപുരം-വണ്ടിത്താവളം-വിളയോടി വഴിയാണ് അടുത്ത യാത്രാമാർഗം. തത്തമംഗലത്തുനിന്ന് ചിറ്റൂരിലേക്ക് എത്തണമെങ്കിൽ പത്തുകിലോമിറ്ററിലധികം യാത്ര ചെയ്യുന്നതോടൊപ്പം സാമ്പത്തികനഷ്ടവും ഉണ്ടാകും.

പാലം അടച്ച ആദ്യദിനംതന്നെ യാത്രക്കാർ വലഞ്ഞു. തത്തമംഗലത്തുനിന്ന് ചിറ്റൂരിലേക്ക് 15 രൂപയാണ് ബസ്ചാർജ്. പാലം അടച്ചതോടെ പാലത്തിനിരുവശത്തുമായി നിർത്തുന്ന ബസുകളിൽ മാറിക്കയറി ചിറ്റൂരിലെത്താൻ 23 രൂപ നൽകണം. ഓട്ടോ ചാർജിലും ഗണ്യമായ വർധനയുണ്ടാകും. സ്വകാര്യ സ്‌കൂൾ വാഹനങ്ങളും വാടകകൂട്ടി. വാണിജ്യാവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് പോകുന്ന വ്യാപാരികളും പ്രയാസത്തിലായി. പാലത്തുള്ളിവഴി ചിറ്റൂരിലേക്ക് പോകുന്ന റോഡാകട്ടെ തകർന്നുകിടക്കയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ഉറപ്പിലാണ് യാത്രക്കാരുടെ പ്രതീക്ഷ.