ടോളിലെ ക്യൂവിൽ പരിശോധന

To advertise here,

ദേശീയപാതയിലെ പ്രശ്നങ്ങൾ ഒരു മാസത്തിനകം പരിഹരിക്കാൻ അവലോകനയോഗത്തിൽ തീരുമാനം

തൃശ്ശൂർ : ദേശീയപാത 66-ലെയും 544-ലെയും പ്രശ്‌നങ്ങൾ ഒരു മാസത്തിനകം പരിഹരിക്കാൻ നിർദേശം. മന്ത്രി ഒ.ജെ. ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തിരുമാനം. ടോൾബൂത്തുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നതു പരിഹരിക്കാൻ പരിശോധന നടത്തും. പോലീസ്, എൻ.എച്ച്.എ.ഐ. പ്രതിനിധി, കളക്ടറുടെ പ്രതിനിധി, കരാറുകാരുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക.

കയ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ദേശീയപാത സ്‌ട്രെച്ചുകളിലും പോലീസും മോട്ടോർവാഹനവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും എൻ.എച്ച്.എ.ഐ. പ്രതിനിധികളും നടത്തിയ പരിശോധനയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പോരായ്മകളാണ് ഒരു മാസത്തിനകം പരിഹരിക്കുക. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ യോഗത്തിൽ ഇതു സംബന്ധിച്ച് ഉറപ്പുനൽകി.

ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പോലീസ്, മോട്ടോർ വാഹനവകുപ്പ്, റവന്യൂവകുപ്പ്, എൻ.എച്ച്.എ.ഐ. പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കും. ഡ്രെയ്‌നേജ്, വെള്ളക്കെട്ട് പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകി.

നിർമാണം നടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതുമായ സ്ഥലങ്ങളിൽ അടിയന്തരമായി ലൈറ്റിങ് സംവിധാനവും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ യോഗത്തിൽ നിർദേശം നൽകി. രാത്രികാല യാത്രികരുടെ സുരക്ഷയ്ക്കായി തെരുവുവിളക്കുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കുമെന്ന് എൻ.എച്ച്.എ.ഐ. വ്യക്തമാക്കി. കൂടാതെ, വഴിതിരിച്ചുവിട്ടിരിക്കുന്ന ഭാഗങ്ങളിൽ ഡ്രൈവർമാർക്ക് ദൂരെനിന്നുതന്നെ കാണാൻ പാകത്തിൽ മുന്നറിയിപ്പ് സിഗ്‌നലുകളുണ്ടാകണം. ഇതിനായി ഉയർന്ന ഗുണനിലവാരമുള്ള സ്റ്റിക്കറുകൾക്കു പകരം, കുറഞ്ഞ ഗുണനിലവാരമുള്ളവയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥലപ്പേരുകൾ രേഖപ്പെടുത്തിയ സൈൻബോർഡുകൾ സ്ഥാപിക്കാനും നിർദേശമുയർന്നു

ദേശീയപാത 66-ൽ പത്ത് നടപ്പാലങ്ങൾക്കാണ് അംഗീകാരമുള്ളതെന്ന് എൻ.എച്ച്.എ.ഐ. അറിയിച്ചു. ഇതിൽ വാടാനപ്പിള്ളി, തളിക്കുളം എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. വലപ്പാട്, ഏങ്ങണ്ടിയൂർ, എടക്കഴിയൂർ എന്നിവിടങ്ങളിൽ നിർമാണം നടന്നുവരുകയാണ്. ബാക്കി അഞ്ചെണ്ണത്തിന്റെ നിർമാണം ആരംഭിച്ചിട്ടില്ലെന്നും നിർമാണം തുടങ്ങിയവ ഒക്ടോബർ 15-നകം പൂർത്തിയാക്കുമെന്നും ഇവർ അറിയിച്ചു.

യോഗത്തിൽ ബെന്നി ബഹനാൻ എം.പി., എം.എൽ.എ.മാരായ സി. രവീന്ദ്രനാഥ്, കെ.കെ. വത്സരാജ്, കളക്ടർ ശിഖാ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ ദേശ്‍മുഖ്, റൂറൽ പോലീസ് എസ്.പി. മുഹമ്മദ് നദീം, അസി. കളക്ടർ എ.സി. പ്രീതി, ഡെപ്യൂട്ടി കളക്ടർ ബിന്ദു, എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർമാർ, മറ്റ് വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നാട്ടികയിൽ നിർത്തിയിട്ട തടിലോറിയിൽ ടാങ്കർ ലോറി ഇടിച്ചു കയറി

തൃപ്രയാർ : ദേശീയപാത 66-ലെ അപകടങ്ങൾ തുടരുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും അപകടം. നാട്ടികയിൽ നിർത്തിയിട്ടിരുന്ന തടിലോറിയുടെ പിറകിൽ ടാങ്കർലോറി ഇടിച്ചുകയറി. ടാങ്കർഡ്രൈവറായ കണ്ണൂർ സ്വദേശി സിദ്ധിക്കി(44)ന് ഗുരുതരപരിക്കേറ്റു.

പോലീസും അഗ്നി രക്ഷാ സേനയും ചേർന്ന് ഏറെ പണിപ്പെട്ടാണ് ടാങ്കർ ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്.

ദേശീയപാതയോരത്തെ വാഹനങ്ങളുടെ നിയമം ലംഘിച്ചുള്ള പാർക്കിങ്ങും റോഡിൽ വേണ്ടവിധം അപകടസൂചകങ്ങൾ സ്ഥാപിക്കാത്തതും നിർമ്മാണക്കമ്പനി നടത്തുന്ന അശാസ്ത്രീയമായ പ്രവൃത്തികളും സുരക്ഷ ഉറപ്പാക്കുന്ന ബാരിക്കേഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.