മണ്ണാർക്കാട് : നാല് വാർഡിലുള്ള ജനങ്ങൾ സഞ്ചരിക്കുന്ന റോഡ് തകർന്നിട്ട് ഒന്നരവർഷം. യാത്രാക്ലേശം രൂക്ഷമായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് ആരോപിച്ച് പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കൈതച്ചിറ റോഡിൽനിന്ന് ശിവൻകുന്ന്-പറങ്ങോടത്ത്- കൊട്ടേപ്പടി റോഡാണ് കാൽനടപോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നിട്ടുള്ളത്.
മണ്ണാർക്കാട് സമഗ്ര കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തി ശിവൻകുന്നിൽ നിർമിച്ചിട്ടുള്ള ജലസംഭരണിയിലേക്കുള്ള പൈപ്പിടുന്നതിനായാണ് റോഡിന്റെ ഒരുവശം പൊളിച്ചത്. അരകിലോമീറ്റർവരുന്ന റോഡിൽ പൈപ്പ് സ്ഥാപിച്ചശേഷം പൊളിച്ചഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുമെന്ന് കരാർകമ്പനി അറിയിക്കയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. റോഡ് കൂടുതൽ തകരുകയുംചെയ്തു. അരകുറുശ്ശി, വടക്കേക്കര, തെന്നാരി, വടക്കുമണ്ണം വാർഡുകളിലുള്ള ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നവർ. കൂടാതെ, തെങ്കരയിൽനിന്ന് വരുന്നവർക്ക് മണ്ണാർക്കാട് പട്ടണത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ കുന്തിപ്പുഴഭാഗത്തെത്താനുള്ള എളുപ്പമാർഗവുമാണിത്.
സ്‌കൂൾ വാഹനങ്ങൾ, ഗ്യാസ് ഗോഡൗണിലേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതും ഇതിലൂടെയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽച്ചാടി നിയന്ത്രണംവിട്ട് മറിയുന്നതും പതിവായിരിക്കയാണ്. മഴപെയ്താൽ യാത്ര കൂടുതൽ ദുസ്സഹമാണ്. സമീപത്തെ ക്ഷേത്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന പാതയാണിത്.
റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പിന് രേഖാമൂലം പരാതി നൽകിയപ്പോഴും ശരിയാക്കിത്തരാമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് വാർഡ് കൗൺസിലർ എ.കെ. രാധാകൃഷ്ണൻ പറഞ്ഞു. തിങ്കളാഴ്ചചേർന്ന കൗൺസിൽയോഗത്തിലും വാർഡ് പ്രതിനിധി വിഷയം ഉന്നയിക്കയുണ്ടായി.
മുൻപ്, ഫണ്ട് കുറവായതിനാലാണ് പ്രവൃത്തി തടസ്സപ്പെടാൻ കാരണമെന്നും നിലവിൽ ഫണ്ട് ലഭ്യമായിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ പണി തുടങ്ങുമെന്നും ജലവിഭവകുപ്പ് അസി. എൻജിനിയർ വിൽമ വർഗീസ് പറഞ്ഞു.
Published: 15 Sept 2026, 03:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented