എറിയാട് : യുനെസ്‌കോ-ഐ.ഒ.സി. സുനാമിറെഡി പദ്ധതിയുടെ ഭാഗമായി എറിയാട് പഞ്ചായത്തിൽ സുനാമി മോക്ഡ്രിൽ സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങളും ഏകോപനവും വിലയിരുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ നടത്തിയത്.

To advertise here,

ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്ന് സുനാമി മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പരിശീലനത്തിന് തുടക്കമിട്ടത്. മുന്നറിയിപ്പ് ലഭിച്ച ഉടൻതന്നെ കൊടുങ്ങല്ലൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സിവിൽ ഡിഫെൻസ്, ആപ്തമിത്ര വൊളന്റിയർമാർ എന്നിവർ ചേർന്ന് അഴീക്കോട് ലൈറ്റ്ഹൗസ് ബീച്ചിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. തുടർന്ന് ഇവരെ എറിയാട് മേനോൻ ബസാറിലെ സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റി.

ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ (ഇൻചാർജ്) ബിന്ദുവിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു

.തഹസിൽദാർ കെ.പി. രമേശൻ, അഴിക്കോട് കോസ്റ്റൽ പോലീസ്, ആരോഗ്യ, റവന്യൂ, വിദ്യാഭ്യാസ, ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, മോട്ടോർ വാഹന വകുപ്പ്, പോർട്ട് കൺസർവേഷൻ, വിനോദസഞ്ചാരം തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൂടാതെ ആശ പ്രവർത്തകർ, സിവിൽ ഡിഫൻസ്, കുടുംബശ്രീ, ഹരിതകർമസേന, കടലോര ജാഗ്രതാസമിതിയംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.