കോയമ്പത്തൂർ : വിനായകചതുർഥി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും വിനായക പ്രതിമകൾ പ്രതിഷ്ഠിച്ചു. ഹിന്ദുമുന്നണിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിൽ 5,008 സ്ഥലങ്ങളിലാണ് പ്രതിമകൾ വെച്ചിരിക്കുന്നത്. ഇതിൽ 2,230 ഇടത്ത് വലിയ പ്രതിമകളാണ് വെച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പ്രത്യേകം പൂജകളോടെ നിരവധി ഭക്തരുടെ സാന്നിധ്യത്തിലാണ് ഓരോയിടത്തും വിനായക പ്രതിമകൾ പ്രതിഷ്ഠിച്ചത്. ഇനി അഞ്ചുദിവസം വരെ രാവിലെയും വൈകീട്ടും പൂജകളും മറ്റു ചടങ്ങുകളും നടക്കും. അഞ്ചാം ദിവസമാണ് നിമജ്ജന ഘോഷയാത്ര നടക്കുക. നിമജ്ജന ഘോഷയാത്ര പൂർത്തിയാകുന്നതുവരെ എല്ലാവിധ സുരക്ഷയും നൽകുമെന്നും ഇതിനായി ജില്ലയിൽ 1,500 പോലീസുകാരെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു. നിമജ്ജന ഘോഷയാത്ര സുഗമമായി നടത്തുന്നതിനും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനും എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഓരോ മേഖലയിലും ഉള്ളവർക്ക് പ്രതിമകൾ നിമജ്ജനം ചെയ്യുന്നതിന് പ്രത്യേകം സ്ഥലങ്ങളും സമയവും അനുവദിച്ചിട്ടുണ്ട്.
ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രങ്ങളിൽ വലിയ തിരക്കായിരുന്നു. ജനങ്ങൾ കൂട്ടത്തോടെ ക്ഷേത്രങ്ങളിൽ എത്തിയതോടെ നഗരത്തിലും മറ്റും ഗതാഗത തടസ്സവുമുണ്ടായി. ഏറ്റവും വലിയ വിനായക വിഗ്രഹമുള്ള പുലിയകുളം ക്ഷേത്രത്തിൽ രണ്ടു ടൺ പൂമാലകളും ചന്ദനവും കൊണ്ടാണ് വിഗ്രഹത്തെ അലങ്കരിച്ചത്. 19 അടി ഉയരവും 190 ടൺ ഭാരവുമുള്ള വിഗ്രഹം അലങ്കരിച്ചത് കാണാൻ നൂറുകണക്കിന് ഭക്തരെത്തി. വിനായക ചതുർഥിയുടെ ഭാഗമായി 16 തരം അഭിഷേകം നടന്നു.
Published: 15 Sept 2026, 03:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented