ചാലിശ്ശേരി-പട്ടാമ്പി പാതയിൽ അപകടം പതിവാകുന്നു

To advertise here,

കൂറ്റനാട് : നവീകരണത്തിന്റെ പേരിൽ കീറിയിട്ട ഓവുചാലിലേക്ക് ചരക്കുവാഹനം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ചാലിശ്ശേരി-പട്ടാമ്പി പാതയിൽ വാവനൂരിൽ ഞായറാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം.

കൂറ്റനാട് ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ടെമ്പോ വാനാണ് ഓവുപാലത്തിനായി കുഴിച്ച നാലരമീറ്ററിലധികം ആഴമുള്ള ചാലിലേക്ക് തലകീഴായി മറിഞ്ഞത്.

ഓവുചാൽ കീറിയത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാൻ സിഗ്നലുകളും ഇവിടെയുണ്ടായിരുന്നില്ല. വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇരുവരെയും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗൗരവമുള്ളതാണെന്ന് നാട്ടുകാർ പറഞ്ഞു.

പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെയും പാലക്കാട്-പൊന്നാനി പാതയുടെയും ഭാഗമായ ചാലിശ്ശേരി-കൂറ്റനാട്-പട്ടാമ്പി പാതയിലാണ് അപകടം പതിവായിട്ടുള്ളത്.

ചാലിശ്ശേരിമുതൽ കൂറ്റനാടുവരെ റോഡിന്റെ പകുതിഭാഗം ഒരു വർഷമായി പൊളിച്ചിട്ട നിലയിലാണ്. സുരക്ഷാ മുന്നറിയിപ്പുകളോ ബാരിക്കേഡുകളോ ഇല്ലാതെയും റോഡിന് നടുവിൽ ആഴത്തിൽ വലിയ ചാലുകൾ കീറിയിട്ടതും രാത്രിയിലെ വെളിച്ചക്കുറവുമാണ് പതിവായിട്ടുള്ള അപകടങ്ങൾക്ക് കാരണം.

കഴിഞ്ഞദിവസം ഓട്ടോറിക്ഷയും ഇരുചക്രവാഹനവും ഇതേപാതയിൽ തലകീഴായി മറിഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ആറ് അപകടങ്ങളാണ് ഈ പാതയിൽ നടന്നത്.

രണ്ടുവർഷമായിട്ടും പണി പാതിവഴിയിൽ

രണ്ടുവർഷത്തോളമായി ചാലിശ്ശേരി-പട്ടാമ്പി പാതയുടെ നവീകരണമാണ് അപകടക്കെണിയായി മാറിയത്. 14 കിലോമീറ്റർ ദൂരമുള്ള പാത ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന കരാറിൽ മുൻസർക്കാർ 63 കോടി രൂപ അനുവദിച്ചാണ് നവീകരണം തുടങ്ങിയത്. എന്നാൽ, പകുതിപോലും പൂർത്തിയായിട്ടില്ല. ഒരു വർഷമാണ് ജല അതോറിറ്റിക്കാർ സമയം കളഞ്ഞത്. ഇപ്പോഴും ജല അതോറിറ്റി പ്രവൃത്തി പൂർണമായിട്ടില്ല. മലപ്പുറത്തെ പി.എം.ആർ. കമ്പനിയാണ് റോഡ് നവീകരണം ഏറ്റെടുത്ത കരാറുകാർ.

റോഡിന്റെ ശോച്യാവസ്ഥ കാരണം ഈ റൂട്ടിലുടെ കുന്നംകുളം, ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് കൃത്യസമയത്ത് ഓടിയെത്താനാവുന്നില്ലെന്നും വാഹനങ്ങൾ നിരന്തരം കേടാകുന്നെന്നും ആരോപിച്ച് ഈ മാസം ഏഴുമുതൽ ബസ്സുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

‌തൃത്താല എം.എൽ.എ. വി.ടി. ബൽറാമും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം താത്കാലികമായി മാറ്റിവെച്ചത്. ഇതേത്തുടർന്ന്, കൂറ്റനാട് സെന്ററിൽമാത്രം കുറച്ചുഭാഗം ഓട്ടയടയ്ക്കൽ നടന്നിരുന്നു.

എന്നാൽ, രാത്രികാലങ്ങളിൽ കുഴികളും ചാലുകളും കാണാനോ അപകടം ഒഴിവാക്കാനോ യാതൊരു സുരക്ഷാസംവിധാനവും ഒരുക്കാതെയാണ് കരാർകമ്പനി പ്രവൃത്തി നടത്തുന്നതെന്ന് ഡ്രൈവർമാർ പറയുന്നു.