ഷോർട് സർക്കിറ്റെന്ന് സംശയം

To advertise here,

പല്ലിശ്ശേരി : ചിറ്റേങ്കര മൈമ്പിള്ളി റോഡിൽ വെളിയത്ത് നാരായണന്റെ വീട്ടിലെ വാഷിങ് മെഷീനും ഫ്രിഡ്‌ജും ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന ഗ്യാസ്‌സിലിൻഡറും പൊട്ടിത്തെറിച്ച് വീട് തകർന്നു. വാഷിങ്മെഷീന്റെ അടിയിൽ പുക കണ്ട് വയോധികരായ ദമ്പതിമാർ വീടിനു പുറത്തു കടന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ഷോർട് സർക്കീറ്റാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വീട്ടിൽ സൂക്ഷിച്ചിരുന്ന സിലിൻഡർ പൂർണമായും തകർന്ന്‌ തെറിച്ചെങ്കിലും ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്ന സിലിൻഡർ പൊട്ടിത്തെറിച്ചില്ല. എന്നാൽ, കരിഞ്ഞനിലയിലായിരുന്നു ഇത്. വീടിന്റെ ചുറ്റുമുള്ള ജനൽച്ചില്ലുകൾ ദൂരേക്ക് തെറിച്ചു. വാഷിങ്മെഷീന്റെ അടിയിൽനിന്ന്‌ പുക കണ്ട് നാരായണന്റെ ഭാര്യ ഗിരിജ അടുക്കളവാതിലടച്ച്, നാരായണനെയും കൂട്ടി പുറത്തിറങ്ങുകയായിരുന്നു. അതിനു പിന്നാലെ ഉഗ്രശബ്ദത്തിലായിരുന്നു പൊട്ടിത്തെറി. ദൂരെയുള്ള ഊരകം സെന്റർ വരെ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ചേർന്ന് തീയണച്ചു. അഗ്നി രക്ഷാ സേനയുടെ വാഹനം വീടിന്റെ പരിസരത്തേക്കെത്തിക്കാൻ കഴിഞ്ഞില്ല.