പട്ടാമ്പി : തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാതയുടെ നിർമാണം ഇനിയും തുടങ്ങിയില്ല. ഭരണാനുമതി ലഭിച്ച് 10 വർഷമായിട്ടും നടപടി വൈകുകയാണ്.

To advertise here,

ജില്ലാ അതിർത്തിമുതൽ പട്ടാമ്പിവരെ സ്ഥലമേറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികൾ സ്ഥാപിച്ച് രണ്ടുവർഷത്തിലേറെയായി. അടയാളക്കല്ലുകൾക്ക് കാടുപിടിക്കാൻ തുടങ്ങിയിട്ടും തുടർനടപടി വൈകുകയാണ്. മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് ഗതാഗതം സുഗമമാക്കാനായാണ് പത്തുവർഷങ്ങൾക്കുമുമ്പ് കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാതാ പദ്ധതി പ്രഖ്യാപിച്ചത്. വലിയ യാത്രാസൗകര്യം ലഭിക്കുന്ന പദ്ധതിയായിട്ടും നടപടി നീളുകയാണ്.

2015-ൽ ബജറ്റിലുൾപ്പെടുത്തിയ പദ്ധതിക്ക് 2016-ലാണ് ഭരണാനുമതി ലഭിച്ചത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവർക്ക് യാത്രാദൂരം കുറയ്ക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതുമാണ് പദ്ധതി. മുമ്പ് പദ്ധതിയിൽ പട്ടാമ്പിയിലെ പുതിയ പാലവും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പദ്ധതിരേഖയിൽനിന്നും പാലത്തെ മാറ്റി. പുതിയ പാലത്തിന്റെ രൂപരേഖയിൽ തീരദേശറോഡിനായി കിഴായൂർ-നമ്പ്രം റോഡിലേക്കുള്ള കവാടവും ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറംജില്ലയിലെ കുറ്റിപ്പുറത്തുനിന്നാരംഭിച്ച് പാലക്കാട് ജില്ലയിലെ കുമ്പിടിവഴി തൃത്താലയിലെത്തി വി.കെ.കടവുവഴി പട്ടാമ്പിപാലം കടന്ന് ഷൊർണൂരിലെത്തുന്നതാണ് തീരദേശപാത.

പട്ടാമ്പിപാലം മുതൽ ചെങ്ങണാംകുന്ന് റെഗുലേറ്റർ വരെയാണ് കിഴായൂർ-നമ്പ്രം വഴി ഇപ്പോൾ റോഡുള്ളത്. ഈ റോഡിന് എട്ടുമീറ്റർവീതി മാത്രമാണ്.

പൊതുമരാമത്ത് റോഡിന്റെ വീതിയനുസരിച്ച് സ്ഥലമേറ്റെടുക്കൽ വേണ്ടിവരും. വീതികൂട്ടാൻ സ്വകാര്യ ഉടമകളുടെയടക്കം സ്ഥലമേറ്റെടുക്കണം. ചെങ്ങണാംകുന്ന് മുതൽ ഷൊർണൂർവരെ പലേടത്തും പുതുതായി റോഡ് നിർമിക്കണം.

പുഴയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് റോഡ് പണിയേണ്ടിവരും. ഇതിനിടയിലുള്ള കാരമണ്ണപാലം വീതികൂട്ടി നവീകരിച്ചത് ആശ്വാസമാണ്. തൃശ്ശൂർ മെഡിക്കൽകോളേജിലേക്കടക്കം എളുപ്പത്തിലെത്താൻ പുതിയപാത വന്നാൽ സഹായകരമാവും. കുറ്റിപ്പുറംമുതൽ ഷൊർണൂർ വരെ 37.6 കിലോമീറ്റർ ദൂരമുണ്ട്. പുതിയപാത വന്നാൽ ഇത് 32 കിലോമീറ്ററായി ചുരുങ്ങും.