അലനല്ലൂർ : അലനല്ലൂരിനെയും എടത്തനാട്ടുകരയെയും ബന്ധിപ്പിച്ച് വെള്ളിയാർപ്പുഴയ്ക്ക് കുറുകെയുള്ള കണ്ണംകുണ്ട് പാലം നിർമാണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
14.14 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. സ്ഥലമേറ്റെടുക്കുന്നതിനായി 1.18 കോടി രൂപ റവന്യൂവകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. നിർമാണം നവംബറിൽ ആരംഭിക്കാനാണ്് മന്ത്രി എൻ. ഷംസുദ്ദീനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും നടത്തിയ ഉന്നതതല യോഗം തീരുമാനിച്ചിട്ടുള്ളത്. സ്ഥലമേറ്റെടുപ്പ് നടപടി പുരോഗമിക്കയാണ്.
അലനല്ലൂർ-2, 3 വില്ലേജുകളുടെ പരിധിയിലുള്ള അഞ്ചുപേരുടെ കൈവശമുള്ള 29.6 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലത്തിന്റെ അളവുകളും അതിരുകളും അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി റവന്യൂസംഘം ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.
ഇവർ സമർപ്പിക്കുന്ന രേഖയ്ക്ക് സർവേഡയറക്ടർ അംഗീകാരംം നൽകുന്നപക്ഷം സ്ഥലമുടമകൾക്ക് നഷ്ടപരിഹാരത്തുക നൽകുന്ന നടപടിയെടുക്കും. പാലംനിർമാണഭാഗമായുള്ള പാരിസ്ഥിതിക പഠനവും ഉടനെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാർപ്പുഴയ്ക്ക്് കുറുകെ നിലവിൽ കോസ്‌വേയാണുള്ളത്. എന്നാൽ, ശക്തമായ മഴപെയ്താൽ പുഴയിൽ ജലനിരപ്പുയർന്ന് കോസ്‌വേയിൽ വെള്ളംകയറുകയും ഗതാഗതം തടസ്സപ്പെടുന്നതുമാണ് പ്രതിസന്ധി.
ഗതാഗതം തടസ്സപ്പെട്ടാൽ മണ്ണാർക്കാട്, അലനല്ലൂർ, എടത്തനാട്ടുകര, കുമരംപുത്തൂർ, കരിങ്കല്ലത്താണി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് പാലക്കടവ് പാലം വഴിയോ തിരുവിഴാംകുന്ന് മുറിയക്കണ്ണിപാലം വഴിയോ 10 മുതൽ 15 കിലോമീറ്റർവരെ അധികദൂരം സഞ്ചരിക്കേണ്ടിവരുന്നു.
ഇതുമൂലം സ്വകാര്യ ബസുകൾ, സ്‌കൂൾ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. യാത്രാസമയവും ഇന്ധനച്ചെലവും അധികമായിവരുന്നു. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്ത സാഹചര്യവും മഴക്കാലത്തുണ്ട്.
ശാശ്വതപരിഹാരമായി ഉയരംകൂടിയ പുതിയപാലം നിർമിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
Published: 30 Sept 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented