കുളപ്പുള്ളി : ആറുവർഷമായി അടഞ്ഞുകിടക്കുകയാണ് പനയൂരിലെ വനിതാ സാനിറ്ററി നാപ്കിൻ നിർമാണകേന്ദ്രം. പനയൂർ വായനശാലാ ഭാഗത്ത്
കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘റിലാക്സ്’ എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ സാനിറ്ററി നാപ്കിൻ നിർമാണ യൂണിറ്റാണ് അടഞ്ഞുകിടക്കുന്നത്. നിർമാണയന്ത്രങ്ങൾ ഉപയോഗശൂന്യമായി.
10 വനിതകളാണ് യൂണിറ്റിലുണ്ടായിരുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെയും വാണിയംകുളം പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പനയൂർ വായനശാലയ്ക്കു സമീപത്തുള്ള കെട്ടിടത്തിൽ അഞ്ചു യന്ത്രങ്ങൾ സ്ഥാപിച്ച് യൂണിറ്റിന് തുടക്കംകുറിച്ചത്. കുടുംബശ്രീ മിഷന്റെ അഞ്ചുലക്ഷംരൂപ ഫണ്ട് വിനിയോഗിച്ചായിരുന്നു തുടക്കം.
പഞ്ചായത്തിലെ സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും മെഡിക്കൽ ഷോപ്പുകളിലേക്കുമൊക്കെ നാപ്കിൻ വിതരണംചെയ്യുകയായിരുന്നു ലക്ഷ്യം. നിർമാണത്തിനായി ഇവർക്ക് പ്രത്യേക പരിശീലനവും ലഭിച്ചിരുന്നു. രാസപദാർഥങ്ങൾ ഉപയോഗിക്കാതെയുള്ള നിർമാണമാണ് നടത്തിയിരുന്നത്.
നിർമാണയന്ത്രത്തിനു പുറമേ അണുവിമുക്തമാക്കാനുള്ള യന്ത്രവും യൂണിറ്റിലുണ്ടായിരുന്നു.
എന്നാൽ, കോവിഡ് നിയന്ത്രണത്തിനു ദിവസങ്ങൾക്കു മുൻപുതന്നെ റിലാക്സ് അടച്ചിടേണ്ടിവന്നിരുന്നു. പിന്നീട് യന്ത്രത്തിലെ പോരായ്മകൾമൂലവും കോവിഡ് നിയന്ത്രണങ്ങളിൽപ്പെട്ടും കേന്ദ്രം തുറന്നില്ല. ഗുണമേന്മയുള്ള അസംസ്‌കൃതവസ്തുക്കൾ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടും യൂണിറ്റ് പ്രവർത്തനം പൂർണമായി നിലയ്ക്കാൻ കാരണമായെന്ന് അധികൃതർ പറയുന്നു. യൂണിറ്റ് അടച്ചിട്ടതോടെ പലരും മറ്റു തൊഴിൽമേഖലകളിലേക്കു പോയി. ആറുവർഷമായി യന്ത്രങ്ങൾ ഉപയോഗിക്കാതെ യൂണിറ്റിൽ കിടക്കുകയാണ്.
കുടുംബശ്രീ ജില്ലാമിഷനുമായി ചർച്ചചെയ്ത് വിപണനസാധ്യത പരിശോധിച്ചതിനുശേഷം തുടങ്ങാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ, പിന്നീട് തുടർനടപടികളൊന്നുമായില്ല.
Published: 30 Sept 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented