വേദിയിൽ വിതുമ്പി ടി.വി.കെ. സ്ഥാനാർഥി സത്യഭാമ, ആശ്വസിപ്പിച്ച് വിജയ്

To advertise here,

തിരുപ്പൂർ : ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിൽ അവിശുദ്ധ രഹസ്യ സഖ്യമുണ്ടെന്നും യഥാർഥത്തിലുള്ള 'ജനങ്ങളുടെ സർക്കാർ' തുടരുന്നതിനായി ധാരാപുരത്ത് തമിഴക വെട്രി കഴകം സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്.ധാരാപുരത്ത് ടി.വി.കെ. സ്ഥാനാർഥി മുൻ എം.എൽ.എ.കൂടിയായ പി. സത്യഭാമയ്ക്കായി ബുധനാഴ്ച നടത്തിയ പ്രചാരണയോഗത്തിൽ സംസാരിക്കയായിരുന്നു വിജയ്.

എം.ജി.ആറും ജയലളിതയും എതിർത്തിരുന്ന അതേ ഡി.എം.കെ.യുമായിട്ടാണ് അധികാരത്തിനുവേണ്ടി ചിലർ സഖ്യമുണ്ടാക്കാൻ ശ്രമിച്ചത്. അത് രണ്ട് നേതാക്കളെയും അപമാനിക്കുന്നതിന് തുല്യമാണ്. അതിൽ മനംനൊന്താണ് എം.ജി.ആർ., ജയലളിത എന്നിവരുടെ യഥാർഥ അനുയായിയായ സത്യഭാമ അണ്ണാ ഡി.എം.കെ.വിട്ട്‌ ടി.വി.കെ.യിൽ വന്നത്. അല്ലാതെ ചിലർ പറഞ്ഞുപരത്തുന്നതുപോലെ കുതിരക്കച്ചവടമോ കഴുതക്കച്ചവടമോ ഒന്നുമല്ലെന്ന് ജോസഫ് വിജയ് അവകാശപ്പെട്ടു.യഥാർഥത്തിൽ ഡി.എം.കെ.യെ എതിർത്തത് താൻമാത്രമാണ്.'അമ്മ സർക്കാരും' 'അപ്പാ സർക്കാരും' ഉണ്ടായിരുന്ന മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇപ്പോൾ തമിഴ്നാട്ടിലുള്ളത് ജനങ്ങളുടെ സർക്കാരാണ്. ഈ സർക്കാർ അഴിമതിയില്ലാത്ത ഭരണം കാഴ്ചവെക്കും. തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുകയാണ്.എല്ലാ മതങ്ങളെയും ദൈവങ്ങളെയും മതവിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ടി.വി.കെ. ഭരണത്തിൽവന്നശേഷം നടത്തിയ ഭരണപരമായ നയങ്ങൾ അക്കമിട്ട് അവതരിപ്പിച്ചു. തിരുപ്പൂർജില്ലയിൽ തുടങ്ങിവെച്ചിരിക്കുന്ന പദ്ധതികളുടെ വിവരങ്ങളും മുഖ്യമന്ത്രി പങ്കുവെച്ചു.താൻ രാജിവെച്ചത് എടപ്പാടി പളനിസ്വാമി കാരണമാണെന്നും അല്ലാതെ തന്നെവളർത്തിയ ആ രാഷ്ട്രീയ പ്രസ്ഥാനത്തെ പുറകിൽനിന്ന് കുത്തിയതല്ലെന്നും സത്യഭാമ പറഞ്ഞു. വളരെ മോശമായ രീതിയിൽ സാമൂഹിക മാധ്യമത്തിലൂടെ തനിക്കെതിരേ ചിലർ പ്രചാരണം നടത്തുന്നെന്ന് പറഞ്ഞു വേദിയിൽവെച്ച് വിതുമ്പിയ അവരെമുഖ്യമന്ത്രി വിജയ് ആശ്വസിപ്പിച്ചു.

യോഗത്തിൽ മന്ത്രിമാരായ എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അരുൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.