കൊരട്ടി : കൊരട്ടി മുത്തിയുടെ തിരുനാൾ പ്രമാണിച്ച് ജനത്തിരക്ക് നേരിടാൻ കൂടുതൽ ക്രമീകരണം ആവശ്യം.ജങ്ഷനിലെ നിർമാണ മേഖലകളിൽ പ്രത്യേക ക്രമീകരണം വേണ്ടിവരും.മേൽപ്പാല നിർമാണ പൂർത്തീകരണം ഇനിയും വൈകിക്കാനാകാത്ത സ്ഥിതിയിൽ ജോലികൾ നിർത്തിവെക്കാതെ ഗതാഗതനിയന്ത്രണം എർപ്പെടുത്താനാണ് നിർമാണക്കമ്പനിയുടെ നീക്കം.
നിലവിൽ സ്പാനുകളുടെയും മേൽപ്പാലത്തിന്റെയും ഇരുഭാഗത്തെ അനുബന്ധറോഡിന്റെയും നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വരാൻ പോകുന്ന ദിവസങ്ങളിലെ തിരക്കുകൂടി മുന്നിൽക്കണ്ടാണ് ക്രമീകരണം. കൊരട്ടി ജങ്ഷനിൽ അനുവദിച്ച 60 മീറ്റർ വീതിയുള്ള മേൽപ്പാലനിർമാണമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതിനാവശ്യമായ സ്പാനുകളുടെ പില്ലറുകളുടെ നിർമാണം കഴിഞ്ഞു. പില്ലറുകളെ ബന്ധിപ്പിക്കുന്ന മേൽത്തട്ടിന്റെ കോൺക്രീറ്റിങ്ങിനാവശ്യമായ ജോലികൾ പുരോഗമിക്കുന്നു.
നിലവിൽ 20 മീറ്റർ വീതിയിലുള്ള മൂന്ന് സ്പാനുകളിൽ നടുഭാഗം ഒഴിച്ചുള്ള മേൽത്തട്ട് കോൺക്രീറ്റിടലിന് മുന്നൊരുക്കം ആരംഭിച്ചു. ഇതു പൂർത്തിയാക്കുന്ന മുറയ്ക്കാവും നടുഭാഗം കോൺക്രീറ്റിടാൻ സജ്ജമാക്കുക. നടുഭാഗത്ത് നിർമാണം ആരംഭിക്കുന്നതോടെ ഇരു ഭാഗങ്ങളിലൂടെ യുടേൺ സൗകര്യം പരിഗണിക്കും.
തിരുനാളിനുമുൻപോ തൊട്ടുപിന്നാലെയോ ഇരുഭാഗത്തെയും കോൺക്രീറ്റിടലും ആരംഭിച്ചേക്കാം. ഈ സമയം ദേശീയപാതയുടെ കിഴക്ക്-പടിഞ്ഞാറൻ മേഖലകളിൽനിന്നുള്ള കാൽനടയാത്രികർക്കായി നടുഭാഗം തുറന്നിടും. തത്‌സ്ഥിതിയിൽ നിലവിലെ യുടേൺ വഴിതിരിച്ചുവിടും.
എന്നാൽ നൂറുകണക്കിന് കാൽനടയാത്രികർ നാലുകെട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്നോ, മദുരാ കോട്‌സ്, എം.എ.എം. ഹൈസ്‌കൂൾ ഗ്രൗണ്ടിലുമൊക്കെ പാർക്ക് ചെയ്തശേഷം ദേശീയപാതയ്ക്കുകുറുകെ കടക്കേണ്ടിവരും. ഇത് ദേശീയപാതാ യാത്ര പൂർണമായും സ്തംഭിപ്പിക്കും.
ഇതൊഴിവാക്കാൻ കാൽനടയാത്രികർക്കായി ദേശീയപാതയ്ക്കു കുറുകേ മേൽത്തട്ടിലുടെ ഫുട്ട്‌പാത്ത് വേണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യമാവശ്യപ്പെട്ട് കൊരട്ടി പള്ളി വികാരി ജോൺസൺ കക്കാട്ട് ദേശീയപാതാ അതോറിറ്റിക്കും കേന്ദ്രസർക്കാരിനും കത്തുനൽകി.
അതേസമയം എറണാകുളം ഭാഗത്തുനിന്ന് പള്ളിയിലേക്കുവരുന്നവർക്ക് പഴയ ദേശീയപാത വഴി പള്ളിക്കുസമീപം ഒരുക്കിയിട്ടുള്ള പാർക്കിങ് പ്രയോജനപ്പെടുത്താനാകും. ഇതുകൂടാതെ ദേശീയപാത വഴിതന്നെ നീങ്ങുന്ന വാഹനങ്ങൾക്കായി മേൽപ്പാലത്തിന്റെ ഇരുഭാഗത്തെയും റോഡുകളിൽ സൗകര്യം ഒരുക്കും. തിരുനാൾ മുന്നിൽക്കണ്ട് മേൽപ്പാലത്തിന്റെ തൃശ്ശൂർ ഭാഗത്തെ അനുബന്ധ റോഡിലെ മെറ്റൽ വിരിക്കുന്ന ജോലികൾ പാതി പിന്നിട്ടു. ഇതിനുപുറമേ മദുരാകോട്‌സ് ഗ്രൗണ്ടും എം.എ.എം. ഹൈസ്‌കുൾ ഗ്രൗണ്ടും പ്രയോജനപ്പെടുത്താം.
ബദൽ വഴികളുടെരക്ഷ ദേശീയപാത മാത്രം
:ബദൽ വഴികൾ പള്ളിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന സാഹചര്യത്തിൽ തിരുനാൾദിനങ്ങളിൽ പഴയ ദേശീയപാത ജനക്കുരുക്കിലാകും. ഇതോടെ ദേശീയപാത വഴി കടന്നുപോകേണ്ട വാഹനങ്ങൾക്ക് ഈ ഭാഗത്ത് പൂർണനിയന്ത്രണമുണ്ടാവും. അതുകൊണ്ടുതന്നെ നിർമാണമേഖല വഴിതന്നെ ദേശീയപാതാ യാത്രികർക്ക് പ്രയോജനപ്പെടുത്തേണ്ടിവരും. ഇതു ദേശീയപാതയെ കുരുക്കിലാക്കും. ഇതൊഴിവാക്കാൻ ആലുവ അത്താണിയിൽനിന്ന് ചെങ്ങമനാട് അന്നമനട വഴി വാഹങ്ങൾ തിരിച്ചുവിടേണ്ടി വരും.
ദേശീയപാതയുടെ കിഴക്കൻ മേഖലകളിൽനിന്നുവരുന്ന യാത്രക്കാർക്ക് പാത കുറുകേ കടന്നുവേണം പള്ളിയിലെത്താൻ. ചാലക്കുടിയിൽനിന്ന് പള്ളിയിലേക്കുവരുന്ന വാഹനങ്ങൾക്ക് യു-ടേൺ എടുക്കാനുള്ള സമയവും കുരുക്കു കൂട്ടും. നിലവിലെ സ്ഥിതിയിൽ ചാലക്കുടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് വൈഗെ ഗ്രൗണ്ട്, എം.എ.എം. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, ഒപ്പം ഡിവൈൻ അടിപ്പാത വഴിയും ആറ്റപ്പാടം വഴിയും കൊരട്ടി പള്ളിയിലേക്ക് എത്താനാകും. ഇതിനുള്ള മുന്നൊരുക്കമാണ് നടക്കുന്നത്.
Published: 01 Oct 2026, 03:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented