അമ്മ അറസ്റ്റിൽ

To advertise here,

കൊഴിഞ്ഞാമ്പാറ : സഹോദരങ്ങളായ രണ്ടുകുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ (33) അറസ്റ്റിൽ. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്റ്റഫർ (മൂന്ന്) എന്നിവരെയാണ് ചൊവ്വാഴ്ച മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

തുടക്കത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, കുട്ടികളുടെ പിതൃസഹോദരി ബെൻസിയും ബന്ധുക്കളും നൽകിയ പരാതിയെത്തുടർന്ന് നിവേദ്യയെ വീണ്ടും ചോദ്യംചെയ്തു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് നിവേദ്യ പോലീസിന് നൽകിയ മൊഴി ഇങ്ങനെയാണ്: വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി മരണമുറപ്പാക്കി. ശേഷം, സമീപത്ത് ടാങ്കിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇളയ ആൺകുട്ടി റോബിൻ ക്രിസ്റ്റഫറിനെ തള്ളിയിട്ട് മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തി. തൊട്ടിയിൽ മുക്കാൽഭാഗം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. സ്വതന്ത്രജീവിതത്തിന് കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് അവരെ ഇല്ലാതാക്കിയത്. എന്നാൽ, മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും വിശദമായി ചോദ്യംചെയ്താലേ കൊലപാതകത്തിന്റെ കാരണം, കൃത്യം നടത്തിയ രീതി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശരീരത്തിൽ മറ്റുപാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിരുന്നില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയതായും കണ്ടെത്തിയിരുന്നു. ഇതാണ് തുടക്കത്തിൽ മുങ്ങിമരണമാണെന്ന നിഗമനത്തിലെത്താൻ കാരണമായത്.

എന്നാൽ, കുട്ടികളെ കുളിമുറിയിലെ തൊട്ടിയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണോ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ചിറ്റൂർ ഡിവൈ.എസ്.പി. എം. ശശിധരന്റെ നേതൃത്വത്തിലാണ് നിവേദ്യയെ ചോദ്യംചെയ്തത്. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷ്, എസ്.ഐ. എ.കെ. ശ്രീജിത്ത്, ജി.എസ്.ഐ. ആർ. തോമസ് ഔസേപ്പ്, എ.എസ്.ഐ.മാരായ എൻ. സുമതി, പി. ശാന്തി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എച്ച്. ഷിയാവുദ്ദീൻ, എൻ. ഷിബു, ആർ. ഉഷസ്സ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ചിറ്റൂർ മജിസ്ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ നിവേദ്യയെ റിമാൻഡ്ചെയ്തു. തുടർന്ന്, മലമ്പുഴ സബ്ജയിലിലെത്തിച്ചു.