സാഹിത്യ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റു

To advertise here,

തൃശ്ശൂർ : എല്ലാവരെയും ഉൾക്കൊള്ളുന്നവിധത്തിലാകും സാഹിത്യ അക്കാദമിയുടെ പ്രവർത്തനമെന്നും പുസ്തകോത്സവത്തിനു പകരം വിവിധ അക്കാദമികളെയും സർക്കാർ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് സാംസ്‌കാരികോത്സവം നടത്തുമെന്നും പ്രസിഡന്റ് കല്പറ്റ നാരായണനും സെക്രട്ടറി എം.പി. സുരേന്ദ്രനും പറഞ്ഞു. അക്കാദമിയിലെത്തി സ്ഥാനം ഏറ്റെടുത്തശേഷം തൃശ്ശൂർ പ്രസ്‌ ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ഇവർ. അക്കാദമിയിൽ രാഷ്ട്രീയവിവേചനം ഉണ്ടാകില്ലെന്ന് രണ്ടുപേരും വ്യക്തമാക്കി.

സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ഒരാഴ്‌ച നീളുന്ന സാംസ്‌കാരികോത്സവം നടത്തുക. ആദ്യവേദി തൃശ്ശൂർ ആയിരിക്കും. പിന്നീട് തിരുവനന്തപുരത്തും കോഴിക്കോട്ടുമെല്ലാം നടത്താനാണ് ആലോചിക്കുന്നത്. വ്യത്യസ്തമായി എന്തെങ്കിലും നടത്താനാണ് ശ്രമിക്കുന്നത്.

സാംസ്‌കാരികോത്സവത്തിന്റെ നയപ്രഖ്യാപനം മന്ത്രി പി.സി. വിഷ്ണുനാഥ് കഴിഞ്ഞദിവസം നടത്തി. കേരളത്തിനു പുറത്തും ഇതിനു പ്രചാരണം നൽകും. കേരളം എന്താണെന്ന് ഒരാഴ്‌ചകൊണ്ട് അറിയാവുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിക്കുക. അക്കാദമിയുടെ ഭരണരംഗത്തും അവാർഡുകൾ നിശ്ചയിക്കുന്നതിലും വലിയ ഓഡിറ്റിങ് ആവശ്യമാണെന്നാണ് ആദ്യനോട്ടത്തിൽ തോന്നിയത്. അവാർഡുകളുടെ കാര്യത്തിൽ കൂടുതൽ സൂക്ഷ്‌മതയുണ്ടായിരിക്കും.

അക്കാദമിയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി അക്കാദമിയുടെ പുസ്തകങ്ങൾ എല്ലാ പുസ്തകശാലകളിലും നൽകാനുള്ള നടപടി സ്വീകരിക്കും. ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കുന്നതിലാകും ആദ്യപരിഗണന. കുട്ടികൾ പാടുന്ന കേരളഗാനമാണ് മനസ്സിലുള്ളതെന്ന് കേരളഗാനവിവാദം സംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി ഇവർ പറഞ്ഞു. ചില അവാർഡുകൾ സംബന്ധിച്ച തർക്കം മാറ്റാൻ നിയമാവലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. കഴിഞ്ഞ ബജറ്റിൽ 3.45 കോടി അക്കാദമിക്ക് നീക്കിവെച്ചിരുന്നെങ്കിലും ഒരുകോടി മാത്രമേ കിട്ടിയുള്ളൂവെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

പ്രസ്‌ ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷനായി. സെക്രട്ടറി രഞ്ജിത് ബാലൻ, ഖജാൻജി ടി.എസ്. നീലാംബരൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 11 മണിയോടെയാണ് സാഹിത്യ അക്കാദമിയിലെത്തി പ്രസിഡന്റ് കല്പറ്റ നാരായണനും സെക്രട്ടറി എം.പി. സുരേന്ദ്രനും ചുമതലയേറ്റത്.

സാഹിത്യകാരൻമാരും മറ്റു മേഖലകളിലുള്ളവരും അക്കാദമി ജീവനക്കാരും സന്നിഹിതരായി.