കോയമ്പത്തൂർ : നിരോധിത പുകയിലക്കടത്തുസംഘത്തെ പിടികൂടാൻ ഓടുന്ന കാറിന്റെ മുകളിൽക്കിടന്ന് 40 കിലോമീറ്റർ സഞ്ചരിച്ച കോവിൽപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ എം. വേൽമുരുകനെ അഭിനന്ദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് അഭിനന്ദിച്ചത്. മുഖ്യമന്ത്രിയുടെ വക ഉപഹാരവും നൽകി. ചടങ്ങിൽ ഡി.ജി.പി. മഹേഷ് കുമാർ അഗർവാളും പങ്കെടുത്തു.
ഞായറാഴ്ച രാവിലെയാണ് വേൽമുരുകന്റെ നേതൃത്വത്തിൽ അതിസാഹസികമായി പുകയിലക്കടത്തുസംഘത്തെ പിടികൂടിയത്. കർണാടകയിൽനിന്ന് കോയമ്പത്തൂരിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി വന്ന ആഡംബര കാർ കോവിൽപാളയത്ത് വാഹനപരിശോധനയ്ക്കിടെ വേൽമുരുകനും എസ്.ഐ. വിഗ്നേഷും ചേർന്ന് തടയുകയായിരുന്നു. കാറിന്റെ പുറകിലെ ചാക്കുകൾ പരിശോധിക്കാൻ തുനിഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ എസ്.ഐ.യെ തള്ളിമാറ്റി പെട്ടെന്ന് വണ്ടി മുന്നോട്ടെടുത്തു. ഇതുകണ്ട ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാർ തടയാൻ ശ്രമിക്കുകയും കഴിയാതെവന്നപ്പോൾ കാറിന്റെ മുകളിലേക്കു ചാടിക്കയറുകയുമായിരുന്നു. കാറിനുമുകളിൽ പോലീസുകാരനുണ്ടെന്നറിഞ്ഞ സംഘം വണ്ടി അതിവേഗത്തിൽ വിളാങ്കുറിച്ചി ഭാഗത്തേക്ക് ഓടിച്ചുപോയി.
തുടർന്ന് കാളപ്പെട്ടി, സിട്ര വഴി കണിയൂർ ടോൾഗേറ്റിലൂടെ തിരുപ്പൂർ അവിനാശി പോലീസ് പരിധിയിലെത്തിയ കാറിനെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപ്പോഴേക്കും കാർ 40 കിലോമീറ്റർ പിന്നിട്ടിരുന്നു. അത്രയുംസമയം വേൽമുരുകൻ കാറിനുമുകളിൽത്തന്നെ കിടന്നു. തുടർന്ന് കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികളായ ബാബു ധാര, രാജേഷ് കുമാർ, എസ്. സുരേഷ് കുമാർ എന്നിവരെ അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 170 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും ആഡംബര കാറും പിടികൂടി.
ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ധീരപ്രവൃത്തി ദേശീയതലത്തിൽവരെ വാർത്തയായി.
പ്രതികളുമായി പോലീസ് അവിനാശിയിൽ തെളിവെടുപ്പ് നടത്തി. ഇതിൽ രാജേഷ് കുമാർ, സുരേഷ് കുമാർ എന്നിവർ രക്ഷപ്പെടാൻ ശ്രമിക്കുകയും പിന്തുടർന്ന് പിടികൂടുന്നതിനിടെ ഇരുവരുടെയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു.
Published: 30 Sept 2026, 03:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented