കൊഴിഞ്ഞാമ്പാറ : സഹോദരങ്ങളായ രണ്ടു കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (അഞ്ച്), റോബിൻ ക്രിസ്‌റ്റിഫർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30-ന് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലാണ് സംഭവം. വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും രണ്ടുമാസം മുൻപാണ് കൂരാങ്കാട്ടിൽ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോൺകുമാർ പണിക്കുപോയി. നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

To advertise here,

വീടിനു മുൻവശത്ത് ചെറിയ പണികൾ ചെയ്‌തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചു. സമീപവീടുകളിലുൾപ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുമുറ്റത്തെ കുളിമുറിയിൽ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തിൽ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നാണ് പോലീസിനോട് പറഞ്ഞത്. നിവേദ്യയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മേനോൻപാറ ഗവ. യു.പി. സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർഥിനിയായ ജെനിഫർ ജൂലിയറ്റ് കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂളിൽ പോയിരുന്നില്ല. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ തൊട്ടിയിലേക്ക് വീണതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശത്തിൽ വെള്ളംകയറിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ചിറ്റൂർ ഡിവൈ.എസ്‌.പി എം. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറൻസിക് വിദഗ്‌ധരും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. കൊഴിഞ്ഞാമ്പാറ സി.ഐ. എസ്. രജീഷ്, ഗ്രേ‍ഡ് എസ്.ഐ. ആർ. തോമസ് ഔസേപ്പ്, എൻ. ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.