അഗളി : ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ അട്ടപ്പാടിയിലെ ശിരുവാണിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. പുഴ കരകവിഞ്ഞതിനെത്തുടർന്ന് സമീപത്തെ രണ്ട് വീട്ടിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചു. പ്രദേശത്ത് കൃഷിനാശവുമുണ്ടായി. പാലങ്ങൾ വെള്ളത്തിനടിയിലായി ഗതാഗതതടസ്സവും നേരിട്ടു.

To advertise here,

രാത്രി 12-ഓടെയാണ് ശിരുവാണിപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഈ സമയം ശക്തമായ മഴയുണ്ടായിരുന്നു. പുഴയിൽ ജലനിരപ്പുയർന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല. അഗളിയിൽ പുഴയോരത്തോടുചേർന്ന് താമസിക്കുന്ന പേരകത്തുശ്ശേരി ഭുവനേന്ദ്രൻ, വാഴപ്പിള്ളി തോമസ് എന്നിവരുടെ വീടുകളിലാണ് രാത്രി ഒന്നോടെ മലവെള്ളം ഇരച്ചെത്തിയത്. വീട്ടിനകത്തേക്ക് വെള്ളമെത്തിയതോടെ കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. സമീപവാസികളെത്തി ആളുകളെയും വീടിനകത്തെ ഗൃഹോപകരണങ്ങളും മറ്റും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിലേർപ്പെട്ടു. ഇരുവരുടെയും വീടുകളിലെ വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഇലക്‌ട്രോണിക്സ്‌ ഉപകരണങ്ങൾ നശിച്ചു. ഭുവനേന്ദ്രന്റെ കാറും ബൈക്കും പൂർണമായും വെള്ളത്തിൽമുങ്ങി. തോമസിന്റെ വീട്ടുമുറ്റത്തെ കൂട്ടിലുണ്ടായിരുന്ന രണ്ട് പൊമറേനിയൻ നായകൾ രക്ഷപ്പെടാനാകാതെ ചത്തു.

താഴ്ന്ന പ്രദേശമായതുകൊണ്ട് പലഭാഗങ്ങളും വെള്ളത്തിൽ മൂടിയതിനാൽ വീടുകളിലേക്കെത്തിപ്പെടലും ബുദ്ധിമുട്ടായിരുന്നു. വീട്ടുകാർ മുകളിലത്തെ നിലയിലേക്ക് മാറിയതോടെയാണ് അപകടഭീഷണിയൊഴിഞ്ഞത്.

ഭുവനേന്ദ്രനെയും കുടുംബത്തെയും അഗളി പഞ്ചായത്തിലെ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പിലേക്കു മാറ്റിപ്പാർപ്പിച്ചു.

പുലർച്ചെ അഞ്ചോടെയാണ് പുഴയിലെ വെള്ളമിറങ്ങിത്തുടങ്ങിയത്. ശിരുവാണി വനമേഖലയിൽ പെയ്ത കനത്ത മഴയിലാകാം മലവെള്ളപ്പാച്ചിലുണ്ടായതെന്നാണ് കരുതുന്നത്.

2018-ലെ പ്രളയസമാനം

2018-ലെ പ്രളയസമയത്താണ് ഈ പ്രദേശങ്ങളിൽ മുൻപ് സമാന രീതിയിൽ വെള്ളംകയറിയിട്ടുള്ളത്. കൂഴിക്കൂടം, മാറനട്ടി, കുറവൻപാടി പ്രദേശങ്ങളിൽ വൻതോതിൽ കൃഷിനാശവുമുണ്ടായിട്ടുണ്ട്.പുഴ കേന്ദ്രീകരിച്ചുള്ള തുമ്പപ്പാറ കുടിവെള്ളവിതരണ പദ്ധതിയുടെ പൈപ്പുകളും തകരാറിലായിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി അഗളിപഞ്ചായത്ത് പ്രസിഡന്റ് ഷിബുസിറിയക് പറഞ്ഞു.

കാരറ ഗവ. യു.പി. സ്‌കൂളിലെ ചുറ്റുമതിലിനും ഷാജു ചുങ്കത്ത്, സെറിൻ ചാക്കോ എന്നിവരുടെ വീടുകളുടെ ചുറ്റുമതിലിനും തകർച്ചയുണ്ടായി.അട്ടപ്പാടി തഹസിൽദാർ മനോജ്, ഭൂരേഖാ തഹസിൽദാർ ജയചന്ദ്രൻ, അഗളി വില്ലേജോഫീസ് അധികൃതർ എന്നിവരും അഗളി എസ്.ഐ. എച്ച്. ഹർഷിദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മണ്ണാർക്കാട്ടുനിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിബു സിറിയക്, ഡി. ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി ആവശ്യമായ നിർദേശം നൽകി. വഴിയിലെ യാത്രതടസ്സം നീക്കി സ്ഥിതിഗതി ശാന്തമാക്കി.

മൂന്ന് പാലം മുങ്ങി; ഗതാഗതതടസ്സവും

ശക്തമായ മലവെള്ളപ്പാച്ചിലിൽ അഗളി-ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കടവ് പാലം, നെല്ലിപ്പതിയിലെ നൂറേക്കർപാലം, അഗളിയിലെ സാമ്പാർക്കോട് പാലം എന്നിവ വെള്ളത്തിൽമുങ്ങി. മരങ്ങളും മറ്റും വന്നടിഞ്ഞ് പാലങ്ങളുടെ കൈവരികൾക്കും മറ്റും കേടുപാടുണ്ടായിട്ടുണ്ട്.

രാവിലെ പത്തോടെയാണ് പാലങ്ങളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടത്. സാമ്പാർക്കോട് പാലത്തിന്റെ താത്കാലിമായിട്ടുള്ള യാത്രാസംവിധാനവും പാടേ തകർന്നു. പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടെയുള്ളവർക്ക് കോട്ടത്തറവഴിയോ നൂറേക്കർപാലംവഴിയോ ചുറ്റിവളഞ്ഞുവേണം ഇനി അഗളിയിലെത്തിച്ചേരാൻ.

പാലങ്ങളിൽ വന്നടിഞ്ഞ മരങ്ങളും മറ്റ്‌ തടസ്സങ്ങളും വളരെ ശ്രമകരമായാണ് അഗ്്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും നീക്കംചെയ്തത്.