വീതി കുറവ്, കൈവരിയുമില്ല

To advertise here,

ആനക്കര : കുമ്പിടി-കുറ്റിപ്പുറം റോഡിലെ ആലിൻചുവട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ നടപടിയില്ല. റോഡിനെ അപേക്ഷിച്ച് വീതി കുറഞ്ഞ പാലവും അപകടകരമായ വളവുമാണ് വാഹനയാത്രക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. പാലത്തിന്റെ ഇരുവശങ്ങളിലും മതിയായ സുരക്ഷാ കൈവരികളില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.

പാലത്തിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആനക്കര വെള്ളാളൂർ സ്വദേശിനി ഷഹർബാൻ (28) മരിച്ചതോടെയാണ് പാലത്തിന്റെ സുരക്ഷ വീണ്ടും ചർച്ചയാകുന്നത്. വാഹനങ്ങൾ തമ്മിൽ വശം ചേർന്ന് കടന്നുപോകുമ്പോൾ പാലത്തിലെ പരിമിതമായ വീതി പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വളവായതിനാൽ എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങളെ നേരത്തേ കാണാനും കഴിയാത്ത സ്ഥിതിയുണ്ട്.

പാലത്തിന്റെ ബലക്ഷയവും ആശങ്ക ഉയർത്തുന്നതാണ്. കോൺക്രീറ്റ് അടർന്നതും വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടതും കാണാം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യവും ശക്തമാണ്. ഇത് ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ പല തവണ വാർത്ത നൽകിയിരുന്നു. പാലം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് വർഷങ്ങൾക്കുമുൻപ്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ഇതിനിടെ പാലത്തിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങൾ ആവർത്തിക്കുന്നതിന് മുൻപ്‌ പാലത്തിന്റെ സുരക്ഷയും യാത്രകാരുടെ സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.