ഓടയ്ക്കാലി : ചൊവ്വാഴ്ച വൈകീട്ടുണ്ടായ കാറ്റിൽ തകർന്നുവീണ് അപകടഭീഷണിയായി നിൽക്കുന്ന ഓടയ്ക്കാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയം പൊളിച്ചുനീക്കാൻ തീരുമാനം. ഇതിനായി ജില്ലാ ദുരന്തനിവാരണ നിധിയിൽനിന്ന് 25,000 രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് മൂന്നുദിവസത്തേക്ക് സ്കൂളിന് അവധി നൽകിയിരിക്കുകയാണ്.

To advertise here,

സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയശേഷം യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഓഡിറ്റോറിയത്തിന്റെ തകർന്ന ഭാഗങ്ങൾക്കൊപ്പം ഇരുമ്പുപൈപ്പുകളും ഷീറ്റുകളും ഉൾപ്പെടെ മുറിച്ച് നീക്കംചെയ്യും. ജില്ലാ പഞ്ചായത്തംഗം മുബാസ് ഓടയ്ക്കാലി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, എക്സിക്യുട്ടീവ് എൻജിനിയർ സാറാ സൂര്യ ജോർജ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഗീതാ സുബ്രൻ തുടങ്ങിയവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെചേർന്ന ജില്ലാ ദുരന്തനിവാരണസമിതി യോഗത്തിൽ മനോജ് മൂത്തേടൻ എം.എൽ.എ., ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരും പങ്കെടുത്തു. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾവിട്ട ഉടനെയാണ് ഷീറ്റ് മേഞ്ഞ 4000 ചതുരശ്രയടി വലുപ്പമുള്ള ഓഡിറ്റോറിയം തകർന്നുവീണത്. സമീപത്തെ തെങ്ങുകളിൽ ചാരിനിന്നതിനാൽ മേൽക്കൂര നിലംതൊട്ടില്ല. ഇരുമ്പുപൈപ്പുകൾ കൊണ്ട് നിർമിച്ച തൂണുകൾ വളഞ്ഞുപോയി. നാലുകൊല്ലം മുൻപ് നിർമിച്ച ഓഡിറ്റോറിയത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.