പട്ടാമ്പി : മഴ വിട്ടുനിന്നതോടെ പട്ടാമ്പിയിലെ പുതിയപാലം നിർമാണം പുനരാരംഭിച്ചു. പാലത്തിന്റെ തൂണുകളുടെ നിർമാണം നടക്കുന്ന ഭാഗത്താണ് പ്രവൃത്തി പുനരാരംഭിച്ചത്. തൃത്താലഭാഗത്തെ തൂണുകളുടെ പ്രവൃത്തിയാണ് നിലവിൽ തുടങ്ങിയിട്ടുള്ളത്. ഇതിനായി ജെ.സി.ബി. അടക്കമുള്ള വാഹനഹങ്ങളും പുഴയിലെത്തിച്ചിട്ടുണ്ട്. തൂണുകൾക്ക് മേൽഭാഗത്ത് കോൺക്രീറ്റിങ്ങിനുള്ള പ്രവൃത്തിയും സമീപത്ത് ആരംഭിച്ചിട്ടുണ്ട്.

To advertise here,

പട്ടാമ്പിയിലെ പഴയപാലത്തിന് സമീപം തൃത്താല ഗ്രാമപ്പഞ്ചായത്തിനെയും പട്ടാമ്പി നഗരസഭയെയും ബന്ധിപ്പിച്ചാണ് പുതിയപാലം വരുന്നത്. പഴയകടവിനോട് ചേർന്ന് റെയിൽവേ കമാനത്തെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ തൂണുകളുടെ നിർമാണം മഴക്കാലത്തിന് മുൻപുതന്നെ ആരംഭിച്ചിരുന്നു. കാലവർഷം തുടങ്ങിയതോടെയാണ് നിർമാണം നിർത്തിവെച്ചത്. മഴയുടെ ശക്തികുറഞ്ഞതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്. ഓരോ മഴക്കാലത്തും പട്ടാമ്പിപാലത്തിന് മുകളിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെടാൻ തുടങ്ങിയതോടെയാണ് പുതിയപാലം വേണമെന്ന ആവശ്യം ശക്തമായത്. ഒരു പതിറ്റാണ്ടിലധികമായി പുതിയപാലമെന്ന ആവശ്യം ഉയർന്നുവരികയും നടപടി തുടങ്ങുകയും ചെയ്‌തെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. തുടർന്നാണ് കഴിഞ്ഞസർക്കാരിന്റെ കാലത്ത് ഫണ്ടനുവദിച്ചത്. 69.16 സെന്റ് ഭൂമിയാണ് പാലത്തിനായി ഏറ്റെടുക്കേണ്ടത്. ഇതിന്റെ നടപടി പൂർത്തിയായി വരികയാണ്.

നിലവിൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ അതിർത്തിപ്രദേശത്ത് കുപ്പിക്കഴുത്തായാണ് പട്ടാമ്പി പാലമുള്ളത്. വർഷങ്ങൾക്കുമുൻപ് അന്നത്തെ ഗതാഗതത്തിരക്കനുസരിച്ച് കോസ്‌വേ (താണപാലം) ആയാണ് പാലം പണിതിട്ടുള്ളത്. വർഷങ്ങൾക്കുശേഷം വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ പട്ടാമ്പി ടൗണിലേക്കടക്കം ഗതാഗതത്തിരക്ക് കൂടാൻതുടങ്ങി. പാലത്തിലെ ഗതാഗതത്തിരക്ക് ടൗണിലേക്കും നീളുന്ന സ്ഥിതിയാണ്. പുതിയപാലംവന്നാൽ മാത്രമേ പട്ടാമ്പിയിലെ ഗതാഗതക്കുരുക്കിന് ആശ്വാസം കാണാനാവുകയുള്ളൂ.