നാലുമാസത്തിനിടെ കടിയേറ്റ് ചത്തത് 40-ലേറെ വളർത്തുമൃഗങ്ങൾ

To advertise here,

മനിശ്ശീരി : വാണിയംകുളം പഞ്ചായത്ത് പരിധിയിൽ നാലുമാസത്തിനിടെ തെരുവുനായ ആക്രമണത്തിൽ ചത്തത് 40-ലേറെ വളർത്തുമൃഗങ്ങൾ. ഇതിൽ രണ്ട് പശുവിന്‌ പേവിഷബാധയും ഉണ്ടായി. വയോധികനും ഒന്നരവയസ്സുകാരനും ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേൽക്കുകയും ചെയ്തു.

കോതയൂർ ചൂരക്കാട്ടിൽ അയ്യപ്പന്റെ 22 വളർത്തുമൃഗങ്ങളെയാണ് തെരുവുനായകൾ കടിച്ചുകൊന്നത്. ഒറ്റദിവസം നടത്തിയ ആക്രമണത്തിൽ എട്ട് ആടുകളെയാണ് കൂട്ടിൽ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് ഗുരുതരപരിക്കേറ്റ അഞ്ച് ആടുകളും ചാവുകയായിരുന്നു. ഇതിനുമുൻപ് രണ്ട് പശുക്കുട്ടികളെയും ആറ് ആടുകളെയും കടിച്ചു കൊന്നിരുന്നു.

എടക്കോട് പനയൂരിൽ ഫാമിലെ തൊഴുത്തിൽ കെട്ടിയിട്ട പശുവിനെയും മൂരിക്കുട്ടിയെയും കടിച്ചുകൊന്നിരുന്നു. ഇതേ ഫാമിൽത്തന്നെ മറ്റൊരു പശുക്കുട്ടിയെയും കടിച്ചുകൊന്നു. വാണിയംകുളം നോർത്ത് റോഡ് അബുതാഹിറിന്റെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്നിരുന്നു.

ഗുരുതരപരിക്കേറ്റ മൂന്ന് ആട്ടിൻകുട്ടികൾ പിന്നീട് ചാവുകയും ചെയ്തു. വാണിയംകുളത്ത് ഒന്നര വയസ്സുകാരനും ആറംകുളത്ത് വയോധികനും പനയൂരിൽ യുവതിക്കും ഉൾപ്പെടെ അഞ്ചുപേർക്ക് കടിയേൽക്കുകയും ചെയ്തു. കോട്ടക്കുളം പനയൂരിൽ രണ്ട് പശു പേവിഷബാധയേറ്റ് ചാവുകയും ചെയ്തു. പഞ്ചായത്തിലെ വാണിയംകുളം, മനിശ്ശീരി, പനയൂർ മിനിപ്പടി, വായനശാല, ചോറോട്ടൂർ, ചന്ത, കൂനത്തറ പ്രദേശങ്ങളുൾപ്പെടെയുള്ള ഭാഗത്താണ് കൂടുതലായി തെരുവുനായ ശല്യമുള്ളത്.

പരസ്പരം കടികൂടുകയും ഇതുവഴി പോകുന്ന കാൽനടയാത്രികരോട് കുരച്ച് ചാടിയുമെല്ലാം നാട്ടുകാരെ വട്ടംചുറ്റിക്കയാണ് തെരുവുനായക്കൂട്ടങ്ങൾ. നായകളെ ഓടിക്കാൻ ശ്രമിച്ചാൽ ഇവ കൂടുതൽ അപകടകാരികളാവുകയാണ്. തെരുവുനായ ശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിഹരിക്കാൻവേണ്ട നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ പറഞ്ഞു.